- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്നത് ഒരു ലക്ഷത്തിലേറെ ബ്രിട്ടീഷ് പൗരന്മാര്...എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നീക്കം തുടങ്ങി; ഇറാനെ ആക്രമിക്കാന്‍ ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ അനുവദിക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായി ട്രംപ്...; ഒടുവില്‍ നിയന്ത്രങ്ങള്‍ നീക്കി

മദ്ധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷം രൂക്ഷമായതോടെ വിമാന സര്‍വ്വീസുകള്‍ താറുമാറായ സാഹചര്യത്തില്‍ അവിടെ കുടുങ്ങിപ്പോയ ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ വിദേശകാര്യമന്ത്രാലയം ആരംഭിച്ചു. ഗള്‍ഫ് മേഖലയിലെ വ്യോമപാതകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ പതിനായിരക്കണക്കിന് ബ്രിട്ടീഷുകാരെ നാട്ടില്‍ തിരികെയെത്തിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥര്‍ എന്നാണ് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആളുകളെ സുരക്ഷിതരായി നാട്ടില്‍ തിരികെയെത്തിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും, അതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യുവറ്റ് കൂപ്പര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. എത്രയും പെട്ടെന്ന് അവരെ തിരികെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ - ഇസ്രയേല്‍ ആക്രമണത്തിനുള്ള പ്രതികരണമായി ഗള്‍ഫ് രാജ്യങ്ങളിലുടനീളം സൈനിക താവളങ്ങള്‍ക്കും, സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ ആക്രമണം അഴിച്ചുവിട്ടതോടെ പല പ്രധാന വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുടര്‍ച്ചയായ രണ്ടാം ദിവസവും അടച്ചിരിക്കുകയാണ്. കോവിഡ് 19 കാലത്തിനു ശേഷം ഈ മേഖലയിലെ വ്യാപാര വ്യവസായ മേഖലയില്‍ വലിയൊരു സ്തംഭനാവസ്ഥയാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ താമസക്കാരും,. വിനോദ സഞ്ചാരികളും, ട്രാന്‍സിറ്റില്‍ ഉള്ളവരും ഉള്‍പ്പടെ 3 ലക്ഷത്തോളം ബ്രിട്ടീഷുകാരാണ് ഈ മേഖലയില്‍ കുടുങ്ങിയിരിക്കുന്നതെന്നും കൂപ്പര്‍ അറിയിച്ചു. ഇന്നലെ രാവിലെ വരെ 1,02,000 പേരാണ് ബ്രിട്ടനിലെക്ക് തിരിച്ചു വരാനായി റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവരില്‍ ഭൂരിഭാഗവും യു എ ഇയില്‍ ഉള്ളവരാണ്.
സൈനിക താവളങ്ങള്‍ അനുവദിക്കാന്‍ വൈകിയതില്‍ കുപിതനായി ട്രംപ്
ഇറാനെ ആക്രമിക്കാന്‍, യു കെയുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് യു കെ സര്‍ക്കാര്‍ വൈകിയെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. മാത്രമല്ല, ഷാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാന്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം വളരെയധികം നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോക്കിസത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടെടുത്ത തീരുമാനം എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക താവളമായ ഡിഗോ ഗാര്‍ഷ്യ സ്ഥിതി ചെയ്യുന്നത് ഇന്ത്യന്‍ സമുദ്രത്തിലെ ഈ ദ്വീപിലാണ്.
ശനിയാഴ്ച്ച രാവിലെ ഇറാന്‍ പരമോന്നതാധികാരി ആയത്തൊള്ള ഖമനേയിയുടെ മരണത്തിനിടയാക്കിയ ആക്രമണത്തെ സ്റ്റാര്‍മറും മറ്റ് മന്ത്രിമാരും പരസ്യമായി അപലപിച്ചില്ലെങ്കിലും ഡിഗോ ഗാര്‍ഷ്യയോ മറ്റേതെങ്കിലും ബ്രിട്ടീഷ് സൈനിക താവളങ്ങളോ ഈ ആക്രമണത്തിനായി വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. യുദ്ധം ഏറെക്കാലം നീണ്ടുനിന്നേക്കും എന്ന ആശങ്കയായിരുന്നു അതിന് കാരണമായത്.
എന്നാല്‍, ഞായറാഴ്ച്ച വൈകിട്ടോടെ സ്റ്റാര്‍മര്‍ തന്റെ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു. സൈപ്രസ്സിലെ ബ്രിട്ടീഷ് സൈനിക ആസ്ഥാനത്തും ഗള്‍ഫ് രാജ്യങ്ങളിലെ വിവിധയിടങ്ങളിലും ഇറാന്‍ ആക്രമണം അഴിച്ചുവിട്ടതോടെയാണ് ബ്രിട്ടനും നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായത്. എന്നാല്‍ വളരെ വൈകിയാണ് സ്റ്റാര്‍മര്‍ ഈ തീരുമാനം കൈക്കൊണ്ടത് എന്നായിരുന്നു ദി ടെലിഫ്രാഫിനോട് ട്രംപ് പറഞ്ഞത്. ബ്രിട്ടനും അമേരിക്കയ്ക്കും ഇടയില്‍ ഇതുപോലൊന്ന് ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


