- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിര്‍ത്തിയില്‍ പോര്‍മുഖവുമായി ട്രംപിന്റെ വിമാനവാഹിനിക്കപ്പലുകള്‍; അകത്ത് കത്തുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം! സേനാവിന്യാസം കാട്ടിയുള്ള അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാന്‍; ആണവ കേന്ദ്രങ്ങളിലെ പരിശോധനക്ക് ഉപാധി; ഇരുഭാഗത്തിനും ഗുണമുള്ള വിന്‍ - വിന്‍ സാഹചര്യം ഒരുങ്ങണമെന്നും വിദേശകാര്യ വക്താവ്; ചര്‍ച്ച പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യ കത്തും

ടെഹ്റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ കരാര്‍ സംബന്ധിച്ച മൂന്നാം വട്ട ചര്‍ച്ചകള്‍ ഈ വ്യാഴാഴ്ച ജനീവയില്‍ നടക്കാനിരിക്കെ, ഇരു രാജ്യങ്ങളും നിലപാട് കര്‍ശനമാക്കി. ചര്‍ച്ചകളില്‍ മിതമായ ശുഭാപ്തിവിശ്വാസം ഉണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറയുമ്പോഴും, തങ്ങളുടെ 'റെഡ് ലൈനുകളില്‍' വിട്ടുവീഴ്ചയില്ലെന്ന കര്‍ശന നിലപാടിലാണ് ട്രംപ് ഭരണകൂടം. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് നല്‍കുന്ന സൂചനകള്‍ പ്രകാരം, ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഉറപ്പാക്കാന്‍ കടുത്ത നിബന്ധനകളാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തണം (Zero Enrichment). നിലവില്‍ ഇറാന്റെ കൈവശമുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം തിരിച്ചുനല്‍കണം എന്നിങ്ങനെ യു എസിന്റെ അന്ത്യശാസനത്തിന് മുന്നില്‍ കീഴടങ്ങില്ലെന്ന നിലപാടിലാണ് ഇറാന്‍.
സേനാവിന്യാസം കാട്ടിയുള്ള അമേരിക്കയുടെ മുന്നിറിയിപ്പും അന്ത്യശാസനവും തുടരുമ്പോഴും ഏകപക്ഷീയമായ കരാറുകള്‍ക്ക് വഴങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇറാന്‍. ഇരുഭാഗത്തിനും ഗുണമുള്ള വിന്‍ - വിന്‍ സാഹചര്യം ഒരുങ്ങുന്നതിനനുസരിച്ചാകും ചര്‍ച്ചകളുടെ വിജയമെന്നാണ് നിലപാട്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ അനുവദിക്കുന്നതും കൃത്യമായ പ്രോട്ടോക്കോളുകള്‍ക്കും പാര്‍ലമെന്റ് അനുമതിക്കും ശേഷം മാത്രമാകുമെന്നും ഇറാന്‍ നിലപാട് വ്യക്തമാക്കി. വ്യാഴാഴ്ച്ച നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഒമാന്റെ നേതൃത്വത്തില്‍ വിവിധ കക്ഷികകളുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഒരു വിഭാഗത്തിന് മാത്രം ഗുണമുള്ള ധാരണകള്‍ അംഗീകരിക്കും എന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ ഐ എ ഇ എ പരിശോധനക്ക് കൃത്യമായ ഉപാധികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നയതന്ത്ര ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുമ്പോഴും പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഒഴിയുന്നില്ല. രണ്ട് വിമാനവാഹിനിക്കപ്പലുകള്‍, ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ അമേരിക്ക മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളെ ആക്രമിച്ചാല്‍ അത് പ്രാദേശികമായ വലിയൊരു യുദ്ധത്തിന് വഴിവെക്കുമെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കി. സാഹചര്യം അതീവ ഗുരുതരമായതിനാലാണ് ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ജനീവയില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഫലം മേഖലയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാകും.
