ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഇന്ത്യയ്ക്ക് പിന്നാലെ നേട്ടമുണ്ടാക്കി അയല്‍രാജ്യമായ ബംഗ്ലാദേശും. ബംഗ്ലാദേശിന്റെ നിലവില്‍ 20 ശതമാനമായിരുന്ന തീരുവ 19 ശതമാനമായി കുറയ്ക്കാനാണ് ധാരണയായത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതിന് തൊട്ടുപിന്നാലെയാണ് ബംഗ്ലാദേശ് തങ്ങള്‍ക്കും ഇളവുകള്‍ വേണമെന്ന ആവശ്യവുമായി വാഷിംഗ്ടണിനെ സമീപിച്ചത്. ചില തുണിത്തരങ്ങളുടെ കയറ്റുമതി തീരുവ ബംഗ്ലാദേശിന് പൂര്‍ണ്ണമായും കുറയ്ക്കുകയും ചെയ്തു.

ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ വെറും രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഈ നിര്‍ണ്ണായക പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. പുതിയ നീക്കത്തോടെ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഏതാണ്ട് ഒരേ നിരക്കിലുള്ള തീരുവയായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 18 ശതമാനമാണ് നിലവിലെ യുഎസ് തീരുവ. അമേരിക്കന്‍ അസംസ്‌കൃത വസ്തുക്കള്‍ (കോട്ടണ്‍, നൂല്‍ തുടങ്ങിയവ) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന തുണിത്തരങ്ങള്‍ക്കാണ് ബംഗ്ലാദേശിന് പ്രധാനമായും തീരുവയില്‍ ഇളവ് ലഭിക്കുക.

വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര ഇടനാഴിയായ ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന യുഎസ് കപ്പലുകള്‍ ഇറാന്‍ തീരം ഒഴിവാക്കണമെന്നാണ് കര്‍ശന നിര്‍ദ്ദേശം. ഇറാന്‍-യുഎസ് സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കപ്പലുകള്‍ ഒമാന്‍ തീരത്തോട് ചേര്‍ന്ന് സഞ്ചരിക്കണമെന്നും ഇറാന്‍ സൈന്യം കപ്പലുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ബലം പ്രയോഗിച്ച് തടയരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നേരത്തെ ഇസ്രായേല്‍ യുദ്ധസമയത്ത് ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ നിലവില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ ഇറാന്‍ ഈ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഉപരോധങ്ങള്‍ പൂര്‍ണ്ണമായി നീക്കിയാല്‍ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ വലിയ ഉണര്‍വാണ് പ്രകടമാകുന്നണ്ട്. എസ്ബിഐയുടെ മികച്ച സാമ്പത്തിക ഫലങ്ങളും വിദേശ നിക്ഷേപകര്‍ വീണ്ടും ഓഹരികള്‍ വാങ്ങിത്തുടങ്ങിയതും വിപണിക്ക് കരുത്തേകുന്നു. അമേരിക്കന്‍ വിപണിയിലെ ഡോ സൂചിക റെക്കോര്‍ഡ് ഉയരത്തിലാണ്. ടെക്‌നോളജി കമ്പനികളായ എന്‍വിഡിയ, ഒറാക്കിള്‍ തുടങ്ങിയവയുടെ മികച്ച പ്രകടനം ആഗോള വിപണികളിലും പ്രതിഫലിക്കുന്നുണ്ട്.

റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് കുതിക്കുമെന്ന് കരുതിയ സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 5,082 ഡോളര്‍ വരെ ഉയര്‍ന്ന വില പിന്നീട് 5,042 ഡോളറിലേക്ക് താഴ്ന്നു. എങ്കിലും 5,000 ഡോളറിന് മുകളില്‍ തന്നെയാണ് നിലവില്‍ സ്വര്‍ണ്ണത്തിന്റെ വ്യാപാരം നടക്കുന്നത്. ക്രൂഡ് ഓയില്‍ വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.