- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധങ്ങളില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയതിന്റെ പേരില്‍ രണ്ട് നഴ്‌സുമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂട്ടബലാത്സംഗം ചെയ്തു; ഇറാനില്‍ ഭരണകൂട ഭീകരത: പ്രതിഷേധക്കാരെ തളയ്ക്കാന്‍ ലൈംഗികാതിക്രമം ആയുധമാക്കുന്നു; നഴ്സുമാര്‍ക്കും കുട്ടികള്‍ക്കും നേരെ ക്രൂരത

ടെഹ്റാന്‍: ജനുവരിയില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കും അവര്‍ക്ക് ചികിത്സ നല്‍കിയവര്‍ക്കും നേരെ ഇറാന്‍ ഭരണകൂടം സ്വീകരിക്കുന്ന കിരാത നടപടികള്‍ വംശഹത്യയ്ക്ക് തുല്യമാകുന്നു. പ്രതിഷേധങ്ങളില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയതിന്റെ പേരില്‍ രണ്ട് നഴ്‌സുമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് ഒരു നഴ്‌സിന്റെ ഗര്‍ഭപാത്രവും കുടലും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നു. തടങ്കലില്‍ നേരിട്ട ആഘാതത്തില്‍ മാനസിക നില തെറ്റിയ ഇവര്‍ തന്നെ മരിക്കാന്‍ അനുവദിക്കണമെന്ന് ഡോക്ടര്‍മാരോട് അപേക്ഷിക്കുന്ന ദയനീയ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം 12 വയസ്സുള്ള പെണ്‍കുട്ടികള്‍ മുതല്‍ 14 വയസ്സുള്ള ആണ്‍കുട്ടികള്‍ വരെ ഐആര്‍ജിസി ഏജന്റുമാരുടെ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. 19 വയസ്സുകാരനായ അമീര്‍ ഹുസൈന്‍ ഖാദര്‍സാദെയുടെയും അദ്ദേഹത്തിന്റെ 14 വയസ്സുള്ള രണ്ട് സഹോദരിമാരുടെയും നഗ്‌നരാക്കിയുള്ള പരിശോധനയും തുടര്‍ന്നുണ്ടായ അതിക്രമങ്ങളും ഇതിന്റെ ഭീകരത വ്യക്തമാക്കുന്നു. അമീര്‍ ഹുസൈനെ ഇതിനോടകം വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും അദ്ദേഹത്തെ എങ്ങോട്ടാണ് മാറ്റിയതെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പ്രതിഷേധക്കാരെ സഹായിക്കരുതെന്ന ഐആര്‍ജിസി നിര്‍ദ്ദേശം ലംഘിച്ച 14 നഴ്‌സുമാര്‍ കടുത്ത വേട്ടയാടലാണ് നേരിടുന്നത്. ചികിത്സയ്ക്കിടെ ആശുപത്രിയിലേക്ക് ഇരച്ചുകയറിയ സേന രോഗികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും രണ്ട് നഴ്‌സുമാരെ കൊലപ്പെടുത്തുകയും ചെയ്തു. പീഡനത്തിന് ഇരയായ നഴ്‌സുമാരെക്കൊണ്ട് നിര്‍ബന്ധിത കുറ്റസമ്മത രേഖകളില്‍ ഒപ്പിടുവിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തടവിലാക്കപ്പെടുന്നവരെ മാനസികമായും ശാരീരികമായും തകര്‍ക്കാന്‍ 'ചിക്കന്‍ കബാബ്' (കൈകാലുകള്‍ ബന്ധിച്ച് കമ്പിയില്‍ തൂക്കിയിടുക), വ്യാജ വധശിക്ഷാ നാടകങ്ങള്‍, നഖങ്ങള്‍ പിഴുതെടുക്കല്‍ തുടങ്ങിയ പൈശാചികമായ പീഡനമുറകളാണ് ഇറാനിലെ ജയിലുകളില്‍ നടപ്പിലാക്കുന്നത്. 2022-ലെ മഹ്സ അമീനിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായി ഇന്നും ഇറാനിലെ തെരുവുകള്‍ ചോരയില്‍ കുതിരുകയാണ്. ഇറാന്‍ ഭരണകൂടത്തിന്റെ ഈ ക്രൂരതകള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നു. സ്വന്തം ജനതയെ ലൈംഗികമായും ശാരീരികമായും വേട്ടയാടുന്ന ഒരു ഭരണകൂടത്തിന്റെ കിരാത മുഖമാണ് ആധുനിക ലോകത്തിന് മുന്നില്‍ വെളിവാകുന്നത്.
തങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഇറാനിലെ ഭരണകൂട എന്നു ക്രൂരമായ മാര്‍ ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. അടിച്ചമര്‍ത്തലിനുള്ള ക്രൂരമായ ആയുധമായി ലൈംഗികാതിക്രമങ്ങളെ ഇറാനിലെ ഭരണകൂടം കാലങ്ങളായി ഉപയോഗിക്കാറുണ്ട്. ജനുവരിയില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ തെരുവിലിറങ്ങിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഭരണകൂടത്തിന്റെ കിരാതമായ നടപടികള്‍ ലോകമെമ്പാടും ചര്‍ച്ചയാകുമ്പോഴും, അടുത്ത മാസങ്ങളില്‍ അയത്തൊള്ളയുടെ അനുയായികള്‍ നടത്തുന്ന ലൈംഗിക പീഡന മുറകള്‍ നിരീക്ഷകരെപ്പോലും ഞെട്ടിക്കുന്നതാണ്.
ആയിരക്കണക്കിന് ഇറാനികള്‍ ലൈംഗിക അതിക്രമ ഭീഷണിയിലാണെന്നും ജനുവരിയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ 14 വയസ്സുള്ള കുട്ടികള്‍ പോലും ഐആര്‍ജിസി ഗുണ്ടാസംഘങ്ങളാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും കഴിഞ്ഞ മാസം പുറത്തുവന്ന ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേ മാസം തന്നെ, പ്രതിഷേധങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കിയതിന്റെ പേരില്‍ രണ്ട് ഇറാനിയന്‍ നഴ്‌സുമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.
ടെഹ്റാനിലെ രാജായി കാര്‍ഡിയോവാസ്‌കുലര്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ നേഴ്‌സുമാരാണ് ഇത്തരത്തില്‍ ക്രൂരമായ പീഡനത്തിന് ഇരയായത്. ഇവരുടെ ഗര്‍ഭപാത്രം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നുവെന്ന് വിവരം പുറത്തുവരുമ്പോള്‍ ആക്രമണം എത്രത്തോളം ഭീകരമായിരുന്നു ചിന്തിക്കാം. 33 വയസ്സുള്ള ആ നഴ്‌സ് അനുഭവിച്ച ആഘാതം അത്രമേല്‍ വലുതാണ്. തന്നെ മരിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ ഡോക്ടര്‍മാരോട് അപേക്ഷിക്കുകയാണ്. മാനസിക നില തെറ്റി സ്വയം മുറിവേല്‍പ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരെ ആശുപത്രി കിടക്കയില്‍ ബന്ധിച്ചിരിക്കുകയാണ്. ഐആര്‍ജിസി സുരക്ഷാ സേനയുടെ കര്‍ശന നിരീക്ഷണത്തിലാണ് അവര്‍ ഇപ്പോഴുള്ളത്.
പ്രതിഷേധക്കാരെ ഭയപ്പെടുത്താന്‍ ഐആര്‍ജിസി നടപ്പിലാക്കുന്ന ലൈംഗികാതിക്രമങ്ങളുടെ നീണ്ട ചരിത്രത്തിന്റെ തുടര്‍ച്ചയാണിത്. 12 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ പോലും ബലാത്സംഗം ചെയ്യപ്പെട്ടതായി ആംനസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. പീഡനങ്ങള്‍ക്കും ക്രൂരമായ കൊലപാതകങ്ങള്‍ക്കും അറസ്റ്റുകള്‍ക്കും പുറമെ നിര്‍ബന്ധിത കുറ്റസമ്മതങ്ങള്‍ക്കായി ഇറാന്‍ ഭരണകൂടം ലൈംഗിക അതിക്രമങ്ങളെ ഒരു ആയുധമായി ഉപയോഗിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ അന്വേഷണ സംഘവും കണ്ടെത്തിയിട്ടുണ്ട്.
