സ്രായേലി ചാര സീരീസായ ടെഹ്‌റാന്റെ പ്രൊഡ്യൂസറായ ഡാന ഈഡനെ ഗ്രീസിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയ സീസണ്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഒരു ഹോട്ടലില്‍ മരിച്ച നിലയില്‍ അവരെ കണ്ടെത്തിയത്. 52 വയസായിരുന്നു. സഹോദരന്റെ മെസേജുകള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഹോട്ടലില്‍ നടത്തിയ പിരശോധനയിലാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്.

പോലീസ് ഇതിനെ ത്മഹത്യയായിരിക്കാമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഏഡന്റെ കൈകാലുകളിലും കഴുത്തിലും ചതവുകളും സംഭവസ്ഥലത്ത് വലിയ അളവില്‍ ഗുളികകളും കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണകാരണം ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ടെന്നും ഗുളികകള്‍ കഴിക്കുന്നതിനുമുമ്പ് അവര്‍ മറ്റേതെങ്കിലും വിധത്തില്‍ സ്വയം പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചോ എന്ന് പരിശോധിക്കുന്നുണ്ടെന്നും പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ പ്രോട്ടോതെമ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച പോലീസ് പറയുന്നത് ഇതരു ആത്മഹത്യ ആണെന്നാണ്. ടെഹ്‌റാന്റെ നിര്‍മ്മാണ കമ്പനിയായ ഡാന ആന്‍ഡ് ഷുല പ്രൊഡക്ഷന്‍സ് ഡാനയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.

ഇറാനിയന്‍ ഏജന്റുമാരാണ് അവരെ കൊലപ്പെടുത്തിയതെന്ന് ഓണ്‍ലൈനില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണ കമ്പനി ഇത്തരം കിംവദന്തികള്‍ തള്ളിക്കളഞ്ഞു. അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ഉത്തരവാദിത്തത്തോടെയും സംവേദനക്ഷമതയോടെയും പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി കമ്പനി വ്യക്തമാക്കി. 2021 ല്‍ മികച്ച പരമ്പരയ്ക്കുള്ള എമ്മി അവാര്‍ഡ് ടെഹ്‌റാന്‍ നേടിയിരുന്നു. കഴിഞ്ഞ മാസം ആപ്പിള്‍ ടിവി പ്ലസില്‍ സംപ്രേഷണം ചെയ്ത മൂന്നാം പരമ്പരയുടെ നാലാം സീസണിന്റെ ചിത്രീകരണം ഗ്രീസിലായിരുന്നു.

ഇസ്രയേലുകാര്‍ക്ക് ഇറാനില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇറാനുമായി സാദൃശ്യമുള്ള ഗ്രീസിലെ ഏഥന്‍സില്‍ വെച്ചായിരുന്നു പരമ്പര ചിത്രീകരിച്ചത്. ഒക്ടോബര്‍ 7 ന് ഹമാസ് ആക്രമണത്തിന് തൊട്ടുപിന്നാലെ ചിത്രീകരണം ആരംഭിക്കാന്‍ ആദ്യം പദ്ധതിയിട്ടിരുന്ന പരമ്പര ഗാസയിലെ യുദ്ധം കാരണം വൈകിയാണ് ചിത്രീകരണം തുടങ്ങിയത്. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഇറാന്റെ ആണവ പദ്ധതിയിലേക്ക് നുഴഞ്ഞുകയറിയ ഒരു യുവ മൊസാദ് ഏജന്റിന്റെ കഥയാണ് പരമ്പരയുടെ ഇതിവൃത്തം. എന്നാല്‍ അവളുടെ ചില പ്രവൃത്തികള്‍ കാരണം ദൗത്യം പൊളിയുന്നതാണ് ഇതിന്റെ പശ്ചാത്തലം.

ഡാന ഈഡന്‍ മരിച്ചു കിടന്ന ഹോട്ടലിലെ ജീവനക്കാരില്‍ നിന്നും പോലീസ് ഇപ്പോള്‍ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളും സാക്ഷിമൊഴികളും ശേഖരിക്കുകയാണ്. അതേ സമയം ഡാന മരിച്ചു എങ്കിലും പരമ്പരയുടെ നിര്‍മ്മാണം തുടരുമെന്നാണ് പറയപ്പെടുന്നത്. ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഡാനാ് ഈഡനും അവരുടെ നിര്‍മ്മാണ പങ്കാളിയായ ഷുല സ്പീഗലും ചേര്‍ന്ന് ഫൈവ് മെന്‍ ആന്‍ഡ് എ വെഡ്ഡിംഗ്, ഡാന്‍ ആന്‍ഡ് മുസ്ലി, ദി മാഗ്പി, ദി സ്റ്റൈലിസ്റ്റ്, സിബിഎസ് പൈലറ്റ് മദേഴ്‌സ് ഡേ, കുട്ടികളുടെ പരമ്പരയായ ഷക്ഷൗക്ക, സേവിംഗ് ദി വൈല്‍ഡ് ആനിമല്‍സ് എന്നിവയുള്‍പ്പെടെ 40-ലധികം ടിവി പരമ്പരകള്‍ നിര്‍മ്മിച്ചു.

അതേ സമയം ഡാനയുടെ മരണത്തിന് പിന്നില്‍ ഇറാന്‍ ആണോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇത്തരത്തില്‍ ഒരു പരമ്പര നിര്‍മ്മിച്ചതിലൂടെ അവര്‍ ഇറാന്റെ നോട്ടപ്പുള്ളിയായി മാറി എന്നാണ് പലരും സംശയിക്കുന്നത്.