ബെര്‍ലിന്‍: ജര്‍മനിയില്‍ നടക്കുന്ന പ്രശസ്തമായ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ പാക്കിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ തിരിച്ചറിയല്‍ കാര്‍ഡ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ തടയാന്‍ ശ്രമിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍. മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് മുനീറും സംഘവും എത്തിയത്. തിരിച്ചറിയല്‍ കാര്‍ഡ് കൃത്യമായി ധരിക്കാത്തതിനെത്തുടര്‍ന്ന് പ്രവേശന കവാടത്തില്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തടയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തിരിച്ചറിയല്‍ കാര്‍ഡ് വ്യക്തമായി കാണുന്ന രീതിയില്‍ ധരിക്കാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കോണ്‍ഫറന്‍സ് ഹാളിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്തെത്തിയപ്പോള്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ മുനീറിന്റെ നെഞ്ചിലെ ഐഡി കാര്‍ഡ് ചൂണ്ടിക്കാട്ടി അത് തിരിച്ചുവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്റെ നിര്‍ദേശം പാലിച്ചതിന് ശേഷമാണ് സൈനിക മേധാവിക്കും സംഘത്തിനും അകത്തേക്ക് പ്രവേശിക്കാനായത്.

ഫീല്‍ഡ് മാര്‍ഷല്‍ മുനീറിനെ സമ്മേളനത്തിലേക്കു ക്ഷണിച്ചതിനെതിരെ ജര്‍മനി ആസ്ഥാനമായുള്ള 'ജിയേ സിന്ധ് മുത്തഹിദ മഹാസ്' എന്ന രാഷ്ട്രീയ സംഘടന പ്രതിഷേധിച്ചു. സമ്മേളനം നടന്ന വേദിക്കു പുറത്ത് സംഘടനാ അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പാകിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന സിന്ധി രാഷ്ട്രീയ സംഘടനയായ 'ജേ സിന്ധ് മുത്തഹിദ മഹാസ്' ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ആഗോള സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വേദിയില്‍ അസിം മുനീറിനെപ്പോലൊരാള്‍ പങ്കെടുക്കുന്നത് ഖേദകരമാണ്. പാക്കിസ്ഥാനിലെ സൈനിക ഇടപെടലുകളും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര സമൂഹം ഗൗരവമായി കാണണം. സംഘടനയുടെ ചെയര്‍മാന്‍ ഷാഫി ബുര്‍ഫത്ത് ഇതുസംബന്ധിച്ച് ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍, ജര്‍മന്‍ സര്‍ക്കാര്‍ എന്നിവര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. പാക് സൈന്യത്തിന്റെ നടപടികളില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ലോകനേതാക്കളും നയതന്ത്രജ്ഞരും സുരക്ഷാ വിദഗ്ധരും ഒത്തുചേരുന്ന ലോകത്തിലെ പ്രധാനപ്പെട്ട സുരക്ഷാ വേദികളിലൊന്നാണ് മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫറന്‍സ്. രാജ്യാന്തര സമാധാനവും സുരക്ഷാ വെല്ലുവിളികളും ചര്‍ച്ച ചെയ്യാനാണ് ഈ സമ്മേളനം വര്‍ഷംതോറും സംഘടിപ്പിക്കാറുള്ളത്.