- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ തുടര്‍ച്ചയായ അവഹേളനങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് കെമി ബെയ്ഡ്‌നോക്ക്; ചാള്‍സ് രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനം നീട്ടിവയ്ക്കണമെന്ന ആവശ്യം ഉയരുന്നു; അമേരിക്കയും ബ്രിട്ടണും തമ്മിലെ ബന്ധം വഷളാകുമോ?

രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുതെന്ന ജനാധിപത്യത്തിന്റെ കാതലായ ആശയം ഉള്‍ക്കൊണ്ട് അവസരത്തിനൊത്ത് ഉയര്‍ന്ന് ബ്രിട്ടീഷ് പ്രതിപക്ഷം. ഇറാന്‍ യുദ്ധത്തിന് ആവശ്യമായ പിന്തുണ നല്‍കാത്തതിന് തുടര്‍ച്ചയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് കെമി ബെയ്ഡ്‌നോക്ക് രംഗത്തെത്തി. തികച്ചും ബാലിശമാണ് ട്രംപിന്റെ പ്രവൃത്തി എന്നായിരുന്നു ബെയ്ഡ്‌നോക്കിന്റെ പ്രതികരണം. അമേരിക്കന്‍ പ്രസിഡണ്ടില്‍ നിന്നും, ഇറാന്‍ ആക്രമണത്തില്‍ നിന്നും സുരക്ഷിതമായ ഒരു അകലം പാലിക്കുകയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും.
അമേരിക്കയെ ബ്രിട്ടന്‍ യുദ്ധത്തില്‍ സഹായിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച ട്രംപിനുള്ള മറുപടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് ബെയ്ഡ്‌നോക്ക് നല്‍കിയത്. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരുപക്ഷെ വിപരീതഫലം ഉണ്ടാക്കിയേക്കാം എന്ന് അവര്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. താന്‍ കീര്‍ സ്റ്റാര്‍മറുടെ കടുത്ത വിമര്‍ശകയാണെന്ന് പറഞ്ഞ കെമി ബെയ്ഡ്‌നോക്ക്, പക്ഷെ വൈറ്റ്ഹൗസില്‍ നിന്നും വരുന്ന പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരമാണെന്നും ആരോപിച്ചു.
യുക്രെയിന്‍ പ്രസിഡണ്ട് സെലെന്‍സ്‌കി ബ്രിട്ടനില്‍ വരുന്നുവെന്നും പാശ്ചാത്യ സഖ്യകക്ഷികള്‍ കൂടുതല്‍ ശക്തരാകാനുള്ള ശ്രമം നടത്തുന്നതിനിടെ ഇങ്ങനെ അമേരിക്കന്‍ പക്ഷത്തുനിന്നും വരുന്ന പ്രതികരണങ്ങള്‍ ഇറാനിലെയും റഷ്യയിലെയും ശത്രുക്കള്‍ക്ക് തെറ്റായ സൂചനകള്‍ നല്‍കുമെന്നും കണ്‍സര്‍വേറ്റീവ് നേതാവ് ഓര്‍മ്മിപ്പിച്ചു. പ്രസിഡണ്ടു പ്രധാനമന്ത്രിയുമൊക്കെ ആരെന്നത് കാര്യമാക്കാതെ തന്നെ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ചാള്‍സ് രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനം നീട്ടിവയ്ക്കണമെന്ന് ആവശ്യം
ബ്രിട്ടനും ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടവുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനം നീട്ടിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയും ഇറാന്‍ യുദ്ധത്തില്‍ ബ്രിട്ടനെടുത്ത സമീപനം തന്നെ നിരാശപ്പെടുത്തുന്നു എന്ന പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡെയിം എമിലി തോണ്‍ബെറിയും രാജാവിന്റെ സന്ദര്‍ശനം നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബ്രിട്ടനും അമേരിക്കയുമായി ഉണ്ടായിരുന്ന ഊഷ്മളമായ ബന്ധം കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്, ഇത് രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ കരിനിഴല്‍ വീഴ്ത്തിയേക്കാം എന്ന ആശങ്ക ശക്തമാക്കുന്നുണ്ട്. അടുത്ത മാസം അവസാനത്തോടെയാണ് രാജാവ് അമേരിക്ക സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എന്നാല്‍, അതിനുള്ള തീയതികള്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡെയിം എമിലി തോണ്‍ബെറിക് ചൂണ്ടിക്കാട്ടി. ഒരു യുദ്ധ പശ്ചാത്തലത്തില്‍ ഇത്തരമൊരു സന്ദര്‍ശനം നല്ലതല്ല എന്നും ബി ബി സി റേഡിയോ 4 നോട് സംസാരിക്കവെ അവര്‍ പറഞ്ഞു.
ബ്രിട്ടനും ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം നല്ല നിലയിലാക്കുവാന്‍ ചാള്‍സ് രാജാവ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡണ്ടിന്റെ രണ്ടാം ബ്രിട്ടീഷ് സന്ദര്‍ശനം ഏറെ വിജയകരമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. അന്ന് അതില്‍ രാജാവ് ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. അമേരിക്ക സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ ഇരുനൂറ്റി അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇപ്പോള്‍ രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനം. 2007 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ ക്ഷണം സ്വീകരിച്ച് എലിസബത്ത് രാജ്ഞി അമേരിക്ക സന്ദര്‍ശിച്ചതിനു ശേഷം ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് രാഷ്ട്രത്തലവന്‍ അമേരിക്ക സന്ദര്‍ശിക്കുന്നത്.


