- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രോണ്‍ നിര്‍മ്മാണത്തിന് 29 ലക്ഷം; വെടിവെച്ചിടാന്‍ ചെലവ് 33 കോടി ; ഇറാന്റെ ഡ്രോണ്‍ തന്ത്രത്തില്‍ കുഴങ്ങി അമേരിക്ക; ആയുധശേഖരം തീരുന്നതില്‍ ആശങ്ക

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധക്കളത്തില്‍ അമേരിക്കയെയും സഖ്യകക്ഷികളെയും പ്രതിസന്ധിയിലാക്കി ഇറാന്റെ വിലകുറഞ്ഞ ഡ്രോണുകള്‍. നിര്‍മ്മാണച്ചെലവിനേക്കാള്‍ നൂറിരട്ടിയിലധികം തുക ചിലവഴിച്ച് ഇവയെ പ്രതിരോധിക്കേണ്ടി വരുന്നത് പാശ്ചാത്യ ശക്തികളുടെ ആയുധശേഖരത്തെയും ഖജനാവിനെയും ഒരുപോലെ തളര്‍ത്തുകയാണ്. ഒരു ഇറാനിയന്‍ ഡ്രോണ്‍ നിര്‍മ്മിക്കാന്‍ വെറും 35,000 ഡോളര്‍ (ഏകദേശം 29 ലക്ഷം രൂപ) മതിയെങ്കില്‍, അതിനെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് ചിലവാകുന്നത് 4 മില്യണ്‍ ഡോളറാണ് (ഏകദേശം 33 കോടി രൂപ).
'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി'ക്ക് മറുപടിയായി ഇറാന്‍ അഴിച്ചുവിട്ട ഡ്രോണ്‍ ആക്രമണങ്ങളാണ് അമേരിക്കയെ വലയ്ക്കുന്നത്. പ്രതിദിനം 2,500-ലധികം ഡ്രോണുകളാണ് ഇറാന്‍ വിക്ഷേപിക്കുന്നത്. ഇസ്രായേല്‍, യുഎഇ, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളെ ഒരേസമയം ലക്ഷ്യം വെക്കുന്നതോടെ പ്രതിരോധ സംവിധാനങ്ങള്‍ സമ്മര്‍ദ്ദത്തിലായി. ഇറാന്റെ പക്കല്‍ ഏകദേശം 80,000 മുതല്‍ ഒരു ലക്ഷം വരെ ഡ്രോണുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിമാസം 2,500 ഡ്രോണുകള്‍ വരെ നിര്‍മ്മിക്കാനുള്ള ശേഷി ഇറാനുണ്ടെന്നത് പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിക്കുന്നു.
ഡ്രോണുകളെ തടയാന്‍ ഉപയോഗിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ ക്ഷാമമാണ് അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷത്തില്‍ തന്നെ അമേരിക്കന്‍ ആയുധശേഖരത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇസ്രായേലിനെ പ്രതിരോധിക്കാന്‍ 12 ദിവസത്തിനുള്ളില്‍ മാത്രം അമേരിക്ക 150 'താഡ്' ഇന്റര്‍സെപ്റ്ററുകള്‍ പ്രയോഗിച്ചിരുന്നു. ആകെയുള്ള സ്റ്റോക്കിന്റെ നാലിലൊന്ന് വരുമിത്. ഓരോ ഇന്റര്‍സെപ്റ്ററിനും 15 മില്യണ്‍ ഡോളറാണ് വില. ഇവയുടെ സ്റ്റോക്ക് പുനഃസ്ഥാപിക്കാന്‍ എട്ട് വര്‍ഷം വരെ സമയമെടുത്തേക്കാം.
യുദ്ധം ഇനിയും നാല് ആഴ്ച കൂടി തുടരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതോടെ ആയുധക്ഷാമം വലിയൊരു ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. 'നിര്‍മ്മിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ നമ്മള്‍ പ്രതിരോധ മിസൈലുകള്‍ ചിലവാക്കുന്നു' എന്നാണ് സ്റ്റിംസണ്‍ സെന്ററിലെ സീനിയര്‍ ഫെലോ കെല്ലി ഗ്രിക്കോ ചൂണ്ടിക്കാട്ടുന്നത്.
ആയിരക്കണക്കിന് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരേസമയം ഒന്നിലധികം രാജ്യങ്ങളില്‍ തങ്ങളുടെ സംവിധാനങ്ങള്‍ വ്യാപിപ്പിക്കേണ്ടി വരുന്നത് അമേരിക്കന്‍ സൈന്യത്തിന് വലിയ ബാധ്യതയാവുകയാണ്.


