വാഷിങ്ടൻ: ചൈന യുദ്ധത്തിനു തയ്യാറെടുക്കുകയാണെന്നും അമേരിക്കയുടെയും ലോകത്തിന്റെയാകെയും അസ്തിത്വത്തിനു തന്നെ ചൈന ഭീഷണിയാണെന്നും ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹാലെ. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായി രംഗത്തുള്ള പ്രമുഖ നേതാക്കളിൽ ഒരാളാണ് നിക്കി ഹാലെ. തെരഞ്ഞെടുപ്പിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലാണ് നിക്കി ഹൈലെയുടെ പ്രസ്താവന എന്നാണ് പ്രസ്താവനയെ വിലയിരുത്തുന്നത്.

അമേരിക്ക ഇപ്പോൾ പല കാര്യങ്ങളിലും പിന്നിലാണെന്നാണ് നിക്കി ഹാലെ പറഞ്ഞു വെക്കുന്നത്. അമേരിക്ക വിവിധ മേഖലകളിൽ തറപറ്റിക്കാനാണ് കഴിഞ്ഞ അരനൂറ്റാണ്ടായി ചൈന ശ്രമിക്കുന്നതെന്ന് നിക്കി പറഞ്ഞു. 'ചൈനീസ് സൈന്യം ഇപ്പോൾത്തന്നെ യുഎസ് സൈന്യത്തിനു തുല്യമായ രീതിയിലാണു മുന്നേറുന്നത്. ചൈനയ്ക്കു മുന്നിൽ അമേരിക്കയുടെ നിലനിൽപിന് കരുത്തും സ്വാഭിമാനവും അനിവാര്യമാണ്. അമേരിക്കയിലെ നിർമ്മാണപ്രവർത്തനങ്ങൾ ചൈന കൈക്കലാക്കി കഴിഞ്ഞു. നമ്മുടെ വാണിജ്യരഹസ്യങ്ങൾ അവർ സ്വന്തമാക്കി.

മരുന്നു മുതൽ അത്യാധുനിക സാങ്കേതിക വിദ്യ വരെയുള്ള നിർണായത വ്യവസായങ്ങളുടെ നിയന്ത്രണവും അവർ സ്വന്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യം എന്ന നിലയിൽനിന്ന് റെക്കോർഡ് സമയത്തിനുള്ളിലാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ചൈന മാറിയത്. ഒന്നാമതെത്താനുള്ള എല്ലാ നീക്കങ്ങളും അവർ നടത്തുന്നുണ്ട്. അതിശക്തമായ സൈനിക ശക്തിയായി മാറി അമേരിക്കയെ ഭീഷണിപ്പെടുത്തി, ഏഷ്യൻ മേഖല അടക്കിവാഴുകയെന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യമിടുന്നത്. ഇപ്പോൾത്തന്നെ പല മേഖലകളിലും ചൈനീസ് സൈന്യം യുഎസ് സൈന്യത്തിനു തുല്യമായി കഴിഞ്ഞു.

ചില രംഗങ്ങളിൽ യുഎസ് സൈന്യത്തേക്കാൾ മുന്നിലാണ്. അമേരിക്കൻ മണ്ണിലേക്ക് ചാരബലൂണുകൾ അയയ്ക്കാനും ക്യൂബൻ തീരത്തിനു സമീപം ചാരകേന്ദ്രം സ്ഥാപിക്കാനും പാകത്തിൽ ചൈനീസ് നേതാക്കൾക്ക് ആത്മവിശ്വാസമുണ്ട്. ഒരുകാരണവശാലും പിഴവു വരുത്തരുത്. ചൈന യുദ്ധത്തിനുള്ള ഒരുക്കത്തിലാണ്. വിജയിക്കാൻ തീരുമാനിച്ചാണ് ചൈനീസ് നേതാക്കൾ.' - നിക്കി ഹാലെ പറഞ്ഞു.

അതേസമയം അടിത്തിടെയാണ് ചൈനീസ് മുൻ വിദേശകാര്യ മന്ത്രി ചിൻ ഗാങ്ങിനെ കാണാനില്ലെന്ന വാർത്തകൾ പുറത്തുവന്നത്. ഒരുമാസമായി ചിൻ ഗാങ്ങിനെ പൊതുവേദികളിലൊന്നും കണുന്നുണ്ടായിരുന്നില്ല. മന്ത്രിസ്ഥാനം ഏറ്റെടുത്ത് ഏഴാം മാസത്തിലാണ് ചിൻ ഗാങ്ങിനെ ചൈനീസ് ഭരണകൂടം പുറത്താക്കിയത്. അമേരിക്കയിൽ ഒരു സ്ത്രീയുമായി ചിൻ ഗാങ്ങിന് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും അതിനാലാണ് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്നുമാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.

ചിൻ യുഎസ് അംബാസഡർ ആയിരുന്നപ്പോൾ ഒരു അമേരിക്കൻ സ്ത്രീയുമായി ബന്ധത്തിലായെന്നും അതിൽ ഒരു കുട്ടിയുണ്ടെന്നും ചൈന കണ്ടെത്തിയെന്നും, അതിനെ തുടർന്നാണു മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയതെന്നുമാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് യുവതിയുമായുള്ള ചിന്നിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ചിൻ ഗാങിനെ പുറത്താക്കി വാങ് യിയെ വിദേശകാര്യമന്ത്രിയായി നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്ഥിരം സമിതി പ്രഖ്യാപിക്കുകയായിരുന്നു. യുഎസിൽ അംബാസഡർ ആയിരുന്ന ചിൻ കഴിഞ്ഞ ഡിസംബറിലാണ് ചൈനയുടെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്. ഈ വർഷം മാർച്ചിൽ ഡൽഹിയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിൽ ചിൻ ഗാങ് പങ്കെടുത്തിരുന്നു.

ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു ആഴ്ചകളായി പൊതുവേദികളിൽനിന്ന് ഉൾപ്പെടെ കാണാനില്ലാത്ത സംഭവം സാമൂഹിക മാധ്യമങ്ങളിലും പശ്ചാത്യമാധ്യമങ്ങളിലും ചർച്ചയായിരുന്നു. അഴിമതിയാരോപണത്തെതുടർന്ന് ലി ഷാങ്ഫു അന്വേഷണം നേരിടുകയാണെന്നും മന്ത്രിസ്ഥാനത്തുനിന്നും അധികം വൈകാതെ നീക്കം ചെയ്യുമെന്നുമാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.