- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2022ല്‍ 26100 നഴ്സുമാര്‍ക്ക് വിസ നല്കിയപ്പോള് 2025-ല്‍ നല്‍കിയത് വെറും 1777 പേര്‍ക്ക് മാത്രം; 1,07,847 കെയറര്‍ വിസകള്‍ നല്‍കിയിടത്ത് കഴിഞ്ഞ വര്‍ഷം നല്‍കിയത് 3178 മാത്രം: കുടിയേറ്റക്കാരെ ഒഴിവാക്കി ബ്രിട്ടന് പണി ചോദിച്ചു വാങ്ങുന്നത് ഇങ്ങനെ

ലണ്ടന്‍: യു കെയിലെ ആശുപത്രികളും കെയര്‍ഹോമുകളും അസന്നമായ ഒരു വലിയ പ്രതിസന്ധി അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യു കെയില്‍ എത്തുന്ന വിദേശ നഴ്‌സുമാരുടെയും കെയറര്‍മാരുടെയും എണ്ണം വലിയരീതിയില്‍ കുറഞ്ഞു എന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണിത്. ഹോം ഓഫീസ് പുറത്തുവിട്ട ത്രൈമാസ കണക്കുകള്‍ വിശകലനം ചെയ്താല്‍, കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ ഇവരുടെ എണ്ണത്തില്‍ 93 ശതമാനത്തിന്റെ ഇടിവുണ്ടായതായി കാണാം. 2022 ല്‍ 26,100 വിദേശ നഴ്‌സുമാര്‍ യു കെയില്‍ എത്തിയപ്പോള്‍ 2025 ല്‍ അത് 1,777 ആയി കുറഞ്ഞു.
കെയറിംഗ് പേഴ്‌സനല്‍ സര്‍വീസ് ഒക്കുപ്പേഷന്‍ വിഭാഗത്തില്‍ വരുന്നവര്‍ക്കുള്ള വിസയില്‍ കെയര്‍ വര്‍ക്കര്‍മാര്‍, നഴ്‌സിംഗ് ഓക്‌സിലിയറി, ആംബുലന്‍സ് ജീവനക്കാര്‍, ഡെന്റല്‍ വര്‍ക്കര്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇവരുടെ എണ്ണത്തിലാണ് കുത്തനെയുള്ള ഇടിവുണ്ടായിട്ടുള്ളത്. 2023 ല്‍ ഈ വിഭാഗത്തില്‍ പെടുന്ന 1,07,847 പേര്‍ക്ക് യു കെയില്‍ പ്രവേശനം അനുവദിച്ചപ്പോള്‍ 2025 ല്‍ അത് 3,178 ആയി കുറഞ്ഞു. അതായത് ഈ വിഭാഗത്തില്‍ പെടുന്ന വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ ഉണ്ടായത് 97 ശതമാനത്തിന്റെ കുറവാണ് എന്നര്‍ത്ഥം.
യു കെയുടെ കുടിയേറ്റ നയത്തിലുണ്ടായ വ്യതിയാനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ എണ്ണം കുറയുന്നത് പ്രായമായി വരുന്ന തലമുറയുടെ ആവശ്യകതകള്‍ നിറവേറ്റുന്നത് അധിക ചെലവുണ്ടാക്കുമെന്നും ഇത് പണപ്പെരുപ്പം, നികുതി വര്‍ദ്ധനവ് എന്നിവയ്ക്കിടയാക്കിയേക്കുമെന്നും ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൊത്തത്തില്‍ പരിശോധിച്ചാല്‍ തന്നെ മൂന്ന് മാസക്കാലയളവിലായി നല്‍കപ്പെട്ട സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുടെ എണ്ണത്തില്‍ തുടര്‍ച്ചയായ ഒന്‍പതാം തവണയും കുറവാണ് അനുഭവപ്പെടുന്നത്. 2021 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ തലത്തിലാണ് ഇത് ഇപ്പോഴുള്ളത്.
വിസ നിബന്ധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതോടെ വിദേശങ്ങളില്‍ നിന്നും യു കെയിലേക്കുള്ള കെയര്‍ വര്‍ക്കര്‍മാര്‍, നഴ്‌സുമാര്‍, ശാസ്ത്രജ്ഞര്‍, തെറാപിസ്റ്റുകള്‍, വിദ്യാഭ്യാസ പ്രൊഫഷണലുകള്‍, വ്യാപാരികള്‍ എന്നിവരുടെ വരവ് പൊതുവെ കുറഞ്ഞിരിക്കുകയാണ്. തൊഴില്‍, കുടുംബം, പഠനം തുടങ്ങി കുടിയേറ്റത്തിന്റെ സകല മേഖലകളിലും നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും ഇതുവഴി ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ കൂടുതല്‍ നിയന്ത്രണം കൈവരിക്കാന്‍ ആകുമെന്നും കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിരുന്നു.
വിദേശ റിക്രൂട്ട്‌മെന്റുകള്‍ കുറയുകയും, ആഭ്യന്തര റിക്രൂട്ട്‌മെന്റുകള്‍ ഏതാണ്ട് നിലയ്ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ നഴ്‌സിംഗ് മേഖല വളരെ മോശം കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വക്താവ് ചൂണ്ടിക്കാണിക്കുന്നു. വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിലെ കുറവ് പരിഹരിക്കാന്‍ ഇപ്പോഴുള്ളതുപോലുള്ള ആഭ്യന്തര റിക്രൂട്ട്‌മെന്റുകള്‍ക്ക് ആകില്ലെന്നും ആര്‍ സി എന്‍ വക്താവ് പറഞ്ഞു. ആഭ്യന്തരമായ കൂടുതല്‍ നഴ്‌സുമാരെ പരിശീലിപ്പിച്ചെടുക്കാന്‍ മുതല്‍ മുടക്കാതെ, വിദേശ നഴ്‌സുമാരുടെ വരവിനെ തടയിടുന്നത് വന്‍ പ്രതിസന്ധിക്ക് കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


