- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് തീരത്ത് കപ്പലില്‍ സ്‌ഫോടനം; എണ്ണച്ചോര്‍ച്ച; ഖത്തറില്‍ യുഎസ് എംബസി പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു; ഗള്‍ഫ് മേഖലയെ പ്രതിസന്ധിയിലാക്കി ഇറാന്റെ പ്രത്യാക്രമണം; അമേരിക്കന്‍ എംബസികളില്‍ അതീവ ജാഗ്രത; കുവൈത്തില്‍ ഭക്ഷ്യ കയറ്റുമതിയ്ക്ക് നിരോധനം

ദോഹ/കുവൈത്ത് സിറ്റി: പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. കുവൈത്ത് തീരത്ത് ചരക്കുകപ്പലില്‍ വന്‍ സ്‌ഫോടനമുണ്ടായതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മുബാരക് അല്‍ കബീറിന് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് കപ്പലിലെ എണ്ണ കടലില്‍ പരന്നിട്ടുണ്ട്. കപ്പലിനുള്ളിലേക്ക് വെള്ളം കയറുന്നുണ്ടെങ്കിലും ജീവനക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. കപ്പലിന് നേരെയുണ്ടായ ആക്രമണമാണോ അതോ സാങ്കേതിക തകരാറാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഖത്തറില്‍ യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ താല്‍ക്കാലികമായി ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് ഖത്തര്‍ വ്യക്തമാക്കി. ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ താമസസൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും. യുഎസ് എംബസികള്‍ ലക്ഷ്യമിട്ട് ആക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ണ്ണായക നീക്കം.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ നാവികസേനയുടെ കപ്പല്‍ തകര്‍ത്തത് തങ്ങളാണെന്ന് യുഎസ് റിട്ട. ജനറല്‍ മാര്‍ക്ക് കിമ്മിറ്റ് വെളിപ്പെടുത്തി. യുഎസിന് ഭീഷണിയായതിനാലാണ് ടോര്‍പിഡോ ആക്രമണത്തിലൂടെ കപ്പല്‍ മുക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആക്രമണത്തില്‍ 87 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടു. അതേസമയം, ഈ സൈനിക നീക്കത്തിനായി ഇന്ത്യന്‍ തുറമുഖങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുദ്ധം ഇന്ത്യന്‍ സമുദ്രത്തിലേക്കും വ്യാപിക്കുന്നത് മേഖലയിലെ വ്യാപാര കപ്പലുകളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുയര്‍ത്തുന്നുണ്ട്.
ഇറാനില്‍ യുഎസ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആക്രമണങ്ങള്‍ തുടര്‍ന്ന് ഇറാനും എന്തിനും തയ്യാറാണെന്ന സന്ദേശം നല്‍കുകയാണ്. ഇറാന്‍ അയച്ച മൂന്ന് മിസൈലുകള്‍ കൂടി തകര്‍ത്തുവെന്ന് സൗദി അറേബ്യ അറിയിച്ചു. സൗദിയിലെ അല്‍-ഖര്‍ജ് നഗരത്തിന് പുറത്താണ് മൂന്ന് ക്രൂയിസ് മിസൈലുകളുപയോഗിച്ചുള്ള ആക്രമണ ശ്രമമുണ്ടായത്. ഇവയെ വിജയകരമായി പ്രതിരോധിച്ചുവെന്ന് അധികൃതര്‍ അറിയിച്ചത്. അതേസമയം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഗള്‍ഫിലേയ്ക്കുള്ള ആക്രമണത്തിന്റെ തീവ്രത കുറഞ്ഞു.
ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഖത്തറിലെ അമേരിക്കന്‍ എംബസിയില്‍ അതീവ ജാഗ്രത തുടരുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം പരിഗണിച്ച് കുവൈത്തില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി നിരോധിച്ചു. ആഭ്യന്തര ആവശ്യം പരിഗണിച്ചാണ് ഭക്ഷ്യ കയറ്റുമതി നിരോധിച്ചതെന്ന് കുവൈത്ത് വ്യക്തമാക്കി.


