ബാഗ്ദാദ്: ഇറാഖ് ആകാശത്ത് വെച്ച് അമേരിക്കന്‍ ഇന്ധന വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരെണ്ണം തകര്‍ന്നു വീണു. പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം 13-ാം ദിവസത്തിലേക്ക് കടന്നതോടെ ഇറാഖ് യുദ്ധഭൂമിയായി മാറുകയാണ്. ഇറാഖിലെ കുര്‍ദിസ്ഥാനിലുള്ള സംയുക്ത സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പടിഞ്ഞാറന്‍ ഇറാഖില്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ കെ.സി-135 ടാങ്കര്‍ വിമാനമാണ് തകര്‍ന്നത്. മൂന്ന് ജീവനക്കാര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഈ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ വിമാനം സുരക്ഷിതമായി ഇസ്രായേലില്‍ ഇറക്കിയതായാണ് സൂചന. ശത്രുക്കളുടെ ആക്രമണം മൂലമല്ല അപകടം നടന്നതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. തകര്‍ന്ന വിമാനത്തിലെ ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പടിഞ്ഞാറന്‍ ഇറാഖിലെ എയര്‍ സ്പേസില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് റീഫ്യുവലിങ് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നതെന്നും ഇതില്‍ ഒന്ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്തിട്ടുണ്ടെന്നും മറ്റൊന്ന് പടിഞ്ഞാറന്‍ ഇറാഖില്‍ തകര്‍ന്ന് വീണെന്നുമാണ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചത്. ഇറാനെതിരായ ആക്രമണങ്ങള്‍ക്കായി നിരവധി വിമാനങ്ങള്‍ അമേരിക്ക, മിഡില്‍ ഈസ്റ്റിലേക്ക് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിന് ശേഷം ഏഴ് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 150-ഓളം സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

അതേസമയം, വടക്കന്‍ ഇറാഖിലെ എര്‍ബിലിലുള്ള ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സ് ക്യാമ്പിന് നേരെയും ഇറാന്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. ബ്രിട്ടന്റെ മാര്‍ട്ട്ലെറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഈ ആക്രമണത്തെ സൈന്യം പ്രതിരോധിച്ചു. ഇറാന്റെ ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ 'അദൃശ്യ കരങ്ങള്‍' ഉണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി ആരോപിച്ചു. യുക്രൈന്‍ യുദ്ധത്തിന് പണം കണ്ടെത്താന്‍ എണ്ണവില വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുടിന്‍ ഇറാനെ സഹായിക്കുകയാണെന്നാണ് ബ്രിട്ടന്റെ പക്ഷം.

ഇറാന്റെ ഷഹീദ് ചാവേര്‍ ഡ്രോണുകള്‍ റഷ്യന്‍ തന്ത്രങ്ങള്‍ കടമെടുത്താണ് ആക്രമണം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം കടുത്തതോടെ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ്. ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ഏഴ് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.