- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടന്റെ മറവിൽ ഇന്ത്യയെ ചൊറിയാമെന്ന് കരുതിയവർക്ക് തെറ്റി; ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് ആക്രമിച്ചവർക്കെതിരെയുള്ള അന്വേഷണത്തിൽ സ്‌കോട്ട്ലാൻഡ് യാർഡ് പിന്നോട്ട് പോയപ്പോൾ പറന്നെത്തിയ എൻ ഐ എ മുന്നോട്ട്; അഞ്ച് സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വിട്ട് ആളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി ഇന്ത്യയുടെ അന്വേഷണ സംഘം
ലണ്ടൻ: തീവ്രവാദികളോട് ഒരു തരത്തിലുള്ള ഒത്തു തീർപ്പിന്നും തയ്യാറല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഇന്ത്യ. ഇക്കഴിഞ്ഞ മാർച്ചിൽ, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണവുമായി ബന്ധപ്പെട്ട അഞ്ച് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് നാഷണൽ എൻവെസ്റ്റിഗേറ്റിങ് ഏജൻസി (എൻ ഐ എ). അതിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ സഹായിക്കണം എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
മൊത്തം ഏകദേശം രണ്ട് മണിക്കൂറോളം ദൈർഘ്യം വരുനൻ ദൃശ്യങ്ങൾ എൻ ഐ എയുടെ വെബ്സൈറ്റിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. പിന്നീട് അതിന്റെ ലിങ്ക് എൻ ഐ യുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈക്കമ്മീഷൻ ഓഫീസ് ആക്രമിച്ച ദേശവിരുദ്ധരെ കണ്ടെത്താൻ സഹായിക്കണം എന്ന അഭ്യർത്ഥനയോടെയാണ് ട്വിറ്ററിലും ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സ്‌കോട്ട്ലാൻഡ് യാർഡ് ഉദ്യോഗസ്ഥന്മാരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. പിന്നീട് എൻ ഐ എയുടെ ഒരു സംഘം ലണ്ടനിലെത്തി ഹൈക്കമ്മീഷനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെ വിദേശത്ത് നടത്തിയ ദേശ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ റെജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഇപ്പോൾ എൻ ഐ എ ഏറ്റെടുത്തിരിക്കുകയാണ്.
ഖാലിസ്ഥാൻ അനുഭാവമുള്ള തീവ്രവാദികളായിരുന്നു ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചത്. ഇന്ത്യയുടെ ദേശീയ പതാകയെ അവർ അപമാനിക്കുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡികലൈസേഷൻ യൂണിറ്റാണ് ഈ കേസ് എൻ ഐ എ യെ ഏല്പിച്ചിരിക്കുന്നത്.
പഞ്ചാബിൽ അമൃത്പാൽ സിംഗിന് എതിരായ പൊലീസിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് ഖാലിസ്ഥാൻ അനുകൂലികളായ ഒരു സംഘം ആളുകളാണ് ഇന്ത്യൻ പതാക ഇറക്കിയ ശേഷം ഖാലിസ്ഥാന്റെ പതാക ഉയർത്തിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനറായ അലക്സ് എല്ലിസ് സംഭവത്തെ അപലപിക്കുകയും നിന്ദനീയമായ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായാണ് ബ്രിട്ടനെ പ്രതിഷേധം അറിയിച്ചത്.
സംഭവത്തിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി വിശദീകരണവും തേടി. ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫിസിന് നൽകിയ സുരക്ഷയിലെ അതൃപ്തിയും ഇന്ത്യ അറിയിക്കുകയുണ്ടായി.
മറുനാടന് ഡെസ്ക്