ടെഹ്റാന്‍: ഇസ്ലാമിക ഭരണത്തിന് അന്ത്യം കുറിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട വാര്‍ത്ത ആഹ്ലാദത്തോടെ വരവേറ്റ് ഇറാനിയന്‍ ജനത. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരി മരിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ഇറാനിലും ലോകത്തിന്റെ വിവിധ നഗരങ്ങളിലും ഇറാനികള്‍ തെരുവിലിറങ്ങി ആഘോഷം തുടങ്ങി. പ്രസിഡന്റ് ട്രംപിന്റെ വിഖ്യാതമായ 'വൈ.എം.സി.എ' നൃത്തച്ചുവടുകള്‍ അനുകരിച്ചാണ് പലയിടത്തും ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നത്.

'ചരിത്രത്തിലെ ഏറ്റവും ദുഷ്ടന്മാരില്‍ ഒരാളായ ഖമേനി മരിച്ചു' എന്ന് ട്രൂത്ത് സോഷ്യലില്‍ കുറിച്ച ട്രംപ്, ഇറാന്‍ ജനതയോട് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്തു. 1989 മുതല്‍ ഇറാന്റെ ആത്മീയ നേതാവും ഭരണാധികാരിയുമായിരുന്ന ഖമേനി, അമേരിക്കയുടെ പ്രധാന ശത്രുവായിരുന്നു. ഖമേനിയുടെ ഭരണകാലത്ത് സ്ത്രീകളെ അടിച്ചമര്‍ത്തുന്ന രീതികള്‍ക്കെതിരെ വലിയ പ്രതിഷേധം നിലനിന്നിരുന്നു. ടെഹ്റാനിലെ ഖമേനിയുടെ കൊട്ടാരം തകര്‍ന്നടിഞ്ഞതിന് പിന്നാലെ സ്ത്രീകള്‍ ആര്‍പ്പുവിളിച്ചും നൃത്തം ചെയ്തും ആഘോഷിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

യുഎസിലും ലണ്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നഗരങ്ങളിലും ഇറാനികള്‍ വിപ്ലവത്തിന് മുന്‍പുള്ള പഴയ ഇറാന്‍ പതാകകളേന്തി തെരുവിലിറങ്ങി. ലണ്ടനില്‍ കാറുകളില്‍ സംഗീതം മുഴക്കിയും പരസ്പരം റോസാപ്പൂക്കളും ബിസ്‌കറ്റുകളും കൈമാറിയുമാണ് ജനങ്ങള്‍ ആഹ്ലാദം പങ്കിട്ടത്. പലയിടത്തും ഇറാന്‍ ഷായുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ജനക്കൂട്ടം ഭരണകൂടവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്. ഇത് തങ്ങള്‍ക്ക് ലഭിച്ച പുതിയ ജീവനാണെന്നാണ് പ്രവാസികളായ ഇറാനികള്‍ പ്രതികരിക്കുന്നത്.

ആഘോഷങ്ങള്‍ക്കിടയിലും ഇറാനിലെ യുദ്ധഭൂമിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഭീതിപ്പെടുത്തുന്നതാണ്. ഖമേനിയെയും മറ്റ് നേതാക്കളെയും ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 555 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു. ഇതിനിടെ നാല് അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഖമേനിയുടെ മരണത്തില്‍ ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ ദേശീയ അവധിയും പ്രഖ്യാപിച്ചു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്ന് ഇറാനിയന്‍ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍ അലി ലാരിജാനി വ്യക്തമാക്കി.