- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ വിജയം നിങ്ങളുടെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ്'; ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ തുടരും; താരിഖ് റഹ്മാനേയും ബിഎന്‍പിയേയും അഭിന്ദിച്ച് മോദി നയതന്ത്രം; ബംഗ്ലാദേശും ഇന്ത്യയും ഭായി-ഭായി ആകുമോ?

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ താരിഖ് റഹ്‌മാനെയും ബി.എന്‍.പി.യെയും അഭിനന്ദനങ്ങളാല്‍ മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേവല ഭൂരിപക്ഷവും കടന്ന് 209 സീറ്റുകളുമായി ബി.എന്‍.പി. സഖ്യം അധികാരം പിടിച്ചടക്കിയതോടെ, നയതന്ത്ര ലോകം ഉറ്റുനോക്കിയ ചുവടുവെപ്പാണ് മോദി നടത്തിയത്. 'ഈ വിജയം നിങ്ങളുടെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ്' എന്ന് എക്‌സില്‍ കുറിച്ച മോദി, അയല്‍രാജ്യവുമായുള്ള ബന്ധത്തില്‍ പുതിയൊരു അധ്യായം തുറക്കാനുള്ള സന്നദ്ധത വ്യക്തമാക്കി. ഹസീനയുടെ പതനത്തിന് ശേഷം ഇന്ത്യയുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലുകള്‍ നികത്താന്‍ പുതിയ സൗഹൃദത്തിന്റെ കരങ്ങളാണ് ഭാരതം നീട്ടുന്നത്.
ബംഗ്ലദേശിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിഎന്‍പിയെ നിര്‍ണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്‌മാന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നാണ് മോദി എക്‌സില്‍ കുറിച്ചത്. ഈ വിജയം നിങ്ങളുടെ നേതൃത്വത്തെക്കുറിച്ച് ബംഗ്ലദേശിലെ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് മോദി ഉറപ്പുനല്‍കി. നമ്മുടെ ബഹുമുഖ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും പൊതുവായ വികസന ലക്ഷ്യങ്ങള്‍ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഹസീന അധികാരത്തിലിരുന്നപ്പോള്‍ വ്യാപാരം, ഗതാഗതം, അതിര്‍ത്തി സുരക്ഷ, ജലകൈമാറ്റ കരാറുകള്‍ എന്നിവയില്‍ ഇരുരാജ്യങ്ങളും സുസ്ഥിരമായ ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ 2001-2006 കാലഘട്ടത്തിലെ ബിഎന്‍പി ഭരണകാലത്തുണ്ടായ അതിര്‍ത്തി കടന്നുള്ള തീവ്രവാദവും 2004ലെ ചിറ്റഗോംഗ് ആയുധക്കടത്തും ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഒരു റീസെറ്റ് വേണമെന്നും ഭീകരവിരുദ്ധ പോരാട്ടം, തീസ്ത നദീജല കരാര്‍, ഹിന്ദു ന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നിവയില്‍ സഹകരിക്കുമെന്നും താരിഖ് റഹ്‌മാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന്റെ 'ബംഗ്ലദേശ് ഫസ്റ്റ്' നയം പഴയതുപോലെയുള്ള തന്ത്രപരമായ ഐക്യമുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ താരിഖ് റഹ്‌മാന്റെ ഉദയത്തോടെ മേഖലയില്‍ സുസ്ഥിരത വരുമെന്നാണ് ഡല്‍ഹിയുടെ പ്രതീക്ഷ. ജനാധിപത്യപരവും പുരോഗമനപരവുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ എന്നും ഉണ്ടാകുമെന്ന് മോദി ഉറപ്പുനല്‍കി. വ്യാപാരം, അതിര്‍ത്തി സുരക്ഷ, ഭീകരവിരുദ്ധ പോരാട്ടം എന്നിവയില്‍ ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ പുറത്താകലിന് പിന്നാലെ തകര്‍ന്ന അതിര്‍ത്തി സുരക്ഷയും അനധികൃത കുടിയേറ്റവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഈ സൗഹൃദം അനിവാര്യമാണ്.
ഒരു പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ വേട്ടയാടലുകള്‍ക്കും ലണ്ടനിലെ പ്രവാസ ജീവിതത്തിനും ഒടുവില്‍ 2025 അവസാനത്തോടെ രാജ്യത്ത് തിരിച്ചെത്തിയ താരിഖ് റഹ്‌മാന്‍, ബംഗ്ലാദേശിന്റെ രക്ഷകനായി മാറുന്ന കാഴ്ചയാണ് വോട്ടെണ്ണല്‍ ഫലങ്ങള്‍ കാണിക്കുന്നത്. ഹസീനയുടെ 'ഉരുക്കുമുഷ്ടി'യില്‍ നിന്ന് മോചിതരായ യുവജനത കൂട്ടത്തോടെ ബി.എന്‍.പി.യെ തുണച്ചു. താരിഖ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ലഭിച്ചത്. പ്രധാനമന്ത്രി പദത്തില്‍ ഒരാള്‍ക്ക് പരമാവധി 10 വര്‍ഷം മാത്രം കാലാവധി നിശ്ചയിക്കുന്നതടക്കമുള്ള വിപ്ലവകരമായ പരിഷ്‌കാരങ്ങളാണ് ബി.എന്‍.പി. മുന്നോട്ടുവെച്ചിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ ബി.എന്‍.പി. ഭരണകാലത്ത് ഇന്ത്യക്കെതിരെ നടന്ന നീക്കങ്ങള്‍ ഡല്‍ഹിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഒരു 'റീസെറ്റ്' വേണമെന്നാണ് താരിഖ് റഹ്‌മാന്റെ നിലപാട്. ഭീകരവിരുദ്ധ പോരാട്ടം, തീസ്ത നദീജല കരാര്‍, ഹിന്ദു ന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നിവയില്‍ സഹകരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്കിലും, അദ്ദേഹത്തിന്റെ 'ബംഗ്ലാദേശ് ഫസ്റ്റ്' നയം പഴയ തന്ത്രപരമായ ഐക്യത്തെ എങ്ങനെ ബാധിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നു. തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ പുനരുദ്ധരിക്കുക എന്ന ഹിമാലയന്‍ വെല്ലുവിളിയാണ് പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.