നിര്‍ണായക ചര്‍ച്ച ജനീവയില്‍
ഇറാനും യുഎസും തമ്മിലുള്ള ആണവ കരാര്‍ സംബന്ധിച്ച അടുത്ത ഘട്ട ചര്‍ച്ചകള്‍ ഫെബ്രുവരി 26 വ്യാഴാഴ്ച ജനീവയില്‍ നടക്കും. ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദിയാണ് തീയതി സ്ഥിരീകരിച്ചത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മേഖലയില്‍ സൈനിക നീക്കങ്ങള്‍ ശക്തമാകുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനു നല്‍കിയ 10-15 ദിവസത്തെ അന്ത്യശാസനം അവസാനിക്കാറായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ആണവ കരാറില്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ മിഡില്‍ ഈസ്റ്റില്‍ 13 യുദ്ധക്കപ്പലുകള്‍ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഇതില്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലും ഒന്‍പത് ഡിസ്‌ട്രോയറുകളും മൂന്ന് ഫ്രിഗേറ്റുകളും ഉള്‍പ്പെടുന്നു.
എന്നാല്‍ ഇത്രയധികം സൈനിക സമ്മര്‍ദ്ദമുണ്ടായിട്ടും ഇറാന്‍ എന്തുകൊണ്ട് പൂര്‍ണ്ണമായും കീഴടങ്ങുന്നില്ല (Capitulate) എന്ന് ട്രംപ് അത്ഭുതം പ്രകടിപ്പിച്ചതായി വിറ്റ്കോഫ് വെളിപ്പെടുത്തി. ഇറാന്‍ ഇപ്പോള്‍ ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ തയ്യാറാക്കുന്നതിന് വെറും ഒരാഴ്ച മാത്രം അകലെയാണെന്നും യുഎസ് ആശങ്കപ്പെടുന്നു.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ചര്‍ച്ചകളെ സ്വാഗതം ചെയ്‌തെങ്കിലും ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്ന് വ്യക്തമാക്കി. കഴിഞ്ഞ ചര്‍ച്ചകളില്‍ പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ശുഭസൂചനകള്‍ ഉണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കരാര്‍ സന്തുലിതമായിരിക്കണമെന്നും ഉപരോധങ്ങള്‍ നീക്കുന്നതിലൂടെ ഇറാന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സൈനിക വിന്യാസം കൊണ്ട് ഇറാനെ സമ്മര്‍ദ്ദത്തിലാക്കാം എന്നത് യുഎസിന്റെ വെറും മോഹം മാത്രമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍
അമേരിക്കയുടെ ഭാഗത്തുനിന്ന് ചെറിയ രീതിയിലുള്ള ആക്രമണം ഉണ്ടായാല്‍ പോലും അതിനെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി കാണുമെന്നും 'അതിഭീകരമായ രീതിയില്‍' തിരിച്ചടിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ വ്യക്തമാക്കി. തങ്ങള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ആവര്‍ത്തിച്ചു.
ആഭ്യന്തര പ്രക്ഷോഭങ്ങള്‍
ഇറാനില്‍ ഭരണകൂടത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ രണ്ടാം ദിവസവും തുടരുകയാണ്. ടെഹ്റാന്‍, മഷാദ് തുടങ്ങിയ നഗരങ്ങളിലെ സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധം. ജനുവരിയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ 7,000-ത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനയായ HRANA റിപ്പോര്‍ട്ട് ചെയ്യുന്നത് (ഇറാന്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല).
ഇന്താക്കാരോട് ഇറാന്‍ വിടാന്‍ നിര്‍ദ്ദേശിച്ച് എംബസി
പശ്ചിമേഷ്യയില്‍ ഇറാന്‍ - അമേരിക്ക സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സൈനിക നീക്കങ്ങള്‍ ഉണ്ടായേക്കാമെന്ന ഭീതിയില്‍ ഇറാനിലുള്ള പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കി ഇന്ത്യ. ലഭ്യമായ ഗതാഗത മാര്‍ഗ്ഗമുപ യോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് പൗരന്മാരോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. തീര്‍ത്ഥാടകര്‍, വാണിജ്യാവശ്യത്തിന് പോയ ആളുകള്‍, വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍ അടക്കം ആളുകളോടാണ് ഉടന്‍ ഇറാന്‍ വിടാന്‍ നിര്‍ദേശം നല്‍കിയത്. പൌരന്മാര്‍ക്ക് സഹായത്തിന് എംബസിയെ ബന്ധപ്പെടാം. ഹെല്‍പ് ലൈന്‍ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. +989128109115, +989128109109, +989128109102; +989932179359. പൗരന്മാര്‍ പാസ്‌പോര്‍ട്ട് അടക്കം രേഖകള്‍ കയ്യില്‍ കരുതണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.


