ഷ്യന്‍ കപ് ടൂര്‍ണമെന്റിന്റെ ഭാഗമായി ഓസ്‌ട്രേലിയയലെത്തിയ ഇറാനിയന്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ തിരിച്ചയക്കരുതെന്ന് ട്രംപ്. ഇറാനിയന്‍ ടീം മത്സരത്തില്‍ നിന്നും പരാജയപ്പെട്ട് പുറത്തായെങ്കിലും ടീമിനെ ഇറാനിലേക്ക് തിരിച്ചയച്ചാല്‍ അവര്‍ അവിടെവച്ച് കൊല്ലപ്പെടാനിടയുണ്ടെന്നും അഭയം നല്‍കണമെന്നും ട്രംപ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു. ഞായറാഴ്ച ഫിലിപ്പീന്‍സിനോട് 2-0 ന് തോറ്റതോടെയാണ് ഇറാന്‍ ടീം പുറത്തായത്. കളിയില്‍ നിന്നം പുറത്തായ ഇവര്‍ നാട്ടിലേക്ക് പോയാല്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ട്രംപ് പറയുന്നത്. ഓസ്‌ട്രേലിയ അഭയം നല്‍കിയില്ലെങ്കില്‍ വനിതാടീമിനെ അമേരിക്ക സംരക്ഷിക്കുമെന്നും ട്രംപ് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിനോട് പറഞ്ഞു.

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന വ്യോമാക്രമണത്തിനിടെയായിരുന്നു ടൂര്‍ണമെന്റ് ഓസ്‌ട്രേലിയയില്‍ ആരംഭിച്ചത്. ഏഷ്യന്‍ കപ്പ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ഇറാനിയന്‍ ടീം തങ്ങളുടെ ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിച്ചിരുന്നു. ഈ സംഭവവും നേരത്തേ വാര്‍ത്തയായിരുന്നു. ഇതിനെത്തുടര്‍ന്ന് വനിതാ ടീമിനെതിരെ പ്രതിഷേധമുണ്ടെന്നും 'യുദ്ധകാലത്തെ വഞ്ചകര്‍' ആയി മുദ്രകുത്തപ്പെട്ട ടീമിന്റെ ജീവനില്‍ ആശങ്കയുണ്ടെന്നും ആഗോള സംഘടനയായ ഫിഫ്‌പ്രോ (FIFPRO) അറിയിച്ചു. ഈ അവസരത്തില്‍ ടീമിനെ തിരിച്ചയച്ചാല്‍ അവരെല്ലാം കൊല്ലപ്പെട്ടേക്കാം. അതിനാല്‍ തന്നെ ഈ അവസരത്തില്‍ ഓസ്‌ട്രേലിയ അവരെ തിരിച്ചയച്ചാല്‍ അത് ഏറ്റവും ഗുരുതരമായ മനുഷ്യത്വവിരുദ്ധതയായി മാറുമെന്നും ട്രംപ് പറയുന്നു.

അതേസമയം ടീമിലുള്ള ചില കളിക്കാര്‍ക്ക് അഭയം നല്‍കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചതായി ട്രംപ് പിന്നീട് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. താന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും അഞ്ചുപേരെ സംരക്ഷിക്കുമെന്ന് അറിയിച്ചതായും ട്രംപ് കുറിച്ചു. എങ്കിലും കളിക്കാരില്‍ പലരും നാട്ടിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളെയോര്‍ത്ത് തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറയുന്നു. അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ സ്വന്തം ദേശീയഗാനത്തെ അപമാനിച്ച ഇറാനിയന്‍ വനിതാ ടീം നടത്തിയത് അങ്ങേയറ്റത്തെ നിന്ദയെന്നായിരുന്നു ഇറാന്‍ ബ്രോഡ്കാസ്റ്റിങ് കമന്റേറ്റര്‍ പറഞ്ഞത്. രാജ്യത്തിനകത്തും വനിതാ ടീമിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഇടപെടലുണ്ടായത്. ഓസ്‌ട്രേലിയ അഭയം നല്‍കിയില്ലെങ്കില്‍ ടീമിനെ അമേരിക്ക ഏറ്റെടുക്കും.