നുമതിയില്ലാതെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ അതിക്രമിച്ച് കയറുകയും അയല്‍രാജ്യമായ മ്യാന്‍മറിലെ സായുധ സംഘങ്ങള്‍ക്ക് ഡ്രോണ്‍ യുദ്ധമുറകളില്‍ പരിശീലനം നല്‍കുകയും ചെയ്തെന്നാരോപിച്ച് ആറ് യുക്രെയ്ന്‍ പൗരന്മാരെയും ഒരു അമേരിക്കന്‍ പൗരനെയും ഇന്ത്യയില്‍ അറസ്റ്റ് ചെയ്തു. മാര്‍ച്ച് 13-ന് രാജ്യത്തെ മൂന്ന് വ്യത്യസ്ത വിമാനത്താവളങ്ങളില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

കൊല്‍ക്കത്ത, ലഖ്‌നൗ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് വിദേശികള്‍ പിടിയിലായത്. അറസ്റ്റിലായവര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി യു.എ.പി.എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമേരിക്കന്‍ പൗരനായ മാത്യു ആരോണ്‍ വാന്‍ഡൈക്ക്, യുക്രെയ്ന്‍ പൗരന്മാരായ ഹുര്‍ബ പെട്രോ, സ്ലൈവിയാക് താരാസ് ഉള്‍പ്പെടെയുള്ള ഏഴുപേരെയും മാര്‍ച്ച് 27 വരെ കസ്റ്റഡിയില്‍ വിട്ടു. ഇവര്‍ മ്യാന്‍മറിലേക്ക് പോകുകയായിരുന്നോ അതോ തിരിച്ചു വരികയായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അറസ്റ്റിലായ അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ഡൈക്ക് ഇറാഖ് യുദ്ധത്തിലും ലിബിയന്‍ ആഭ്യന്തര യുദ്ധത്തിലും പങ്കെടുത്ത വ്യക്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വാഷിംഗ്ടണ്‍ ഡി.സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സണ്‍സ് ഓഫ് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍' എന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ സ്ഥാപകനാണ് ഇദ്ദേഹം. ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ പോരാടാന്‍ സൗജന്യ സൈനിക പരിശീലനം നല്‍കുന്ന സംഘടനയാണിതെന്ന് ഇവരുടെ വെബ്സൈറ്റ് അവകാശപ്പെടുന്നു. മിസോറാം വഴി അനധികൃതമായി മ്യാന്‍മറില്‍ കടന്ന ഇവര്‍ അവിടെയുള്ള സായുധ വിപ്ലവ ഗ്രൂപ്പുകളെ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പഠിപ്പിച്ചതായാണ് എന്‍.ഐ.എ കോടതിയെ അറിയിച്ചിരിക്കുന്നത്. യൂറോപ്പില്‍ നിന്ന് വന്‍തോതില്‍ ഡ്രോണുകള്‍ ഇന്ത്യ വഴി മ്യാന്‍മറിലേക്ക് കടത്തിയതായും ആരോപണമുണ്ട്. ഈ വിദേശ ഗ്രൂപ്പുകള്‍ ഇന്ത്യയിലെ വിമത ഗ്രൂപ്പുകളെയും സഹായിക്കുന്നുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു.

അതിനിടെ, കൊച്ചിയില്‍ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്തിന് സമീപം ഡ്രോണ്‍ പറത്തിയതിന് രണ്ട് അമേരിക്കന്‍ ടൂറിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാലിഫോര്‍ണിയ സ്വദേശികളായ കാറ്റി മിഷേല്‍ ഫെല്‍പ്‌സ്, ക്രിസ്റ്റഫര്‍ റോസ് ഹാര്‍വി എന്നിവരാണ് പിടിയിലായത്. അതീവ സുരക്ഷാ മേഖലയായ ഇവിടെ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇറാനിയന്‍ കപ്പലിലെ ജീവനക്കാര്‍ക്ക് ഇന്ത്യ അഭയം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ഈ അറസ്റ്റ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഈയിടെ നടന്ന സൈനികാഭ്യാസത്തിന് ശേഷം തിരിച്ചപോകുന്നതിനിടെ ഒരു ഇറാനിയന്‍ യുദ്ധക്കപ്പല്‍ അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു.

തുടര്‍ന്ന് മറ്റൊരു ഇറാനിയന്‍ കപ്പലായ ഐ.ആര്‍.ഐ.എസ് ലാവന് കൊച്ചിയില്‍ അടിയന്തര ഡോക്കിംഗ് സൗകര്യം ഇന്ത്യ നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തിയത് ഗൗരവകരമായ സുരക്ഷാ വീഴ്ചയായാണ് അധികൃതര്‍ കണക്കാക്കുന്നത്. ഈ വിദേശികളെ പിടികൂടാന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ത്യയെ സഹായിച്ചതായാണ് അല്‍ ജസീറാ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ല. മ്യാന്‍മറിലെ സൈനിക സര്‍ക്കാരുമായി റഷ്യക്ക് അടുത്ത ബന്ധമാണുള്ളത്. യുക്രെയ്ന്‍ പൗരന്മാര്‍ ലോകമെമ്പാടും അസ്ഥിരത പടര്‍ത്തുകയാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ ആരോപിച്ചു. യുക്രെയ്ന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

അതിനിടെ തങ്ങളുടെ പൗരന്മാരെ വിട്ടയക്കണമെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യയോട് ആവശ്യപ്പെട്ടു. തങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന രാജ്യമാണെന്നും ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു കാര്യത്തിലും പങ്കാളികളല്ലെന്നും യുക്രെയ്ന്‍ വ്യക്തമാക്കി. ഇന്ത്യയും യുക്രെയ്നും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ റഷ്യ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ സുരക്ഷാ പഴുതുകള്‍ ഈ സംഭവം വീണ്ടും ചര്‍ച്ചയാക്കി. 1,640 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി വേലിയില്ലാത്തത് വിദേശികള്‍ക്കും വിമതര്‍ക്കും നുഴഞ്ഞുകയറാന്‍ എളുപ്പമാക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മ്യാന്‍മറിലെ ആഭ്യന്തര കലഹം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂരിലും മിസോറാമിലും വന്‍ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

ഈ അറസ്റ്റുകള്‍ ഇന്ത്യയും മ്യാന്‍മര്‍ സൈനിക ഭരണകൂടവും തമ്മിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ യുക്രെയ്നുമായുള്ള ബന്ധത്തില്‍ ഇത് വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ട്. അമേരിക്കയുമായുള്ള ബന്ധത്തെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് നിഗമനം. കാരണം അറസ്റ്റിലായ വാന്‍ഡൈക്കിന് യു.എസ് സര്‍ക്കാരുമായി ഔദ്യോഗിക ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.