രേഖകളില്ലാതെ രാജ്യത്ത് തുടരുന്ന അഞ്ച് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസിക്കാനും ജോലി ചെയ്യാനുമുള്ള നിയമപരമായ അനുമതി നല്‍കുമെന്ന് സ്‌പെയിനിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ, ആവശ്യമായ രേഖകള്‍ പൂര്‍ത്തിയാക്കുന്നതിനായി ബാഴ്‌സലോണയിലെ പല തെരുവുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നിയമപരമായ താമസാനുമതി ലഭിക്കുന്നതിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. ഇതിനായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാന്‍ നഗരത്തിലെ ഈക്‌സാംപിള്‍ ഡിസ്ട്രിക്റ്റിലുള്ള പാകിസ്ഥാന്‍ കോണ്‍സുലേറ്റിന് മുന്നില്‍ നിരവധി പാക് പൗരന്മാരാണ് തടിച്ചുകൂടിയത്.

പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അനധികൃത കുടിയേറ്റക്കാര്‍ക്ക് ഒരു വര്‍ഷം വരെ സ്‌പെയിനില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും അനുമതി നല്‍കുമെന്ന് അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് ആവശ്യമായ രേഖകള്‍ സമ്പാദിക്കുന്നതിനായി വിവിധ രാജ്യങ്ങളുടെ എംബസികള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ് ദൃശ്യമാകുന്നത്. ഇതില്‍ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്നത് പാകിസ്ഥാന്‍ എംബസിക്ക് മുന്നിലാണ്.

സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ അതിശക്തമായ നിലപാടുമായാണ് വലതുപക്ഷ പാര്‍ട്ടിയായ വോക്‌സ് രംഗത്തെത്തിയിരിക്കുന്നത്. അധിനിവേശത്തെ സാഞ്ചസ് പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച വോക്‌സ് പാര്‍ട്ടി നേതാവ് സാന്റിയാഗോ അബാസ്‌കല്‍, പ്രധാനമന്ത്രി സ്പാനിഷ് ജനതയെ വഞ്ചിക്കുകയാണെന്നും കുറ്റപ്പെടുത്തി. ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് കൂടി ഈ നടപടിയെ അപലപിച്ച് രംഗത്തെത്തിയതോടെ മസ്‌കും സാഞ്ചസും തമ്മില്‍ ഓണ്‍ലൈന്‍ വാക്‌പോരും ആരംഭിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള രാഷ്ട്രീയക്കളിയാണ് ഇതെന്നാണ് സ്‌പെയിനിലെ വലതുപക്ഷം ഉയര്‍ത്തുന്ന പ്രധാന ആരോപണം. തങ്ങളെ എതിര്‍ക്കാനായി അഞ്ച് ലക്ഷം കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ നിയമസാധുത നല്‍കുകയാണെന്ന് അവര്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാന്‍ മൈല്‍സ് ചിയോങ് എന്ന വ്യക്തി ഇട്ട എക്‌സ് (X) പോസ്റ്റിലാണ് ഇലോണ്‍ മസ്‌ക് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

സര്‍ക്കാരിന്റെ നീക്കം ലളിതമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു; ഇപ്പോള്‍ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് രാജ്യത്ത് കഴിയാന്‍ നിയമസാധുത നല്‍കുന്നു, തൊട്ടുപിന്നാലെ അവര്‍ക്ക് സ്പാനിഷ് പൗരത്വവും നല്‍കും. കേവലം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവര്‍ക്ക് പൗരത്വം ലഭിച്ചേക്കാം. അതായത്, തങ്ങള്‍ക്ക് അനുകൂലമായ വോട്ടുകള്‍ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്ന് വലതുപക്ഷ അനുഭാവികള്‍ ആരോപിക്കുന്നു.

ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വോക്‌സ് പാര്‍ട്ടി വക്താവ് വ്യക്തമാക്കി. അതേസമയം, സ്പാനിഷ് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കുടിയേറ്റം അനിവാര്യമാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. പ്രധാന പ്രതിപക്ഷ കക്ഷിയായ പോപ്പുലര്‍ പാര്‍ട്ടിയും ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.