വാഷിംഗ്ടണ്‍: ഇറാന്‍ വിഷയത്തില്‍ താന്‍ സ്വീകരിച്ച നിലപാടുകള്‍ പൂര്‍ണ്ണ വിജയമാണെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ നയത്തില്‍ ട്രംപിന്റേത് അകാലത്തിലുള്ള വിജയാഘോഷമാണെന്ന 'വാള്‍സ്ട്രീറ്റ് ജേണലിന്റെ' വിമര്‍ശനത്തിന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ രൂക്ഷമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്.

ലോകത്തിലെ തന്നെ ഏറ്റവും മോശം എഡിറ്റോറിയല്‍ ബോര്‍ഡുകളിലൊന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റേതെന്ന് ട്രംപ് പരിഹസിച്ചു. താന്‍ കാരണം ഇറാന്‍ ഒരിക്കലും അണുവായുധം കൈവശം വെക്കില്ലെന്നും മേഖലയിലെ എണ്ണ വിതരണം ഉടന്‍ പുനഃസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ ടോള്‍ പിരിക്കുന്നുണ്ടെന്ന വാര്‍ത്തകളോടും ട്രംപ് കടുത്ത ഭാഷയില്‍ പ്രതികരിച്ചു. കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകള്‍ക്ക് ഇറാന്‍ ഫീസ് ഈടാക്കുന്നുണ്ടെങ്കില്‍ അത് ഉടന്‍ നിര്‍ത്തണം.

ഇത് നിലവിലെ കരാറുകളുടെ ലംഘനമാണെന്നും ഇറാന്‍ കാണിക്കുന്നത് മാന്യതയില്ലാത്ത പ്രവൃത്തിയാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസിലെ ഗതാഗതത്തിന്മേല്‍ ഇറാന് വീറ്റോ അധികാരം നല്‍കുന്നത് അമേരിക്കയുടെ പരാജയമായിരിക്കുമെന്നും നാവിഗേഷന്‍ സ്വാതന്ത്ര്യം അമേരിക്കന്‍ തത്വങ്ങളുടെ അടിസ്ഥാനശിലയാണെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ സമയപരിധിക്കുള്ളില്‍ ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ ട്രംപ് വെട്ടിലാകുമെന്ന പത്രത്തിന്റെ പരിഹാസമാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്.

ഇറാനുമായുള്ള യുദ്ധത്തെ എതിര്‍ത്ത വലതുപക്ഷ നിരീക്ഷകരായ ടക്കര്‍ കാള്‍സണ്‍, മെഗിന്‍ കെല്ലി എന്നിവരെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. ഇവരെ 'കുറഞ്ഞ ബുദ്ധിശക്തിയുള്ളവര്‍' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 'അമേരിക്ക ഫസ്റ്റ്' നയത്തില്‍ നിന്ന് ട്രംപ് വ്യതിചലിച്ചുവെന്നായിരുന്നു ഇവരുടെ പ്രധാന വിമര്‍ശനം. എന്നാല്‍ ഇറാന്‍ പത്തംഗ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇത് ട്രംപിന്റെ ആവശ്യങ്ങളില്‍ നിന്ന് ഏറെ അകലെയാണെന്നും നയതന്ത്ര വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

പാകിസ്ഥാന്‍ മധ്യസ്ഥതയില്‍ ഇറാനുമായി പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ശനിയാഴ്ച ഇസ്ലാമാബാദിലേക്ക് തിരിക്കും. ഈ സമയപരിധിക്കുള്ളില്‍ ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ ട്രംപിന് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇറാന് നേര്‍ക്ക് 'നരകം അഴിച്ചുവിടുമെന്ന' ട്രംപിന്റെ ഭീഷണി സ്വന്തം രാജ്യത്തും വിദേശത്തും അദ്ദേഹത്തിനുള്ള പിന്തുണയെ ദുര്‍ബലപ്പെടുത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ വിമര്‍ശിച്ചിരുന്നു. വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ ട്രംപിന്റെ നയതന്ത്ര വിജയമാണോ പരാജയമാണോ എന്ന് നിശ്ചയിക്കും.