- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്രൂരവും മനസ്സാക്ഷിയില്ലാത്തതുമായ ആക്രമണം; കൂട്ടക്കൊലയെ സൈനിക നടപടിയായി ന്യായീകരിക്കാന്‍ ശ്രമിച്ചു; ഉത്തരവാദികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തണം'; പാക്കിസ്ഥാന്റെ അഫ്ഗാന്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ആശുപത്രിക്ക് നേരെ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ. കൂട്ടക്കൊലയെ സൈനിക നടപടിയായി ന്യായീകരിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. സാധാരണക്കാരെ കൊലപ്പെടുത്തുതയും അഫ്ഗാനിസ്ഥാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്ത ക്രൂരവും മനസ്സാക്ഷിയില്ലാത്തതുമായ ആക്രമണമാണ് പാക്കിസ്ഥാന്‍ നടത്തിയത്. ഉത്തരവാദികള്‍ക്കെതിരെ രംഗത്തെത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
കാബൂളിലെ ഡീ അഡിക്ഷന്‍ പുനരധിവാസ ആശുപത്രിയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 400 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി കാബൂളിലെ ഒമിഡ് അഡിക്ഷന്‍ ട്രീറ്റ്മെന്റ് ഹോസ്പിറ്റലിലാണ് പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്. ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത, നിരവധി സാധാരണക്കാരുടെ ജീവന്‍ അപഹരിച്ച ഭീരുത്വവും മനസ്സാക്ഷിക്കു നിരക്കാത്തതുമായ അക്രമമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പാക്കിസ്ഥാന്‍ ഇപ്പോള്‍ ഒരു കൂട്ടക്കൊലയെ സൈനിക നടപടിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കാബൂള്‍ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഏകദേശം 400 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആശുപത്രി പൂര്‍ണമായി തകര്‍ന്നതായി അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എന്നാല്‍, അഫ്ഗാന്‍ തലസ്ഥാനമായ പ്രവിശ്യയിലെ ഒരു ആശുപത്രിയിലും ആക്രമണം നടത്തിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍ പറഞ്ഞു.
കാബൂളിലെ ആശുപത്രിയില്‍ പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് വ്യോമാക്രമണം നടന്നതെന്നും 2,000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം തകര്‍ന്നുവെന്നും അഫ്ഗാനിസ്ഥാന്‍ ഡെപ്യൂട്ടി ഗവണ്‍മെന്റ് വക്താവ് ഹംദുള്ള ഫിത്രത്ത് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.


