ന്യൂഡല്‍ഹി: വാഷിംഗ്ടണും കാരക്കാസും തമ്മിലുള്ള രാഷ്ട്രീയ മഞ്ഞുരുകല്‍ ആഗോള എണ്ണ വിപണിയുടെ ഭൂമിശാസ്ത്രം മാറ്റിയെഴുതുകയാണ്. ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യയെ വെനിസ്വേലന്‍ വിപണിയിലേക്ക് തിരിച്ചുവിടുക എന്ന ട്രംപിന്റെ പ്രസ്താവന കേവലം ഒരു വ്യാപാര തന്ത്രമല്ല, മറിച്ച് കൃത്യമായ രാഷ്ട്രീയ നീക്കമാണ്.

യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടയ്ക്കാനും, ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താനും ഇന്ത്യയെ കൂട്ടുപിടിക്കുകയാണ് അമേരിക്ക. 5.2 ബില്യണ്‍ ഡോളറിന്റെ എണ്ണ ഇടപാടിലൂടെ വെനിസ്വേലന്‍ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമ്പോള്‍ അതിന്റെ പ്രധാന ഗുണഭോക്താവായി ഇന്ത്യയെ പ്രതിഷ്ഠിക്കാനാണ് വാഷിംഗ്ടണ്‍ ആഗ്രഹിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വെനിസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി നടത്തിയ ചര്‍ച്ചകള്‍ ഈ നീക്കത്തിന് അടിവരയിടുന്നു. മഡുറോ ഭരണകൂടത്തിന്റെ പതനത്തിന് ശേഷം വെനിസ്വേലയില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യം ഇന്ത്യക്ക് അനുകൂലമാണ്. മുമ്പ് വെനിസ്വേലയില്‍ നിന്ന് വലിയ തോതില്‍ എണ്ണ വാങ്ങിയിരുന്ന ഇന്ത്യക്ക് അമേരിക്കന്‍ ഉപരോധം വലിയ തിരിച്ചടിയായിരുന്നു.

ഇപ്പോള്‍ ഉപരോധം നീങ്ങുന്നതോടെ കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ ലഭ്യമാകുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും ആശ്വാസമാകും. എന്നാല്‍, റഷ്യയുമായുള്ള സുഹൃദ്ബന്ധവും ഇറാനുമായുള്ള തന്ത്രപരമായ ഇടപാടുകളും നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ വെനിസ്വേലന്‍ എണ്ണയിലേക്ക് ചുവടുമാറ്റുമെന്നതാണ് മോദി സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി.

ട്രംപിന്റെ വാക്കുകള്‍ ശരിയാണെങ്കില്‍, വരും മാസങ്ങളില്‍ ഏഷ്യയിലെ എണ്ണ വിതരണ ശൃംഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. ചൈനയെ കൂടി ഈ എണ്ണ ഇടപാടിലേക്ക് സ്വാഗതം ചെയ്തതിലൂടെ ഏഷ്യന്‍ വിപണിയെ വെനിസ്വേലന്‍ ക്രൂഡിലേക്ക് അടുപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം. ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, മോദിയും ഡെല്‍സി റോഡ്രിഗസും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ത്യയുടെ താത്പര്യം വ്യക്തമാക്കുന്നു.

ഊര്‍ജ്ജ സുരക്ഷയില്‍ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിടുന്ന ഇന്ത്യക്ക് വെനിസ്വേല ഒരു വജ്രായുധമാണ്. അതേസമയം, അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കും സ്വന്തം വിദേശനയത്തിനും ഇടയില്‍ നൂല്‍പ്പാലത്തിലൂടെയുള്ള സഞ്ചാരമായിരിക്കും ഇന്ത്യക്ക് ഇനി വരാനിരിക്കുന്ന ദിവസങ്ങള്‍.