- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹോര്‍മുസ് കടലിടുക്ക് 'ശത്രുക്കള്‍' ഒഴികെ എല്ലാവര്ക്കും തുറന്നുകിടക്കുന്നു'; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍; ഇറാന്റെ ഇന്ധന, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ സൈനിക കമാന്‍ഡ്

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 48 മണിക്കൂര്‍ അന്ത്യശാസനത്തിന് പിന്നാലെ, ഹോര്‍മുസ് കടലിടുക്ക് ഉപരോധത്തില്‍ നിലപാട് വ്യക്തമാക്കി ഇറാന്‍. ശത്രുക്കളും അവരുമായി ബന്ധമുള്ളവരും ഒഴികെയുള്ള മറ്റെല്ലാവര്‍ക്കും വേണ്ടി കടലിടുക്ക് തുറന്നുകൊടുക്കുമെന്നാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജന്‍സിയിലെ (IMO) ഇറാന്‍ പ്രതിനിധി അലി മൗസവിയാണ് ഇക്കാര്യം അറിയിച്ചത്. ആഗോള വിപണിയിലെ തടസ്സങ്ങള്‍ കണക്കിലെടുത്താണ് ഇറാന്‍ നിലപാട് മയപ്പെടുത്തിയതെങ്കിലും അമേരിക്കയ്ക്കും ഇസ്രയേലിനും ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് അവര്‍ വ്യക്തമാക്കി.
നിശ്ചിത സമയത്തിനുള്ളില്‍ ഉപരോധം പൂര്‍ണ്ണമായി പിന്‍വലിച്ചില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഏറ്റവും വലിയ പ്ലാന്റില്‍ നിന്നായിരിക്കും ആക്രമണം തുടങ്ങുകയെന്ന് ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, തങ്ങളുടെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ മേഖലയിലെ അമേരിക്കയുടെയും 'സയണിസ്റ്റ് ഭരണകൂടത്തിന്റെയും' എല്ലാ കേന്ദ്രങ്ങളും തകര്‍ക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡും തിരിച്ചടിച്ചു.
കടലിടുക്ക് വഴിയുള്ള കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇറാനിയന്‍ അധികൃതരുമായി ഏകോപനം ആവശ്യമാണെന്ന് അലി മൗസവി പറഞ്ഞു. സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നാവികരെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനോടും മറ്റ് രാജ്യങ്ങളോടും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് കാരണം ഇസ്രയേലിന്റെയും യുഎസ്സിന്റെയും നീക്കങ്ങളാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
നയതന്ത്ര ചര്‍ച്ചകള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും എന്നാല്‍ പൂര്‍ണ്ണമായ അധിനിവേശം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ലെന്നുമാണ് ഇറാന്റെ നിലപാട്. ട്രംപിന്റെ ഭീഷണിയെ തള്ളിക്കളഞ്ഞ ഇറാന്‍ സൈനിക കമാന്‍ഡ് 'ഖതം അല്‍-അന്‍ബി', എന്ത് ആക്രമണമുണ്ടായാലും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഈ പുതിയ നീക്കങ്ങള്‍.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണിയും ഇറാന്റെ പ്രത്യാക്രമണ മുന്നറിയിപ്പും ഗള്‍ഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി തുറന്നുകൊടുക്കാനുള്ള തീരുമാനം താല്‍ക്കാലിക ആശ്വാസമാണെങ്കിലും, അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത കുറയാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വരും മണിക്കൂറുകളില്‍ ട്രംപ് എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയുടെ ഭാവി.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് തടയാനും ആഗോള സമ്മര്‍ദ്ദം ലഘൂകരിക്കാനുമാണ് ഇറാന്‍ ഈ 'ഭാഗിക ഇളവ്' പ്രഖ്യാപിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. എങ്കിലും, അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള ഉപരോധം തുടരുന്നത് സംഘര്‍ഷം അയവില്ലാതെ തുടരാന്‍ കാരണമാകും. ഇറാന്റെ ഇന്ധന പ്ലാന്റുകള്‍ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കം പശ്ചിമേഷ്യയില്‍ വലിയൊരു യുദ്ധത്തിന് വഴിവെക്കുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങള്‍.


