ലോകത്തിലെ പല പ്രമുഖരുടെയും ഉറക്കം കെടുത്തുന്ന വിവരങ്ങളാണ് എപ്സ്റ്റീന്‍ ഫയല്‍സില്‍ പുറത്ത് വന്നതെങ്കിലും അത് ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ബ്രിട്ടീഷ് രാജകുടുംബത്തെയാണ് എന്ന് നിസ്സംശയം പറയാം. രാഷ്ട്രത്തലവനായ രാജാവിന്റെ സ്വന്തം സഹോദരന്‍ വിവാദത്തില്‍ അകപ്പെട്ടത് മുതല്‍ തന്നെ കൊട്ടാരം ഈ സംഭവത്തെ ആശങ്കയോടെ വീക്ഷിച്ചു വരികയായിരുന്നു. സമീപകാല ചരിത്രത്തില്‍ ഒന്നും ഇല്ലാത്തതുപോലെ കിരീടാവകാശ പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ആന്‍ഡ്രു അറസ്റ്റിലാവുകയും കൂടി ചെയ്തതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ബക്കിംഗ്ഹാം കൊട്ടാരം.

അതിനിടയിലാണ് 2019 ല്‍ തന്നെ രാജകുടുംബത്തിന്റെ പേര് ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സറിന്റെ ബിസിനസ്സ് പങ്കാളികള്‍ ദുരുപയോഗം ചെയ്യുന്നതായി ചാള്‍സ് രാജാവിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി മെയില്‍ ഓണ്‍ സണ്‍ഡേ വെളിപ്പെടുത്തുന്നു. രാജകുടുംബവുമായുള്ള ബന്ധം ദുരുപയോഗം ചെയ്തിരുന്ന ശതകോടീശ്വരനായ ഡേവിഡ് റോലാന്‍ഡുമായി ആന്‍ഡ്രുവിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ഒരു വിസില്‍ ബ്ലോവറായിരുന്നു ഈമെയില്‍ വഴി രാജാവിനെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ഔദ്യോഗിക കൃത്യങ്ങളില്‍ റോലാന്‍ഡിനെ ആന്‍ഡ്രു ഒപ്പം ചേര്‍ത്തതായും ഈ ഞെട്ടിപ്പിക്കുന്ന മെയില്‍ സന്ദേശത്തില്‍ പറയുന്നു.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ സന്ദേശം എപ്സ്റ്റീന്‍ വിഷയവുമായും, ഔദ്യോഗിക രഹസ്യങ്ങള്‍ എപ്സ്റ്റീന് ചോര്‍ത്തിക്കൊടുത്തതുമായും ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന രാജാവിനെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2001 നും 2011 നും ഇടയില്‍, യു കെയുടെ വ്യാപാര പ്രതിനിധി എന്ന നിലയില്‍ ചൈനയിലേക്കും പഴയ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളിലേക്കും ആന്‍ഡ്രു നടത്തിയ ഔദ്യോഗിക യാത്രകളില്‍ റോലാന്‍ഡും മകനും ആന്‍ഡ്രുവിനെ അനുഗമിച്ചിരുന്നു.

ആന്‍ഡ്രുവിന്റെ മുന്‍ ഭാര്യ സാറ ഫെര്‍ഗുസന്റെ കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ ഒരിക്കല്‍ റോലാന്‍ഡ് 40,000 പൗണ്ട് നല്‍കിയിരുന്നതായും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. അതുകൂടാതെ 2017 ല്‍ ഇയാള്‍ ആന്‍ഡ്രുവിന് 1.5 മില്യന്‍ പൗണ്ട് വായ്പ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ എല്ലാം വിശദാംശങ്ങള്‍ അറിയാവുന്ന ഒരു വ്യക്തിയാണ് 2019 ല്‍ അന്ന് വെയില്‍സ് രാജകുമാരനായിരുന്ന ചാള്‍സിന് ഇക്കാര്യമെല്ലാം വിവരിച്ചുകൊണ്ടുള്ള ഈമെയില്‍ അയച്ചത്.

സ്വെസ്സ് വെല്‍നെസ് ക്ലിനിക്കില്‍ അഭയം തേടി സാറ ഫെര്‍ഗുസന്‍

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കാന്‍ തുടങ്ങിയതില്‍ പിന്നെ പൊതുവേദികളില്‍ നിന്നും വിട്ടുനിന്ന സാറ ഫെര്‍ഗുസന്‍, വളരെയധികം ചെലവ് വരുന്ന ഒരു വെല്‍നെസ് ക്ലിനിക്കില്‍ അഭയം തേടിയതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാദം ഉയര്‍ന്നതിനു ശേഷവും ആന്‍ഡ്രുവിന്റെ ചിത്രങ്ങള്‍ സാന്‍ഡ്രിംഗ്ഹാമില്‍ നിന്നും മറ്റുമായി പുറത്തു വന്നിരുന്നെങ്കിലും, പേരക്കുട്ടി അഥീനയുടെ മാമോദീസ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 ന് സെയിന്റ് ജെയിംസ് പാലസില്‍ എത്തിയതിനു ശേഷം സാറയെ പിന്നെ പുറത്തു കണ്ടിരുന്നില്ല.