അമീര്‍ ഹുസൈന്‍ ഖാദര്‍സാദെ എന്ന 19 വയസ്സുകാരന്റെ വീട്ടിലേക്ക് ഐആര്‍ജിസി ഏജന്റുമാര്‍ ഇരച്ചുകയറി നടത്തിയ ക്രൂരതയാണ് മറ്റൊന്ന്. പ്രതിഷേധങ്ങളില്‍ പങ്കെടുത്തു എന്ന് 'തെളിയിക്കാന്‍' ശരീരത്തില്‍ പെല്ലറ്റുകള്‍ തറച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി അമീര്‍ ഹുസൈനെയും അവന്റെ രണ്ട് സഹോദരിമാരെയും (വെറും 14 വയസ്സ്) അവര്‍ നഗ്‌നരാക്കി. ഇതിനുപിന്നാലെ അവരെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കുകയും അമീര്‍ ഹുസൈനെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. അവനെ എങ്ങോട്ടാണ് മാറ്റിയതെന്നോ നിലവിലെ അവസ്ഥ എന്താണെന്നോ വെളിപ്പെടുത്താന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
2022-ല്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാന്‍ മോറാലിറ്റി പോലീസ് അറസ്റ്റ് ചെയ്ത 22 വയസ്സുകാരി മഹ്സ അമീനിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനും ഐആര്‍ജിസി ലൈംഗിക അതിക്രമങ്ങള്‍ ആയുധമാക്കിയിരുന്നു. ആ സമയത്ത് ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയുള്‍പ്പെടെയുള്ള ക്രൂരതകള്‍ക്ക് ഇരയായ 26 പുരുഷന്മാരും 12 സ്ത്രീകളും ഏഴ് കുട്ടികളും ഉള്‍പ്പെടെ 45 പേര്‍ ആംനസ്റ്റിയോട് തങ്ങള്‍ അനുഭവിച്ച ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി. രാജ്യവ്യാപകമായ പ്രതിഷേധങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനായി 12 വയസ്സുള്ള കുട്ടികളെപ്പോലും മര്‍ദ്ദനം, ചാട്ടവാറടി, ഷോക്ക് ഏല്‍പ്പിക്കല്‍, ലൈംഗിക പീഡനം തുടങ്ങിയ ഭീകരമായ പീഡനമുറകള്‍ക്ക് ഇറാന്റെ ഇന്റലിജന്‍സ്-സുരക്ഷാ സേനകള്‍ വിധേയരാക്കിയതായി സംഘടന റിപ്പോര്‍ട്ട് ചെയ്തു. പോലീസിന്റെ പ്രത്യേക വിഭാഗത്തിന്റെ വാനില്‍ വച്ച് തന്നെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി ഇരയായ ഫര്‍സാദ് വെളിപ്പെടുത്തി.
തന്റെ മകനെ തടങ്കലില്‍ വെച്ചിരുന്ന സമയത്ത് ഉദ്യോഗസ്ഥര്‍ ഹോസ് പൈപ്പ് ഉപയോഗിച്ച് പീഡിപ്പിച്ചതായി ഒരു അമ്മ വെളിപ്പെടുത്തി. സ്വന്തം പൗരന്മാര്‍ക്ക് നേരെ ഇറാന്‍ ഭരണകൂടം നടത്തുന്ന കിരാതമായ പ്രതികാര നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ആയിരക്കണക്കിന് പ്രതിഷേധക്കാരെ ഐആര്‍ജിസി (IRGC) ഉദ്യോഗസ്ഥര്‍ കൂട്ടക്കൊല ചെയ്തതിന് പിന്നാലെ, പരിക്കേറ്റവരെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകരെയും അവര്‍ ക്രൂരമായി പീഡിപ്പിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു. ഐആര്‍ജിസിയുടെ അതിക്രമത്തിന് ഇരയായ ഒരു നഴ്‌സിന്റെ കുടല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നു. അവരുടെ ഗര്‍ഭപാത്രവും നീക്കം ചെയ്യേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ മലവിസര്‍ജ്ജനത്തിനായി കൃത്രിമ മാര്‍ഗ്ഗമായ കൊളോസ്റ്റമി ബാഗിനെ ആശ്രയിച്ചാണ് അവര്‍ ജീവിക്കുന്നത്. തടങ്കലില്‍ നിന്ന് മോചിതയാകാന്‍ ഒരു ഐആര്‍ജിസി ഏജന്റിനെ വിവാഹം കഴിച്ചുവെന്ന രേഖയില്‍ ഒപ്പിടാന്‍ ഈ നഴ്‌സ് നിര്‍ബന്ധിതയായെന്നും അവരുടെ കുടുംബം അയാള്‍ക്ക് വലിയൊരു തുക നല്‍കേണ്ടി വന്നുവെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ നേരിട്ട ക്രൂരതകള്‍ക്ക് ഉത്തരവാദികള്‍ 'കലാപകാരികളാണെന്ന്' കുറ്റപ്പെടുത്തുന്ന പ്രസ്താവനയിലും അവരെക്കൊണ്ട് ഒപ്പിടുവിച്ചു. ജനുവരിയില്‍ ഇറാനിലെ ക്രൂര ഭരണകൂടത്തിനെതിരെ നടന്ന രാജ്യവ്യാപകമായ പ്രതിഷേധങ്ങളില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയതിനാണ് ഈ നഴ്‌സ് ഇത്രയും വലിയ വേട്ടയാടല്‍ നേരിട്ടത്.
