മോസ്‌കോ: റഷ്യന്‍ എണ്ണ ഉപേക്ഷിച്ച് അമേരിക്കന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ ധാരണയിലെത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം ഉയര്‍ത്തിയ രാഷ്ട്രീയ പുകമറ റഷ്യന്‍ പ്രതികരണത്തോടെ നീങ്ങുന്നു. ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുമെന്നും റഷ്യ വ്യക്തമാക്കി. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന പലരുടേയും കണക്കുകൂട്ടലുകള്‍ ഇതോടെ പാളി.

'ഇന്ത്യയ്ക്ക് എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും നല്‍കുന്ന ഏക വിതരണക്കാര്‍ റഷ്യയല്ലെന്നു ഞങ്ങള്‍ക്ക് നന്നായി അറിയാം. ഇന്ത്യ എല്ലാക്കാലത്തും ഈ ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വാങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഇതില്‍ പുതുമയൊന്നും ഞങ്ങള്‍ കാണുന്നില്ല' - റഷ്യയുടെ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്‌കോവ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ റഷ്യ വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി പകരം യുഎസില്‍ നിന്ന് വാങ്ങാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചുവെന്ന ട്രംപിന്റെ പ്രഖ്യാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന് കരുതിയവര്‍ ഇതുകേട്ട് ഞെട്ടി.

നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്ത്യയ്ക്കു ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ചുകൊണ്ട് യുഎസ് വ്യാപാരക്കരാറിന് ധാരണയായത്. ഓഗസ്റ്റില്‍ ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50% തീരുവയാണ് ഇതോടെ കുറഞ്ഞത്. എന്നാല്‍ ഈ കരാറിന്റെ മറവില്‍ റഷ്യയെ ഇന്ത്യയുടെ എണ്ണ വിപണിയില്‍ നിന്ന് പുറത്താക്കാമെന്ന അമേരിക്കന്‍ നീക്കം റഷ്യയുടെ നയതന്ത്രപരമായ പ്രതികരണത്തോടെ ഫലം കാണാതെ പോയി. തങ്ങളുടെ എണ്ണവിപണി വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സ്വാഭാവികമായ നടപടിയായി കണ്ട് പിന്തുണയ്ക്കുന്ന നിലപാടാണ് മോസ്‌കോ സ്വീകരിച്ചത്. ഇതോടെ വ്യാപാര കരാറിന്റെ പേരില്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച രാജ്യത്തെ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയും ഒടിഞ്ഞു.

അതിനിടെ അമേരിക്ക വിചാരിച്ചാല്‍ റഷ്യന്‍ എണ്ണയുടെ വിടവ് നികത്താനാകില്ലെന്ന് റഷ്യന്‍ നാഷണല്‍ എനര്‍ജി സെക്യൂരിറ്റി ഫണ്ടിലെ വിദഗ്ദ്ധന്‍ ഇഗോര്‍ യൂഷ്‌കോവ് ചൂണ്ടിക്കാട്ടി. റഷ്യ പ്രതിദിനം 1.5 മുതല്‍ 2 ദശലക്ഷം ബാരല്‍ വരെ എണ്ണയാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. അമേരിക്കയ്ക്ക് ഈ അളവ് എത്തിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, റഷ്യന്‍ എണ്ണയായ 'യുറാല്‍സ് ക്രൂഡിന്റെ' സവിശേഷ ഘടന ഇന്ത്യന്‍ റിഫൈനറികള്‍ക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര തലത്തില്‍ റഷ്യയെ പിണക്കാതെ തന്നെ വ്യാപാര കരാര്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ഇന്ത്യയുടെ നീക്കം. ഇതോടെ, ഇന്ത്യയെ പൂര്‍ണ്ണമായും റഷ്യന്‍ പാളയത്തില്‍ നിന്ന് അടര്‍ത്തി മാറ്റാമെന്ന വൈറ്റ്ഹൗസിന്റെ മോഹം തത്കാലം ഫലിക്കില്ലെന്നുറപ്പാവുകയാണ്.

ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ പൂര്‍ണമായും അവസാനിപ്പിച്ചു എന്ന യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ റഷ്യ രംഗത്ത് വന്നിരുന്നു. തങ്ങളുടെ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന് ഒരറിയിപ്പും ഇതു വരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എണ്ണ വാങ്ങല്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇന്ത്യയില്‍ നിന്നും ഔദ്യോഗിക വിവരമൊന്നും ലഭിച്ചില്ലെന്നാണ് റഷ്യന്‍ വക്താവ് ദിമിത്രി പ്രതികരിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ റഷ്യ സൂക്ഷ്മമായി വിശലകനം ചെയ്യുന്നുണ്ടെന്നും പ്രതികരിച്ചിരുന്നു. ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് തങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നു ദിമിത്രി വിശദീകരിച്ചിരുന്നു.

റഷ്യന്‍ എണ്ണയ്ക്ക് പകരമായി ഇന്ത്യ യുഎസില്‍ നിന്നും വെനസ്വേലയില്‍നിന്നും കൂടുതല്‍ എണ്ണ വാങ്ങാന്‍ സമ്മതിച്ചെന്നാണ് ട്രംപിന്റെയും വൈറ്റ് ഹൗസിന്റെയും അവകാശവാദം. എന്നാല്‍ ഇന്ത്യ ഇതിനോടു പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റഷ്യ പ്രതികരണവുമായി എത്തിയത് എന്നത് ശ്രദ്ധേയമാണ്.