ഇതോടെ സാറ ഫെര്‍ഗുസന്‍ എവിടെയാണെന്നതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും പരന്നിരുന്നു. അതിനിടയിലാണ് ഇക്കാലയളവില്‍ കൂടുതല്‍ സമയവും അവര്‍ പ്രശസ്ത്മായ ഒരു സ്വിസ്സ് ക്ലിനിക്കില്‍ ആയിരുന്നു എന്ന് ഡെയിലി മെയില്‍ വെളിപ്പെടുത്തുന്നത്. സ്വിറ്റ്‌സര്‍ലണ്ട്, സൂറിച്ചിലെ പാരാസെയുസ് റിക്കവറി ക്ലിനിക്കിലാണ് സാറ അഭയം തേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിദിനം 13,000 പൗണ്ടാണ് ഇവിടെ ചെലവാകുന്നത്. ക്രിസ്ത്മസ്സിനു ശേഷം സൂറിച്ചിലെത്തിയ സാറ ജനുവരി അവസാനം വരെ ഇവിടെയുണ്ടായിരുന്നു എന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയിലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നത്.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഈമെയില്‍ സന്ദേശങ്ങള്‍ പുറത്തുവന്നതില്‍ സാറ അതീവ ദുഃഖിതയാണെന്നാണ് അവരുടെ ഒരു സുഹൃത്ത് പറഞ്ഞത്. എപ്സ്റ്റീനില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചെന്നും, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നുമൊക്കെയുള്ള സൂചനകള്‍ നല്‍കുന്ന മെയില്‍ സന്ദേശങ്ങളും പുറത്തുവന്നവയുടെ കൂട്ടത്തിലുണ്ട്. ഇതിനിടയില്‍ ഫ്രഞ്ച് ആല്‍പ്‌സിലും യു എ ഇയിലും ഇവര്‍ സന്ദര്‍ശനം നടത്തിയതായും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

ആന്‍ഡ്രു സ്ഥാനമുറപ്പിച്ചത് വില്യമിന്റെ വിവാഹ ചടങ്ങില്‍

യു കെയുടെ വ്യാപാര പ്രതിനിധി എന്ന തന്റെ ഔദ്യോഗിക പദവി ഊട്ടിയുറപ്പിക്കാന്‍ ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ സഹോദരപുത്രന്‍ വില്യം രാജകുമാരന്റെ വേദി ഉപയോഗിച്ചതായി സൂചനകള്‍ നല്‍കുന്ന ചില ഈമെയില്‍ സന്ദേശങ്ങള്‍ പുറത്തുവന്നു. ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധവും, ഔദ്യോഗിക ചടങ്ങുകളിലെ മോശം പെരുമാറ്റവും കാരണം സ്ഥാനം തെറിക്കുന്ന സാഹചര്യമായിരുന്നു 2011 ഏപ്രില്‍ 29 ന് വില്യമിന്റെ വിവാഹം നടക്കുന്ന കാലത്ത് ആന്‍ഡ്രുവിന് ഉണ്ടായിരുന്നത്. കിര്‍ഗിസ്ഥാനിലെ അമേരിക്കന്‍ സ്ഥാനപതിയുടെ ചോര്‍ന്ന് ലഭിച്ച സന്ദേശത്തി ആന്‍ഡ്രുവിനെ ഒരു സൂത്രക്കാരനും പരുക്കനുമായി വിശേഷിപ്പിച്ചത് അക്കാലത്ത് ഏറെ വിവാദമായ ഒരു കാര്യമാണ്.

അഴിമതികള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ രഹസ്യമായ പല നിലപാടുകളും ആന്‍ഡ്രു എടുത്തതായി അക്കാലത്ത് വെളിപ്പെട്ടിരുന്നു. പൊതുവെ പേര് മോശമായിരിക്കുന്ന അവസ്ഥയില്‍ വില്യമിന്റെ വിവാഹ ചടങ്ങിലേക്ക് ആന്‍ഡ്രുവിനെ ക്ഷണിക്കില്ല എന്നായിരുന്നു കരുതിയിരുന്നതെങ്കിലും, മക്കള്‍ക്കൊപ്പം തന്റെ ഔദ്യോഗിക നേവി യൂണിഫോമില്‍ തന്നെ ആന്‍ഡ്രു ചടങ്ങില്‍ പങ്കെടുത്തു.

ഈ ചടങ്ങിനിടെ, അതിഥിയായി ഭാര്യാസമേതനായി എത്തിയ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി തനിക്ക് പദവി നഷ്ടപ്പെട്ടേക്കുമെന്ന കാര്യം ആന്‍ഡ്രു ചര്‍ച്ച ചെയ്തതായി പരാമര്‍ശിക്കുന്ന ചില ഈമെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അന്നത്തെ പ്രതിപക്ഷ നേതാവ് എഡ് മിലിബാന്‍ഡുമായും ആന്‍ഡ്രു ഇക്കാര്യം ചര്‍ച്ച ചെയ്തതായി സന്ദേശത്തില്‍ പറയുന്നു.