- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിക്ഷാപരമായ തീരുവകള്‍ സാമ്പത്തിക ബന്ധത്തെ ഉലച്ചു; ഇന്ത്യ-പാക് തര്‍ക്കം പരിഹരിച്ചെന്ന അവകാശവാദവും അസിം മുനീറിന് വൈറ്റ് ഹൗസില്‍ നല്‍കിയ സ്വീകരണവും വലിയ അബദ്ധം; ട്രംപിന്റെ ഏറ്റവും വലിയ പിഴവുകളിലൊന്ന് ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്ത രീതിയെന്ന് ടോണി ആബട്ട്

കാന്‍ബറ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയങ്ങളെയും പശ്ചിമേഷ്യന്‍ യുദ്ധത്തെയും വിശകലനം ചെയ്തുകൊണ്ട് ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട് നടത്തിയ പ്രതികരണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുണ്ടായ ഏറ്റവും വലിയ പിഴവുകളിലൊന്ന് ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്ത രീതിയാണെന്ന് ടോണി ആബട്ട് പറയുന്നു. ട്രംപിന്റെ വിദേശനയത്തെ താന്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നില്ലെന്നും ടോണി ആബട്ട് പറഞ്ഞു. ട്രംപിന്റെ നയതന്ത്രത്തിലെ പാളിച്ചകളും ഇറാന്റെ നിലവിലെ സാഹചര്യവുമാണ് ആബട്ട് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തെ ഏറ്റവും വലിയ നയതന്ത്ര പരാജയങ്ങളിലൊന്ന് ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്ത രീതിയാണെന്ന് ടോണി ആബട്ട് വിമര്‍ശിക്കുന്നു. ഇന്ത്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയ ശിക്ഷാപരമായ തീരുവകള്‍ സാമ്പത്തിക ബന്ധത്തെ ഉലച്ചു. പാക് സൈനിക മേധാവി അസിം മുനീറിന് വൈറ്റ് ഹൗസില്‍ നല്‍കിയ സ്വീകരണവും, ഇന്ത്യ-പാക് തര്‍ക്കം താന്‍ പരിഹരിച്ചു എന്ന ട്രംപിന്റെ അവകാശവാദവും ഇന്ത്യയുടെ അതൃപ്തിക്ക് കാരണമായി. എന്നാല്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച പുതിയ വ്യാപാരക്കരാര്‍, പഴയ പിഴവുകള്‍ തിരുത്താനുള്ള ട്രംപിന്റെ ശ്രമമായി കാണാമെന്നും ആബട്ട് നിരീക്ഷിക്കുന്നു.
ട്രംപ് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച വ്യാപാരക്കരാര്‍ ഇന്ത്യയുമായുള്ള മുന്‍കാല സംഘര്‍ഷങ്ങളില്‍ നിന്നുള്ള ഭാഗിക പിന്മാറ്റമായി തോന്നിയതായും ആബട്ട് പറഞ്ഞു. ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധത്തെ കുറിച്ചും ആബട്ട് പ്രതികരിച്ചു. ഇറാനില്‍ ഭരണമാറ്റം ഉണ്ടാകുമോയെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും ഇറാന്‍ ഭരണകൂടത്തിന് രാജ്യത്തിലെ ജനതയുടെ ഭൂരിഭാഗത്തിന്റെ മേല്‍ വലിയ സ്വാധീനമുണ്ടെന്നും അത് ശക്തമായി തന്നെ തുടരുമെന്നും ആബട്ട് പറഞ്ഞു. എങ്കിലും നിലനില്‍ക്കുന്നതോ അല്ലെങ്കില്‍ പുതുതായി ഉയര്‍ന്നുവരുന്നതോ ആയ ഭരണകൂടത്തിന് മുന്‍പുണ്ടായിരുന്ന അതേ തീവ്രത ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ആബട്ട് കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ആണവപരിപാടി പതിറ്റാണ്ടുകള്‍ പിന്നോട്ടു പോയതായും അദ്ദേഹം പറഞ്ഞു. ഇറാനിയന്‍ ആക്രമണങ്ങളുടെ തീവ്രത ഇതിനകം തന്നെ ഗണ്യമായി കുറഞ്ഞതായും ഇസ്രയേലിന്റെയും യുഎസിന്റെയും ആക്രമണങ്ങളുടെ രൂക്ഷത വര്‍ധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ഇറാനെതിരെ യുഎസും ഇസ്രയേലും ഫെബ്രുവരി 28 ന് ആരംഭിച്ച സൈനികനടപടി ഒരാഴ്ച പിന്നിട്ടു. ഇറാന്‍ ഇസ്രയേലിനും യുഎസ് സൈനിക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെ പുതിയ മിസൈലുകളും ഡ്രോണുകളും അയച്ചു. യുഎഇ, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ എന്നിവടങ്ങില്‍ നിന്ന് പുതിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


