ലോകത്തെ ഏറ്റവും സുരക്ഷാ സംവിധാനങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രയേല്‍. എന്നാല്‍ തീക്കട്ടയില്‍ ഉറുമ്പരിച്ചു എന്ന് പറയുന്നത് പോലെ അവിടെയും വനിതാ സൈനികര്‍ക്ക് രക്ഷയില്ല എന്നതാണ് അവസ്ഥ. കഴിഞ്ഞ ദിവസം ഒരു കലാപം നേരിടാനെത്തിയ രണ്ട് ഇസ്രയേലി വനിതാ സൈനികരെ ഒരു സംഘം ഉദ്യോഗസ്ഥന്‍മാര്‍ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നു.

കഴിഞ്ഞ ഞായറാഴ്ച ടെല്‍ അവീവിന് കിഴക്കുള്ള ബ്നൈ ബ്രാക്കിലെ ചാരേഡി നഗരത്തിലാണ് സംഭവം നടന്നത്. കലാപകാരികള്‍ ഒരു പട്രോളിംഗ് വാഹനം മറിച്ചിടുകയും ഒരു പോലീസ് മോട്ടോര്‍ സൈക്കിളിന് തീയിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 20 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷുഭിതരായ ജനക്കൂട്ടത്തില്‍ നിന്ന് സ്ത്രീകള്‍ ഓടി രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം. മാലിന്യങ്ങളും മറിഞ്ഞുവീണ ചവറ്റുകുട്ടകളും ചിതറിക്കിടക്കുന്ന തെരുവുകളിലൂടെയാണ് അവര്‍ ഓടിയത്.

വിദ്യാഭ്യാസ, യൂത്ത് കോര്‍പ്‌സിലെ സ്‌ക്വാഡ് കമാന്‍ഡര്‍മാരായ വനിതാ സൈനികര്‍, അവരുടെ യൂണിറ്റിലെ ഒരു സൈനികനെ ഔദ്യോഗികമായി സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് കലാപകാരികള്‍ അവരെ നേരിട്ടത്. തീവ്ര ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ പെട്ട ഒരു സംഘമാണ് കലാപത്തിന് പിന്നില്‍ എന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. 1948-ല്‍ ഇസ്രായേല്‍ സ്ഥാപിതമായതുമുതല്‍, തീവ്ര ഓര്‍ത്തഡോക്‌സ് വിഭാഗത്തെ ഒഴിവാക്കി, മിക്കവാറും എല്ലാ ഇസ്രായേലി ജൂതന്മാര്‍ക്കും സൈനിക സേവനം നിര്‍ബന്ധമാണ്.

പകരം അവര്‍ മതപഠനത്തിനായി സ്വയം സമര്‍പ്പിക്കുകയും കനത്ത സര്‍ക്കാര്‍ സബ്‌സിഡികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഗാസയിലെ യുദ്ധം റിസര്‍വ് ഡ്യൂട്ടി നീട്ടിവയ്ക്കുന്നതിനും നൂറുകണക്കിന് സൈനികരുടെ മരണത്തിനും കാരണമായി . ഇതോടെ നിലവിലെ സംവിധാനം പരിഷ്‌കരിക്കാനായി പലരും ആഹ്വാനം ചെയ്തിരുന്നു. ഇത് തീവ്ര ഓര്‍ത്തഡോക്‌സ് സമൂഹത്തിനുള്ളില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായി. ആക്രമണത്തെ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അപലപിച്ചു. അരാജകത്വം അനുവദിക്കില്ലെന്നും സമര്‍പ്പണത്തോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന സൈനികര്‍ക്കും സുരക്ഷാ സേനയ്ക്കും ഒരു ദോഷവും ഉണ്ടാകുന്നത് സഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

സ്ത്രീകളെ രക്ഷപ്പെടുത്തിയതിനുശേഷവും പ്രശ്നങ്ങള്‍ തുടര്‍ന്നു. ജനക്കൂട്ടം നിയമപാലകര്‍ക്ക് നേരേ കല്ലേറും അക്രമവും നടത്തി. ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീറും സംഭവത്തെ അപലപിച്ചു. കലാപകാരികളായ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു, തീവ്ര-ഓര്‍ത്തഡോക്സ് നേതാക്കള്‍ സംഭവങ്ങളെ അപലപിച്ചു. ഈ സംഭവം സമൂഹത്തിന്റെ നിര്‍ബന്ധിത സൈനിക വിരുദ്ധ ശ്രമങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം അക്രമങ്ങള്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കുന്ന നിയമത്തിലെ മാറ്റങ്ങള്‍ക്കെതിരെ ലക്ഷക്കണക്കിന് തീവ്ര ഓര്‍ത്തഡോക്സ് ഇസ്രായേലികള്‍ ജറുസലേമില്‍ കൂറ്റന്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അതേ സമയം മുഴുവന്‍ സമയ മതപഠനമില്ലാത്ത തീവ്ര ഓര്‍ത്തഡോക്സ് പുരുഷന്മാര്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കണമെന്ന് ആവശ്യപ്പെടുന്ന കരട് നിയമനിര്‍മ്മാണത്തെക്കുറിച്ച് ഇസ്രായേല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്.

തീവ്ര ഓര്‍ത്തഡോക്സുകാര്‍ ഉള്‍പ്പെടുന്ന ചരേദി സമൂഹം ഇപ്പോള്‍ ഇസ്രയേല്‍ ജനസംഖ്യയുടെ ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്. 2050 ആകുമ്പോഴേക്കും രാജ്യത്തെ നാലില്‍ ഒരാളും തീവ്ര ഓര്‍ത്തഡോക്സ് വിഭാഗക്കാരന്‍ ആയിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.