Nigel Farageലണ്ടന്‍: ബ്രിട്ടന്‍ തകര്‍ന്നിരിക്കുന്നു. ഈ വാക്കുകള്‍ ഇന്ന് ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരിക്കുകയാണ്. കാരണം അവര്‍ക്കറിയാം അതൊരു യാഥാര്‍ത്ഥ്യമാണെന്ന്. റിഫോം യു കെ പാര്‍ട്ടി നേതാവ് നെയ്ജല്‍ ഫരാജിന്റെ വാക്കുകളാണിത്. മെയില്‍ ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇത് പറയുന്നത്. ഋഷി സുനകിന്റെ സര്‍ക്കാരിനെ മാറ്റി ജൂലായില്‍ ലേബറിനെ അധികാരത്തിലെത്തിക്കുമ്പോള്‍ ജനം ആഗ്രഹിച്ചത് ഒരു മാറ്റമായിരുന്നു എന്നും അദ്ദേഹം എഴുതുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അധികാരത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും സാഹചര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്തണം എന്നതിനെ കുറിച്ച് ലേബര്‍ പാര്‍ട്ടിക്ക് ഒരു ഊഹവുമില്ലെന്നും അദ്ദേഹം എഴുതുന്നു.

ലേബര്‍ പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും മാറ്റണമെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും മാര്‍ഗരറ്റ് താച്ചറുടെയുമൊക്കെ പാര്‍ട്ടിയുടെ നിഴല്‍ മാത്രമാണ് ഇന്നത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എന്ന് അദ്ദേഹം എഴുതുന്നു. പാര്‍ട്ടിക്ക് മേല്‍ പ്രത്യാശ വച്ചു പുലര്‍ത്തിയിരുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വഞ്ചിച്ചു എന്നും അദ്ദേഹം എഴുതുന്നു.

അതേസമയം, അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ പുറത്താക്കാന്‍ റിഫോം യു കെയുമായി സഖ്യമുണ്ടാക്കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ടീസ് വാലി മേയറുമായ ലോര്‍ഡ് ബെന്‍ ഹോഷന്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി നേതാവ് കെമി ബേഡ്‌നോക്കും ഷാഡോ മന്ത്രിമാരും റിഫോം പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിനിടയിലാണ് അദ്ദേഹം ഇത് പറഞ്ഞത്. വരുന്ന വ്യാഴാഴ്ച നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ റിഫോം പാര്‍ട്ടി മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന കണക്കുകൂട്ടലുകള്‍ ശക്തിപ്പെട്ടു വരുന്നതിനിടയിലാണ് ഈ അഭിപ്രായ പ്രകടനം.

റിഫോം യു കെ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കണമെന്ന് ഒരു കൂട്ടം കണ്‍സര്‍വേറ്റീവ് നേതാക്കള്‍ അഭിപ്രായപ്പെടുന്നതിനിടയിലാണ് ബ്രിട്ടനിലെ രണ്ട് പ്രധാന പാര്‍ട്ടികള്‍ക്ക് നേരെ ആഞ്ഞടിച്ച് നെയ്ജല്‍ ഫരാജ് തന്റെ ലേഖനം എഴുതുന്നത്. ബ്രിട്ടന്റെ പ്രശ്നം മനസ്സിലാക്കുന്ന ഒരേയൊരു പാര്‍ട്ടി റിഫോം യു കെ മാത്രമാണെന്ന് പറഞ്ഞ അദ്ദേഹം അതെല്ലാം പരിഹരിക്കുവാനും തങ്ങളെ കൊണ്ട് മാത്രമെ കഴിയുകയുള്ളു എന്നും പറയുന്നു. ലേബര്‍ സര്‍ക്കാരിനെ താഴെയിറക്കുന്നത് ഘട്ടംഘട്ടമായി നടക്കേണ്ട കാര്യമാണെന്നും അതിന്റെ ആദ്യപടിയാണ് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എന്നും അദ്ദേഹം പറയുന്നു.

നിയമപരമായതും അല്ലാത്തതുമായ കുടിയേറ്റം വര്‍ദ്ധിച്ചു വരുന്നതാണ് ബ്രിട്ടന്റെ ഇന്നത്തെ പ്രധാന പ്രശ്നം എന്ന് പറഞ്ഞ ഫരാജ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, കുടിയേറ്റം ഫലപ്രദമായി തടയുന്നതില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായും പറഞ്ഞു. സ്‌കൂളുകളും, ആശുപത്രികളും, പൊതുഗതാസംവിധാനങ്ങളുമെല്ലാം കുടിയേറ്റക്കാര്‍ തിക്കിതിരക്കി, ബ്രിട്ടീഷുകാരുടെ ജീവിതം ക്ലേശകരമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടു തന്നെ നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താന്‍ സമഗ്രമായ ഒരു പദ്ധതിയാണ് റിഫോം യു കെ പാര്‍ട്ടി തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രധാനമന്ത്രിയായാല്‍, നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ സീറോ ടോളറന്‍സ് പോളിസി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.