തലസ്ഥാനത്തെ വാലി-അസര്‍ മേഖലയിലുള്ള ഈ ആശുപത്രിയിലേക്ക് ജനുവരി 8-ന് വൈകുന്നേരം ഐആര്‍ജിസി (IRGC) സേനയുടെ വെടിയേറ്റവര്‍ ഉള്‍പ്പെടെ നിരവധി പ്രതിഷേധക്കാരെ എത്തിച്ചിരുന്നു. പരിക്കേറ്റവരെ സഹായിക്കരുതെന്ന് ഐആര്‍ജിസി ഏജന്റുമാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, അവിടെയുണ്ടായിരുന്ന 27 നഴ്‌സുമാരില്‍ 14 പേര്‍ ഈ ഭീഷണി അവഗണിച്ചു. പരിക്കേറ്റവരോട് സഹതാപം പ്രകടിപ്പിച്ച രണ്ട് പുരുഷ നഴ്‌സുമാരെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. നഴ്‌സുമാര്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ഐആര്‍ജിസി സേന രോഗികള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി 'ഇറാന്‍ ഇന്റര്‍നാഷണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് നഴ്‌സുമാര്‍ കൊല്ലപ്പെടുകയും മറ്റുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തൊടരുതെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെ ശവങ്ങള്‍ അവിടെക്കിടന്ന് ജീര്‍ണ്ണിക്കുന്ന അവസ്ഥയുണ്ടായി. പിന്നീട് ഈ രണ്ട് നഴ്‌സുമാരുടെയും മൃതദേഹങ്ങള്‍ കഹ്രിസാക്കില്‍ നിന്നാണ് കണ്ടെത്തിയത്. പ്രതിഷേധിച്ചതിന്റെ പേരില്‍ ഭരണകൂടം ആയിരങ്ങളെ കൊന്നൊടുക്കിയപ്പോള്‍ മൃതദേഹങ്ങള്‍ ബാഗുകളിലാക്കി കൂട്ടിയിട്ടിരുന്ന സ്ഥലമായിരുന്നു അത്. ജനുവരിയിലെ പ്രതിഷേധങ്ങള്‍ക്കിടയില്‍ തടങ്കലിലായ 15-ഉം 17-ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ സൈനികര്‍ ബലാത്സംഗം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നതിനായി ഇറാന്റെ ക്രൂരരായ ജയില്‍ അധികൃതര്‍ കാലങ്ങളായി അതിരൂക്ഷമായ പീഡനമുറകളാണ് ഉപയോഗിക്കുന്നത്. തടവിലാക്കപ്പെട്ടവരുടെ കൈകാലുകള്‍ ബന്ധിച്ച് ഒരു കമ്പിയില്‍ തൂക്കിയിടുന്ന 'ചിക്കന്‍ കബാബ്' എന്ന് ചോദ്യം ചെയ്യുന്നവര്‍ വിളിക്കുന്ന അതിവേദനാജനകമായ പീഡനമുറകളെക്കുറിച്ച് ആംനസ്റ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘനേരം ഇത്തരത്തില്‍ തൂക്കിയിടുന്നത് ശരീരത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. മുഖം തുണികൊണ്ട് മൂടി വെള്ളമൊഴിച്ചുള്ള പീഡനം, തൂക്കിലേറ്റിയോ ഫയറിംഗ് സ്‌ക്വാഡിന് മുന്നില്‍ നിര്‍ത്തിയോ ഉള്ള വ്യാജ വധശിക്ഷാ നാടകങ്ങള്‍, ഉറക്കം കെടുത്തുക, കൊടും ചൂടിലോ തണുപ്പിലോ വിടുക, അമിതമായ വെളിച്ചമോ ശബ്ദമോ ഉപയോഗിച്ച് ഇന്ദ്രിയങ്ങളെ തളര്‍ത്തുക, കൈനഖങ്ങളോ കാല്‍നഖങ്ങളോ ബലമായി പിഴുതെടുക്കുക തുടങ്ങിയ ക്രൂരമായ പീഡനമുറകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമനടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തടവുകാരില്‍ നിന്ന് 'കുറ്റസമ്മതം' നടത്തിപ്പിക്കാനാണ് ഇത്തരത്തിലുള്ള പീഡനങ്ങള്‍ പതിവായി ഉപയോഗിക്കുന്നത്. ഇങ്ങനെ നിര്‍ബന്ധിതമായി ചെയ്യിക്കുന്ന കുറ്റസമ്മതങ്ങള്‍ ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യാറുമുണ്ട്. ഇവയെല്ലാം ഭീഷണിപ്പെടുത്തി ചെയ്യിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.


