ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 37 വര്‍ഷമായി ഇറാന്റെ സര്‍വാധിപതിയായിരുന്ന ഖമനയിയുടെ അന്ത്യം മേഖലയില്‍ വന്‍ യുദ്ധഭീതി പടര്‍ത്തിയിരിക്കുകയാണ്.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ലോകത്തെ ഈ വിവരം അറിയിച്ചത്. ഖമനയിയെ 'ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരില്‍ ഒരാള്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഈ സൈനിക നീക്കം ഇറാന്‍ ജനതയ്ക്കും ഖമനയിയുടെ ഇരകളായ അമേരിക്കക്കാര്‍ക്കും ലഭിച്ച നീതിയാണെന്ന് അവകാശപ്പെട്ടു.

ശനിയാഴ്ച പുലര്‍ച്ചെ ടെഹ്‌റാനിലെ ഖമനയിയുടെ ഔദ്യോഗിക വസതിയും ഓഫീസും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഏകദേശം 30 ഓളം അതിശക്തമായ ബോംബുകളാണ് ഈ സമുച്ചയത്തിന് നേരെ പ്രയോഗിച്ചത്. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഖമനയി ഒരു ഭൂഗര്‍ഭ ബങ്കറിലായിരുന്നു അഭയം പ്രാപിച്ചിരുന്നതെങ്കിലും അത്യാധുനിക ട്രാക്കിങ് സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഖമനയിയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന്റെ ചിത്രം ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഉദ്യോഗസ്ഥര്‍ കൈമാറി. ഖമനയിക്കൊപ്പം അദ്ദേഹത്തിന്റെ മകളും കൊച്ചുമകനും കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇറാന്‍ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഖമനയിയുടെ വധത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷം പടര്‍ന്നു പിടിച്ചു. ഇസ്രയേലിന് പുറമെ ഖത്തര്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ പ്രത്യാക്രമണം നടത്തിയതായാണ് വിവരം. ദുബായ്, ബഹ്‌റൈന്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഡില്‍ ഈസ്റ്റ് ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമായി.

'ഈ സ്വേച്ഛാധിപതി ഇനി നമ്മോടൊപ്പമില്ലെന്നാണ് എല്ലാ സൂചനകളും വ്യക്തമാക്കുന്നത്,' എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. അതേസമയം, വാര്‍ത്ത പുറത്തുവന്നതോടെ ലണ്ടന്‍, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ നഗരങ്ങളില്‍ ഇറാന്‍ പ്രവാസികള്‍ ആഹ്ലാദപ്രകടനം നടത്തി.

1989-ല്‍ റുഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അലി ഖമനയി അധികാരമേറ്റത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ഇറാന്റെ രാഷ്ട്രീയ-സൈനിക-മത കാര്യങ്ങളില്‍ അവസാന വാക്ക് ഖമനയിയുടേതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇറാന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമാണ്.