- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെഹ്റാനിലെ എണ്ണ ശുദ്ധീകരണശാല അഗ്നിക്കിരയാക്കി ഇസ്രയേല്‍ താണ്ഡവം; യുദ്ധത്തിന്റെ അടുത്ത ഘട്ടത്തില്‍ ലക്ഷ്യം ഇറാന്റെ എണ്ണപ്പാടങ്ങളെന്ന് ഇസ്രയേല്‍; അമേരിക്കന്‍ കരസേനയെ ഇറാനില്‍ വിന്യസിക്കുന്ന കാര്യം ഗൗരവത്തില്‍ ആലോചിച്ച് ഡൊണാള്‍ഡ് ട്രംപ്; ആവശ്യത്തിന് ആയുധങ്ങള്‍ ഉണ്ടെന്ന് ഇറാന്‍; യുദ്ധം മുറുകും

ഇറാനിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഇസ്രയേലിന്റെ ആക്രമണം തുടര്‍ന്നപ്പോള്‍ ആകാശത്തേക്ക് ഉയര്‍ന്ന് അഗ്‌നിജ്വാലകള്‍. ടോണ്‍ഡ്ഗുയാന്‍ ഓയില്‍ റിഫൈന്നറിക്ക് നേരെ ആക്രമണം ഉണ്ടായതായി ഇറാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായ എണ്ണ മേഖലയ്ക്ക് നേരെയുള്ള ആദ്യ ആക്രമണമാണിത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തില്‍ തങ്ങള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുക ഇറാന്റെ എണ്ണ സമ്പത്തായിരിക്കുമെന്ന് ഇസ്രയേല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ടെഹ്‌റാന് തെക്ക് മാറിയുള്ള ടോണ്‍ഡ്ഗുയാന്‍ എണ്ണശുദ്ധീകരണശാലയ്ക്ക് പുറമെ മറ്റു ചില എണ്ണ സംഭരണ കേന്ദ്രങ്ങളിലും ഇസ്രയേലി സേന ആക്രമണം നടത്തി. ഇറാന്‍ സൈന്യത്തിന് ആവശ്യമായ ഇന്ധനം വിതരണം ചെയ്യുന്ന റിഫൈനറിയാണ് തകര്‍ത്തതെന്ന് ഇസ്രയേലി സേനാവൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ ഭീകരഭരണകൂടത്തിന്റെ സൈനിക ശക്തിക്ക് നേരെയുണ്ടായ മറ്റൊരു കടുത്ത ആക്രമണമാണിതെന്നാണ് ഇസ്രയേല്‍ സേന വിശേഷിപ്പിച്ചത്.
അതിനിടെ, അമേരിക്കന്‍ കരസേനയെ ഇറാന്‍ മണ്ണില്‍ വിസ്യസിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒരു സ്വകാര്യ യോഗത്തില്‍ താത്പര്യം പ്രകടിപ്പിച്ചതായി ചില സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധാനന്തര ഇറാനെ കുറിച്ചുള്ള തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ അത് അത്യാവശ്യമാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് വൈറ്റ്ഹൗസ് ഉപദേഷ്ടാക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെനിസുലയെ നിയന്ത്രിക്കുന്നതുപോലെ, യുദ്ധാനന്തര ഇറാനെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ട്രംപ് പ്രതീക്ഷിക്കുന്നതെന്ന് മറ്റു ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് എന്‍ ബി സി ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പൂര്‍ണ്ണ തോതിലുള്ള ഒരു അധിനിവേശമല്ല, ഇപ്പോള്‍ ട്രംപ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തിയ ചില ഉദ്യോഗസ്ഥര്‍, തന്ത്രപരമായ ആവശ്യങ്ങള്‍ക്കായി കുറച്ച് സൈന്യത്തെ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. ഇതുവരെ വ്യോമ - നാവിക പോരാട്ടങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. കരസേനയെ വിന്യസിക്കുകയാണെങ്കില്‍, 2021 ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയതിനു ശേഷം ഇതാദ്യമായിട്ടായിരിക്കും അമേരിക്കന്‍ സൈന്യം ഒരു വിദേശമണ്ണില്‍ കാലുകുത്തുന്നത്. ഖമനേയിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതില്‍ അമേരിക്കയ്ക്കും പങ്കുണ്ടാവണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടു. ഇസ്രയേലിനും അമേരിക്കയ്ക്കും അഭിമതനായ ഒരു വ്യക്തിയാണെങ്കില്‍ ജനാധിപത്യരീതിയിലല്ലാതെ തിരഞ്ഞെടുക്കുന്ന വ്യക്തിയെയും തങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനിടെ, വൈകിയാണെങ്കിലും മേഖലയിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയയ്ക്കാന്‍ തീരുമാനിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെ തന്റെ സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തി. ഇപ്പോള്‍ രണ്ട് വിമാനവാഹിനി കപ്പലുകളെ ബ്രിട്ടന്‍ അയയ്ക്കുന്നുണ്ടെന്നും, വിജയിച്ചുകഴിഞ്ഞ യുദ്ധത്തില്‍ കൂടുതല്‍ ആളുകള്‍ തങ്ങള്‍ക്കൊപ്പം ചേരേണ്ട ആവശ്യമില്ലെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം. ഏതായാലും, തങ്ങളുടെ എക്കാലത്തെയും വലിയ സഖ്യകക്ഷി വൈകിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഇസ്രയേലിനു നേരെയും കടുത്ത ആക്രമണമുണ്ടായി. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണവും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണവും ഏതാണ്ട് ഒരേസമയത്താണ് നടന്നത്. വടക്കന്‍ ഇസ്രയേലിലെ ഹൈഫ കിര്യാറ്റ് ഷ്‌മോണ തുടങ്ങിയ നഗരങ്ങളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനാല്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഇസ്രയേലിനുണ്ടാക്കാന്‍ ഈ ആക്രമണത്തിനു കഴിഞ്ഞില്ല. അതിനിടെ യു എ ഇ തകര്‍ത്ത ഇറാന്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ ദുബായിലെ ഒരു ആഡംബര അംബരചുംബിക്ക് മേല്‍ പതിച്ചു. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. 88 നിലകളുള്ള മരീന ടവറിനു മേലാണ് ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചത്.


