റാനെതിരെയുള്ള സൈനിക നീക്കം ശക്തമാക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി കൂടുതല്‍ തീവ്രമാകുന്നു. ഇറാനില്‍ നേരിട്ടുള്ള സൈനിക വിന്യാസത്തിന് അമേരിക്ക വിശദമായ പദ്ധതികള്‍ തയ്യാറാക്കിയതായി സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ഭരണകൂടത്തിനെതിരെയുള്ള വ്യോമാക്രമണം മൂന്ന് ആഴ്ച പിന്നിടുന്ന സാഹചര്യത്തിലാണ് നിര്‍ണ്ണായകമായ ഈ നീക്കം.

എന്നാല്‍ ഇറാന്റെ മണ്ണിലേക്ക് സൈന്യത്തെ അയക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. വൈറ്റ് ഹൗസില്‍ ജപ്പാന്‍ പ്രധാനമന്ത്രി സാനേ തകൈച്ചിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ സൈന്യത്തെ അയക്കുന്നില്ലെന്നും, ഇനി അഥവാ അങ്ങനെയൊരു തീരുമാനമുണ്ടെങ്കില്‍ അത് മാധ്യമങ്ങളോട് വെളിപ്പെടുത്തില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ലോകത്തെ ഏറ്റവും പ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലെ ഇറാന്‍ ആക്രമണങ്ങളെച്ചൊല്ലി അന്താരാഷ്ട്ര തലത്തില്‍ തര്‍ക്കം മുറുകുകയാണ്. ഹോര്‍മുസ് കടലിടുക്ക് അമേരിക്കയ്ക്ക് ആവശ്യമില്ലെന്നും യൂറോപ്പും ജപ്പാനും ചൈനയുമാണ് ഇതിന്റെ ഗുണഭോക്താക്കളെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ കപ്പല്‍ പാതയുടെ സുരക്ഷയ്ക്കായി ഈ രാജ്യങ്ങള്‍ മുന്നിട്ടിറങ്ങണം. നാറ്റോ സഖ്യകക്ഷികള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് ട്രംപ് വിമര്‍ശനം ഉന്നയിച്ചത്.

റഷ്യയ്ക്കെതിരെയുള്ള പ്രതിരോധ നിരയായ നാറ്റോ വെറുമൊരു കടലാസ് പുലി ആണെന്നും ഭീരുക്കളുടെ കൂട്ടമാണെന്നും അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. അമേരിക്കയുടെ സഹായമില്ലാതെ നാറ്റോയ്ക്ക് നിലനില്‍പ്പില്ല. എണ്ണവില വര്‍ദ്ധനവിനെക്കുറിച്ച് പരാതിപ്പെടുന്നതല്ലാതെ കടലിടുക്ക് തുറക്കാന്‍ നാറ്റോ രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്ന് ട്രംപ് ആരോപിച്ചു.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, കാനഡ എന്നീ ഏഴ് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. എന്നാല്‍ ഈ വാഗ്ദാനം ട്രംപിനെ തൃപ്തിപ്പെടുത്തിയിട്ടില്ല. ജര്‍മ്മനിയിലെയും സ്പെയിനിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ മാറ്റുന്നത് പരിഗണിക്കണമെന്ന സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാമിന്റെ ആവശ്യത്തെ ട്രംപ് പിന്തുണച്ചു. നിലവില്‍ ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസ് ഉള്‍പ്പെടെയുള്ള യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

അതിനിടെ, ട്രംപ് നേരിട്ട് സൈനിക വിന്യാസത്തിന് ഉത്തരവിട്ടിട്ടില്ലെന്നും എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ പെന്റഗണ്‍ പദ്ധതികള്‍ തയ്യാറാക്കി വച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലീവിറ്റ് വ്യക്തമാക്കി.