- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോര്‍മുസ് കടലിടുക്കിന് ബദലായി സൗദി അറേബ്യയും യുഎഇയും പൈപ്പ് ലൈനുകള്‍ ഉപയോഗിക്കുന്നു; പക്ഷേ ഭൂരിഭാഗം എണ്ണക്കയറ്റുമതിക്കും ജലപാതയല്ലാതെ മറ്റ് സുരക്ഷിത മാര്‍ഗങ്ങളില്ല; സംഘര്‍ഷം നീണ്ടാല്‍ എണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിക്കും; ഹോര്‍മുസ് കടലിടുക്ക് അടച്ചു; എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം; ലോകം കടുത്ത പ്രതിസന്ധിയിലേക്ക്

ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിലായതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് പ്രഖ്യാപിച്ചതാണ് വിപണിയെ പിടിച്ചുലച്ചത്. ഈ ജലപാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും തകര്‍ക്കുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ സര്‍ദാര്‍ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നല്‍കി.
ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണിത്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും പ്രധാനമായും ഈ വഴിയാണ് ഏഷ്യന്‍ വിപണികളിലേക്ക് എത്തുന്നത്. കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ തീരുമാനം ആഗോള എണ്ണ വിതരണ ശൃംഖലയെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ സാധ്യതയുണ്ട്.
ആക്രമണ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ബ്രിട്ടനില്‍ പമ്പുകളില്‍ റെക്കോര്‍ഡ് വില വര്‍ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളെയാണ് എണ്ണ വിതരണത്തിലെ തടസ്സം ഏറ്റവും ദോഷകരമായി ബാധിക്കുക.
അതേസമയം, ഹോര്‍മുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ അവകാശവാദം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളി. ജലപാത ഇപ്പോഴും തുറന്നുതന്നെയാണെന്നും കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ കടലിടുക്കില്‍ അമേരിക്കന്‍ അനുകൂല ഇന്ധന ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഹോര്‍മുസ് കടലിടുക്കിന് ബദലായി സൗദി അറേബ്യയും യുഎഇയും പൈപ്പ് ലൈനുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, മേഖലയില്‍ നിന്നുള്ള ഭൂരിഭാഗം എണ്ണക്കയറ്റുമതിക്കും ഈ ജലപാതയല്ലാതെ മറ്റ് സുരക്ഷിത മാര്‍ഗങ്ങളില്ല. യുദ്ധം നീണ്ടുപോയാല്‍ എണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക ലോകം.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കനത്ത സാമ്പത്തിക-സുരക്ഷാ ഭീഷണിയിലാണ്. ലോകത്തിന്റെ എണ്ണക്കപ്പല്‍ പാതയെന്നറിയപ്പെടുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ഇത് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവിന് കാരണമായേക്കുമെന്നാണ് സൂചന.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ സിംഹഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ ബാരലിന് വില ഉയരുന്നത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും. കടലിടുക്ക് ദീര്‍ഘകാലം അടഞ്ഞുകിടന്നാല്‍ ഇന്ധന ലഭ്യത കുറയുന്നതിനൊപ്പം അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിലേക്കും ഇത് നയിക്കും.


