- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനെ തകര്‍ക്കും; കടുപ്പിച്ച് ട്രംപ്; ലോകവിപണിയില്‍ എണ്ണവില കുതിക്കുന്നു; സഖ്യകക്ഷികള്‍ക്ക് 'ധൈര്യമില്ലെന്ന്' അമേരിക്കന്‍ പ്രസിഡന്റിന്റെ പരിഹാസം; 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' അവസാനത്തിലേക്ക്

വാഷിംഗ്ടണ്‍ ഡി.സി.: ഇറാനെതിരെയുള്ള സൈനിക നീക്കം അന്തിമഘട്ടത്തിലാണെന്നും വഴങ്ങിയില്ലെങ്കില്‍ ആ രാജ്യത്തെ 'ശിലായുഗത്തിലേക്ക്' ബോംബെറിഞ്ഞ് തകര്‍ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ട്രംപിന്റെ പ്രസംഗത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഒറ്റയടിക്ക് അഞ്ച് ശതമാനം വര്‍ദ്ധിച്ച് ബാരലിന് 106 ഡോളറിലെത്തി. ഇത് ലോകമെമ്പാടും ഇന്ധനവില വര്‍ദ്ധനവിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍.
ഇറാനെതിരെയുള്ള 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' ഉടന്‍ അവസാനിക്കുമെന്നും അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരണത്തോടടുക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. അടുത്ത രണ്ടാഴ്ച ഇറാനെ സംബന്ധിച്ച് അതീവ നിര്‍ണ്ണായകമായിരിക്കും. 'അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ അവരെ അതിശക്തമായി നേരിടും. അവര്‍ക്ക് അര്‍ഹമായ ശിലായുഗത്തിലേക്ക് അവരെ എത്തിക്കും,' ട്രംപ് പറഞ്ഞു. ഇറാന്‍ ഒരു ഉടമ്പടിക്ക് തയ്യാറാകാത്ത പക്ഷം ആക്രമണം കൂടുതല്‍ രൂക്ഷമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കാന്‍ ധൈര്യമില്ലാത്തതിന് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ ട്രംപ് പരിഹസിച്ചു. ഇന്ധനം ലഭിക്കാത്തതിന് പരാതി പറയുന്ന രാജ്യങ്ങള്‍ നേരിട്ട് കടലിടുക്കിലേക്ക് ചെന്ന് അത് പിടിച്ചെടുക്കണമെന്നാണ് ട്രംപിന്റെ വിചിത്രമായ നിര്‍ദ്ദേശം. 'എന്റെ നിര്‍ദ്ദേശമിതാണ്ഒന്നുകില്‍ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുക, ഞങ്ങളുടെ പക്കല്‍ ധാരാളമുണ്ട്. അല്ലെങ്കില്‍ ആ കടലിടുക്കിലേക്ക് പോയി അത് പിടിച്ചെടുക്കുക (ഖൗേെ മേസല ശ)േ. സ്വന്തം ആവശ്യത്തിന് അത് ഉപയോഗിക്കുക,' ട്രംപ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞത് ആഗോള എണ്ണ വിപണിയെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രസംഗം വിപണിയെ ശാന്തമാക്കുന്നതിന് പകരം കൂടുതല്‍ ആശങ്കയിലാഴ്ത്തി. ഏഷ്യന്‍ വിപണികള്‍ പ്രസംഗത്തിന് പിന്നാലെ കൂപ്പുകുത്തി. യുദ്ധം എന്ന് അവസാനിക്കും എന്നതിനേക്കാള്‍, യുദ്ധം കൂടുതല്‍ തീവ്രമാകുമെന്ന സൂചനയാണ് നിക്ഷേപകരെ ഭയപ്പെടുത്തുന്നത്. എന്നാല്‍ കടലിടുക്ക് താനേ തുറക്കുമെന്നും തുടര്‍ന്ന് ഗ്യാസ് വിലയും ഓഹരി വിപണിയും പൂര്‍വ്വസ്ഥിതിയിലാകുമെന്നുമാണ് ട്രംപിന്റെ വാദം.
അമേരിക്ക നാറ്റോ സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഭയപ്പെട്ടിരുന്നെങ്കിലും ട്രംപ് പ്രസംഗത്തില്‍ നാറ്റോയെക്കുറിച്ച് പരാമര്‍ശിച്ചില്ല. എന്നാല്‍ സഖ്യകക്ഷികള്‍ ഹോര്‍മുസ് കടലിടുക്കില്‍ പട്രോളിംഗിന് സഹകരിക്കാത്തതില്‍ അദ്ദേഹം നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സഖ്യകക്ഷികള്‍ സഹായിച്ചില്ലെങ്കിലും തങ്ങള്‍ ലക്ഷ്യം കാണുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ്.
അമേരിക്കയിലെ ഇന്ധനവില വര്‍ദ്ധനവിന് പൂര്‍ണ്ണ ഉത്തരവാദി ഇറാന്‍ ഭരണകൂടമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. സാധാരണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ഭീകരാക്രമണമാണ് വിലവര്‍ദ്ധനവിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ അമേരിക്കന്‍ ജനതയ്ക്കിടയില്‍ ട്രംപിന്റെ ജനപ്രീതി 42 ശതമാനത്തിലേക്ക് ഇടിഞ്ഞതായി പുതിയ സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. ഇന്ധനവില വര്‍ദ്ധനവില്‍ ജനങ്ങള്‍ ട്രംപിനെയാണ് കുറ്റപ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രസംഗത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളെക്കുറിച്ചോ സമാധാന നീക്കങ്ങളെക്കുറിച്ചോ ട്രംപ് ഒരക്ഷരം മിണ്ടിയില്ല. ഇറാനെതിരെയുള്ള ആക്രമണം തുടരുമെന്ന് മാത്രമാണ് അദ്ദേഹം ആവര്‍ത്തിച്ചത്. ഇറാന്‍ 45,000 സ്വന്തം പൗരന്മാരെ കൊലപ്പെടുത്തിയെന്നും ലോകത്തെ ഏറ്റവും ക്രൂരമായ ഭരണകൂടമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2020-ല്‍ അമേരിക്ക വധിച്ച ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയെക്കുറിച്ചും ട്രംപ് സംസാരിച്ചു. റോഡരികിലെ ബോംബുകളുടെ പിതാവാണ് സുലൈമാനിയെന്ന് അദ്ദേഹം പരിഹസിച്ചു. സുലൈമാനി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സാഹചര്യങ്ങള്‍ മാറുമായിരുന്നുവെന്നും എന്നാല്‍ അപ്പോഴും അമേരിക്ക തന്നെ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
വൈറ്റ് ഹൗസിലെ ക്രോസ് ഹാളില്‍ നടന്ന 18 മിനിറ്റ് നീണ്ട പ്രസംഗം കേള്‍ക്കാന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുടങ്ങിയവര്‍ എത്തിയിരുന്നു. ഇറാന്റെ സൈനിക ഇടപെടലുകളെ ശക്തമായി എതിര്‍ത്തിരുന്ന ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡും ചടങ്ങില്‍ പങ്കെടുത്തു.
ഇറാനെ സമ്മര്‍ദ്ദത്തിലാക്കി പുതിയൊരു കരാറിലേക്ക് കൊണ്ടുവരിക എന്നതാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ യുദ്ധം നീണ്ടുപോകുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ വലിയ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


