- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുജ്തബയെ പിടിക്കാന്‍ അമേരിക്ക; പാരിതോഷികം 92 കോടി; പട്ടികയില്‍ മുജ്തബയ്ക്കൊപ്പം ഇറാന്റെ ആഭ്യന്തര മന്ത്രിയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ ഉന്നത ഉദ്യോഗസ്ഥരും; ഇറാന്റെ പുതിയ പരമോന്നത നേതാവ് അതീവ ഗുരുതരാവസ്ഥയിലെന്ന് പെന്റഗണ്‍; ഇറാനെ തീര്‍ക്കാന്‍ ഉറച്ച് ട്രംപിസം

വാഷിങ്ടണ്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയെ ലക്ഷ്യമിട്ട് അമേരിക്കന്‍ നീക്കം ശക്തമാകുന്നു. മുജ്തബയെക്കുറിച്ചും അദ്ദേഹത്തിന്റെ നീക്കങ്ങളെക്കുറിച്ചും കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് 10 മില്യന്‍ യുഎസ് ഡോളര്‍ (ഏകദേശം 92.47 കോടി രൂപ) പാരിതോഷികമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചത്. യുഎസിന്റെ 'റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ്' പട്ടികയില്‍ മുജ്തബയ്ക്കൊപ്പം ഇറാന്റെ ആഭ്യന്തര മന്ത്രിയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ (ഐആര്‍ജിസി) ഉന്നത ഉദ്യോഗസ്ഥരും ഇടംപിടിച്ചിട്ടുണ്ട്.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ മുജ്തബ ഖമനയിക്ക് ഗുരുതരമായി പരിക്കേറ്റെന്നും അദ്ദേഹം ഇപ്പോള്‍ ഒളിവിലാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പെന്റഗണില്‍ വെളിപ്പെടുത്തി. ആക്രമണത്തില്‍ മുജ്തബയുടെ ശരീരത്തിന് തിരിച്ചറിയാനാകാത്ത വിധം രൂപമാറ്റം സംഭവിച്ചതായും അദ്ദേഹം ചികിത്സയിലാണെന്നുമാണ് യുഎസ് സ്ഥിരീകരിക്കുന്നത്. പിതാവ് അലി ഖമനയിയുടെ മരണശേഷം അധികാരമേറ്റ മുജ്തബ, ജനങ്ങളെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട ആദ്യ പ്രസ്താവനയില്‍ ശബ്ദമോ ദൃശ്യങ്ങളോ ഇല്ലാതിരുന്നത് അദ്ദേഹത്തിന്റെ ഗുരുതരാവസ്ഥയ്ക്ക് തെളിവാണെന്ന് യുഎസ് ചൂണ്ടിക്കാട്ടുന്നു.
'ഇറാന്റെ പക്കല്‍ ധാരാളം ക്യാമറകളും റെക്കോഡിംഗ് സംവിധാനങ്ങളുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഒരു രേഖാമൂലമുള്ള പ്രസ്താവന മാത്രം പുറത്തുവിട്ടത്? അദ്ദേഹം ഭയന്നിരിക്കുകയാണ്, പരിക്കേറ്റിരിക്കുന്നു, ഇപ്പോള്‍ ഒളിവിലാണ്,' ഹെഗ്സെത്ത് പരിഹസിച്ചു. മുജ്തബ നിലവില്‍ കോമയിലാണെന്നും ഒരു കാല്‍ നഷ്ടപ്പെട്ടുവെന്നും ബ്രിട്ടീഷ് പത്രമായ 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെഹ്‌റാനിലെ സിനാ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ അതീവ സുരക്ഷാ വലയത്തിലാണ് അദ്ദേഹം കഴിയുന്നതെന്നാണ് സൂചന.
യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാന്റെ മിസൈല്‍ പ്രഹരശേഷി 90 ശതമാനവും, ഡ്രോണ്‍ ആക്രമണ ശേഷി 95 ശതമാനവും തകര്‍ക്കപ്പെട്ടതായി ഹെഗ്സെത്ത് വ്യക്തമാക്കി. ഏകദേശം 15,000 ശത്രുതാവളങ്ങളെ സഖ്യകക്ഷികള്‍ ഇതുവരെ തകര്‍ത്തു. ഇറാനിയന്‍ സുരക്ഷാ മേധാവി അലി ലാറിജാനി, പരമോന്നത നേതാവിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗര്‍ ഹെജാസി എന്നിവരുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കും അമേരിക്ക പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ അമേരിക്കന്‍ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ്.
മുജ്തബ ഖമനയി ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇറാനില്‍ അധികാര വടംവലി രൂക്ഷമായതായാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. പരമോന്നത നേതാവായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുജ്തബ 'അദൃശ്യനായത്' ഭരണകൂടത്തിനുള്ളില്‍ വലിയ അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്. മുജ്തബയ്ക്ക് പകരം ഐ.ആര്‍.ജി.സിയിലെ തന്നെ മറ്റൊരു മുതിര്‍ന്ന നേതാവിനെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്നും അമേരിക്ക പരിശോധിക്കുന്നുണ്ട്.
ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ശേഷി ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ത്തുവെന്ന പെന്റഗണിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, ഇസ്രയേല്‍ തങ്ങളുടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. മുജ്തബയെ കൂടാതെ ലിസ്റ്റിലുള്ള മറ്റ് ഐ.ആര്‍.ജി.സി കമാന്‍ഡര്‍മാരെ 'ന്യൂട്രലൈസ്' ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള സൈബര്‍-ഇന്റലിജന്‍സ് ഓപ്പറേഷനുകള്‍ക്കാണ് സഖ്യകക്ഷികള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.
ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നുമില്ലെങ്കിലും, ഔദ്യോഗിക മാധ്യമങ്ങള്‍ വഴി മുജ്തബയുടെ പഴയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ വിശ്വാസ്യത അമേരിക്ക തള്ളിക്കളയുന്നു.


