മോസ്‌കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് ഇന്ത്യ നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ കൈത്താങ്ങുമായി റഷ്യ എത്തുമ്പോള്‍ ഉയരുന്നത് ആശ്വാസം മാത്രം. ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെ പ്രതിസന്ധിയിലായ ഇന്ത്യന്‍ വിപണിയിലേക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അധികമായി വിതരണം ചെയ്യാന്‍ റഷ്യ ഒരുങ്ങുന്നു. ഇതോടെ രാജ്യത്ത് എണ്ണവില വര്‍ധിക്കില്ലെന്ന ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഖത്തറില്‍ നിന്നുള്ള ദ്രാവക പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍, ഗ്യാസ് വിതരണത്തിലും പൂര്‍ണ്ണ സഹകരണം റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങളെ അവഗണിച്ചും സ്വന്തം ഊര്‍ജ്ജസുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം.

നിലവില്‍ ഇന്ത്യയുടെ കൈവശമുള്ള എണ്ണശേഖരം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ അടുത്ത ആഴ്ചകളില്‍ ഇന്ത്യന്‍ തീരത്തെത്തുന്നത് രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് വലിയ ആശ്വാസമാകും. ഫെബ്രുവരിയില്‍ പ്രതിദിനം 1.1 മില്യണ്‍ ബാരല്‍ എണ്ണ വിതരണം ചെയ്തുകൊണ്ട് ഇന്ത്യയുടെ ഏറ്റവും വലിയ ഇന്ധന സ്രോതസ്സായി റഷ്യ മാറിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് വഴി പ്രതിദിനം ഇറക്കുമതി ചെയ്യുന്ന 2.5 മില്യണ്‍ ബാരല്‍ എണ്ണയ്ക്ക് തടസ്സം നേരിട്ടാലും, റഷ്യയുമായുള്ള ഈ പുതിയ കരാറിലൂടെ ആഭ്യന്തര വിപണിയിലെ പെട്രോള്‍, ഡീസല്‍, എല്‍പിജി ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യക്ക് സാധിക്കും.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി പരിഗണിക്കുമ്പോള്‍, എണ്ണവില വര്‍ധിക്കാതെ പിടിച്ചുനിര്‍ത്തുന്നത് കേന്ദ്രസര്‍ക്കാരിനും വലിയ രാഷ്ട്രീയ ആശ്വാസമാണ്. റഷ്യയില്‍നിന്നുള്ള ഈ സഹായം ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ ഇന്ധനത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഖത്തറില്‍ നിന്നുള്ള ദ്രാവക പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) വിതരണം നിലച്ച സാഹചര്യത്തില്‍ ഗ്യാസ് വിതരണത്തിലും സഹകരിക്കാന്‍ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ആഴ്ചകളില്‍ റഷ്യന്‍ കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എത്തുന്നതോടെ ഇന്ധനക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസം ലഭിക്കുമെന്ന് വിവരം.

ഇന്ത്യന്‍ തീരത്തിനടുത്തുള്ള കപ്പലുകളിലുള്ള എണ്ണ അടുത്ത ആഴ്ചകളില്‍ തന്നെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് വലിയ ആശ്വാസമാകുമെന്നും കരുതപ്പെടുന്നു. യുദ്ധസാഹചര്യങ്ങള്‍ കാരണം ഇന്ധന വിതരണത്തില്‍ തടസമുണ്ടായാല്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് റഷ്യ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഇന്ധനം നല്‍കിയ രാജ്യമെന്ന പദവി റഷ്യ തിരിച്ചുപിടിച്ചിരുന്നു. റെക്കോഡ് അളവില്‍ എണ്ണ ഇന്ധനം ഇറക്കുമതി ചെയ്തിട്ടും സൗദി അറേബ്യക്ക് ഇന്ത്യയുടെ എറ്റവും വലിയ ക്രൂഡോയില്‍ വില്‍പനക്കാരനാകാനായില്ല. 1.1 മില്യണ്‍ ബാരല്‍ എണ്ണയാണ് ഫെബ്രുവരിയില്‍?പ്രതിദിനം ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. സൗദി അറേബ്യയില്‍ നിന്ന് ഒരു മില്യണ്‍ ബാരല്‍ എണ്ണയും ഇറക്കുമതി ചെയ്തു.

ഹുര്‍മുസ് കടലിടുക്ക് വഴി പ്രതിദിനം 2.5 മില്യണ്‍ ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഇന്ത്യ എണ്ണ ഇറക്കുമതി നടത്തുന്നത്. 25 ദിവസത്തേക്കുള്ള എണ്ണ കരുതല്‍ ശേഖരം ഇന്ത്യയുടെ കൈവശമുണ്ട്.