- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെന്‍സി വിപ്ലവത്തിന് ശേഷമുള്ള നേപ്പാളിലെ ആദ്യ തിരഞ്ഞെടുപ്പ്; കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണത്തിന് അന്ത്യം കുറിച്ച് ബലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി; വന്‍ ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു; മുന്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്ക് കനത്ത തിരിച്ചടി

കാഠ്മണ്ഡു: നേപ്പാള്‍ പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ റാപ്പര്‍ ബാലേന്ദ്ര ഷായുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി (ആര്‍എസ്പി) അധികാരത്തിലേക്ക്. ജെന്‍സി പ്രക്ഷോഭത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നേപ്പാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം 94-ലധികം മണ്ഡലങ്ങളില്‍ അവര്‍ മുന്നിട്ടുനില്‍ക്കുന്നു. തന്റെ തനതായ ശൈലിയിലൂടെയും (കറുത്ത കണ്ണടയും താടിയും) സോഷ്യല്‍ മീഡിയ സ്വാധീനത്തിലൂടെയും യുവാക്കളുടെ (Gen Z) വലിയ പിന്തുണ ബാലന്‍ ഷാ നേടിയെടുത്തു. ഝാപ്പ-5 (Jhapa-5) മണ്ഡലത്തില്‍ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ബാലന്‍ ഷാ മുന്നിലാണ്. ജെന്‍സി പ്രക്ഷോഭത്തിന് നായകരിലൊരാളും മുന്‍ റാപ്പറുമായ ബലേന്ദ്ര ഷാ നയിച്ച രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി രാജ്യത്ത് വന്‍ ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു.
ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ആര്‍എസ്പിക്ക് 94 സീറ്റുകളില്‍ ലീഡുണ്ട്. രണ്ടാമതുള്ള നേപ്പാളി കോണ്‍ഗ്രസിന് 11 സീറ്റുകളിലാണ് ലീഡ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യുഎംഎല്‍ ഏഴ് സീറ്റിലും നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഒന്‍പത് സീറ്റുകളിലും മുന്നിലാണ്. 165 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 67 ഓളം പാര്‍ട്ടികളാണ് മത്സരിക്കുന്നത്.
സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് ആരംഭിച്ച 2025 ലെ ജെന്‍-സി പ്രക്ഷോഭമാണ് നേപ്പാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണത്തിന് അന്ത്യം കുറിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും തൊഴിലില്ലായ്മയും ഉയര്‍ത്തി സംഘടിച്ച പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി. 19 യുവാക്കള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന കെപി ഒലിക്ക് രാജിവെക്കേണ്ടി വന്നു. ഇടക്കാല സര്‍ക്കാര്‍ രാജ്യത്ത് അധികാരമേറ്റു. പിന്നീട് പ്രക്ഷോഭത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലാണെന്ന് ആരോപിച്ച് ഒലിയും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ശക്തമായ പ്രചാരണം നടത്തിയെങ്കിലും ജനം ഇത് വിശ്വസിച്ചില്ല.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജാപ്പയിലെ അഞ്ചാം മണ്ഡലത്തില്‍ കെപി ശര്‍മ ഒലിക്കെതിരെയാണ് ബലേന്ദ്ര ഷാ മത്സരിച്ചത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം മണ്ഡലത്തില്‍ വന്‍ മുന്നേറ്റമാണ് ബലേന്ദ്ര ഷാ കാഴ്ചവെക്കുന്നത്. ഒലിക്ക് 1248 വോട്ട് കിട്ടിയപ്പോള്‍ ബലേന്ദ്ര ഷായ്ക്ക് 5254 വോട്ടാണ് ലഭിച്ചിരിക്കുന്നതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാഠ്മണ്ഡു മേയറായിരുന്ന ബാലേന്ദ്ര ഷാ, തന്റെ ജനപ്രീതിയും ഭരണശൈലിയും കൊണ്ടാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ദേശീയ രാഷ്ട്രീയത്തില്‍ തരംഗമായത്. 'റാപ്പര്‍ മേയര്‍' എന്നറിയപ്പെട്ടിരുന്ന അദ്ദേഹം എന്‍ജിനീയറിങ് പശ്ചാത്തലമുള്ള വ്യക്തി കൂടിയാണ്. അഴിമതിക്കെതിരെയുള്ള പോരാട്ടവും വികസന കാഴ്ചപ്പാടുകളുമാണ് RSP-യെ ഈ വിജയത്തിലേക്ക് നയിക്കുന്നത്. 2025 സെപ്റ്റംബറില്‍ നടന്ന യുവാക്കളുടെ വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് പഴയ സര്‍ക്കാര്‍ താഴെ വീണതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. അഴിമതിക്കും കുടുംബവാഴ്ചയ്ക്കും എതിരെ 'മാറ്റം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് RSP വോട്ട് തേടിയത്. 1.2 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കുമെന്നും RSP വാഗ്ദാനം ചെയ്തിട്ടുണ്ട്.


