ജെറുസലേം: നയതന്ത്ര ബന്ധങ്ങള്‍ക്കപ്പുറം വ്യക്തിപരമായ സൗഹൃദത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും വേദിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം മാറുന്നു. രണ്ട് ദിവസത്തെ ചരിത്രപരമായ സന്ദര്‍ശനത്തിനായി ടെല്‍ അവീവിലെ ബെന്‍-ഗുരിയോണ്‍ വിമാനത്താവളത്തിലിറങ്ങിയ മോദിയെ സ്വീകരിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ഭാര്യ സാറ നെതന്യാഹുവും എത്തിയത് ലോകമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു.

സ്വീകരണ ചടങ്ങിനിടെയുണ്ടായ ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഹൈന്ദവ ദേശീയതയുടെയും ഇന്ത്യയുടെയും പ്രതീകമായ കാവി നിറത്തിലുള്ള കോട്ടാണ് സാറ നെതന്യാഹു ധരിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ബെഞ്ചമിന്‍ നെതന്യാഹു കൗതുകപൂര്‍വ്വം ഒരു കാര്യം മോദിയോട് സൂചിപ്പിച്ചു. 'നോക്കൂ, എന്റെ ഭാര്യയുടെ വസ്ത്രത്തിന്റെ നിറവും നിങ്ങളുടെ പോക്കറ്റ് സ്‌ക്വയറിന്റെ (പോക്കറ്റ് തൂവാല) നിറവും ഒന്നുതന്നെയാണല്ലോ!' എന്നായിരുന്നു നെതന്യാഹുവിന്റെ നിരീക്ഷണം.

തന്റെ ജാക്കറ്റിലെ പോക്കറ്റ് തൂവാലയുടെ നിറവുമായി സാറയുടെ വസ്ത്രത്തിനുള്ള സാമ്യം തിരിച്ചറിഞ്ഞ മോദി പുഞ്ചിരിയോടെ അതിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. ഈ നിറം കേവലം ഒരു അലങ്കാരമല്ലെന്നും ഇന്ത്യയിലെ ഹിന്ദു ദേശീയതയുടെ പ്രതീകമായ 'കാവി' ആണെന്നും മോദി അവരെ ധരിപ്പിച്ചു. ഇന്ത്യയുടെ വികാരവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന നിറം സാറ നെതന്യാഹു തിരഞ്ഞെടുത്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവായി സൈബര്‍ ലോകവും ഏറ്റെടുത്തു കഴിഞ്ഞു.

ഇന്ത്യയോടുള്ള തന്റെ ഇഷ്ടം മറച്ചുവെക്കാതെയാണ് സാറ നെതന്യാഹു സംസാരിച്ചത്. 'ഇന്ത്യ ഒരു അത്ഭുതകരമായ രാജ്യമാണ്, അവിടുത്തെ ജനങ്ങള്‍ ഏറെ സ്‌നേഹസമ്പന്നരാണ്' എന്ന് അവര്‍ പറഞ്ഞു. നരേന്ദ്ര മോദിയെ 'അത്ഭുതകരമായ നേതാവ്' എന്ന് വിശേഷിപ്പിക്കാനും അവര്‍ മറന്നില്ല. മോദിയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ പാര്‍ലമെന്റായ 'നെസെറ്റിനെ' അഭിസംബോധന ചെയ്ത നരേന്ദ്ര മോദി മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. ഇസ്രായേല്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം. ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളെ 26/11 മുംബൈ ഭീകരാക്രമണത്തോടാണ് അദ്ദേഹം താരതമ്യം ചെയ്തത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ എന്നും ഇസ്രായേലിനൊപ്പമുണ്ടാകുമെന്ന് മോദി പ്രഖ്യാപിച്ചപ്പോള്‍ നിറഞ്ഞ കൈയടികളോടെയാണ് ഇസ്രായേല്‍ ജനപ്രതിനിധികള്‍ അതിനെ വരവേറ്റത്.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം വെറും രാഷ്ട്രീയമല്ലെന്നും അത് രക്തം കൊണ്ടും ബലിയര്‍പ്പണം കൊണ്ടും എഴുതപ്പെട്ടതാണെന്നും മോദി വികാരനിര്‍ഭരമായ പ്രസംഗത്തില്‍ പറഞ്ഞു. മോദിയെ 'സഹോദരന്‍' എന്ന് വിളിച്ച നെതന്യാഹു, അദ്ദേഹത്തിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും പ്രതിരോധ-സാങ്കേതിക മേഖലകളില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും വ്യക്തമാക്കി.