ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയകരമായ യുഎസ് സന്ദർശനത്തിന് പിന്നാലെ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പരാമർശത്തെ ചൊല്ലി വിവാദം. ഇന്ത്യൻ മുസ്ലിങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മോദിക്കുമുന്നിൽ ഉന്നയിക്കുമെന്ന ഒബാമയുടെ പരാമർശം തെല്ലൊന്നുമല്ല കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചത്. ഒബാമയ്ക്ക് മറുപടിയുമായി ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. ഒബാമയുടെ ഭരണകാലത്ത് ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ബോംബിട്ടുവെന്നാണ് നിർമല സീതാരാമൻ തിരിച്ചടിച്ചത്. ഏകദേശം 26,000-ഓളം ബോംബുകളാണ് ഒബാമ സർക്കാർ ഈ രാജ്യങ്ങളിൽ വർഷിച്ചതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

പധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നയതന്ത്ര ചർച്ചയ്ക്കിടെ ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉന്നയിക്കണമെന്നായിരുന്നു സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ഒബാമ പറഞ്ഞത്. ബൈഡൻ - മോദി കൂടിക്കാഴ്ചയ്ക്ക് മുമ്പാണ് ഒബാമ മോദിയെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനെയും ഏകാധിപത്യ സ്വഭാവമുള്ളവരെന്ന് വിമർശിച്ചത്.

ഇന്ത്യയിൽ, ആർക്കെതിരെയും വിവേചനം കാട്ടുന്നില്ലെന്നും സബ്കാ സാഥ് സബ്കാ വികാസ് ആദർശ പ്രകാരമാണ് തന്റെ സർക്കാർ പ്രവർത്തിക്കുന്നതെന്നു മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് നിർമല സീതാരാമൻ ഓർമിപ്പിച്ചു. പ്രധാനമന്ത്രിക്ക് പുരസ്‌കാരം സമ്മാനിച്ച 13 രാജ്യങ്ങളിൽ ആറെണ്ണം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണ്. ക്രമസമാധാനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുണ്ട്. അത് പരിഹരിക്കാൻ രാജ്യത്ത് ആളുകളുണ്ട്. അടിസ്ഥാന വിവരങ്ങളൊന്നുമില്ലാതെ ആരോപണം ഉന്നയിച്ചുകൊണ്ട് ചില സംഘടിത പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും നിർമല സീതാരാമൻ ആരോപിച്ചു.

പ്രതിപക്ഷത്തിന് എതിരെയും നിർമല സീതാരാമൻ വിമർശനം ഉന്നയിച്ചു.കോൺഗ്രസിന് ഇതിൽ വലിയ പങ്കുണ്ട്. തിരഞ്ഞെടുപ്പിൽ ബിജെപിയെയോ പ്രധാനമന്ത്രിയെയോ നേരിടാൻ പ്രതിപക്ഷത്തിന് കഴിയാത്തതുകൊണ്ടാണ് അവർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഒബാമയുടെ പ്രസ്താവന തന്നെ ഞെട്ടിച്ചു. പ്രധാനമന്ത്രി യുഎസിൽ സന്ദർശനം നടത്തുന്നതിനിടെ, മുൻ പ്രസിഡന്റ് ഇന്ത്യൻ മുസ്ലീങ്ങളെ കുറിച്ച് സംസാരിക്കുന്നു. യുഎസുമായുള്ള ഇന്ത്യയുടെ സൗഹൃദം നിലനിൽക്കേണ്ടത് അനിവാര്യമാണ്. അതിനാൽ വിഷയത്തിൽ സംയമനത്തോടെയാണ് പ്രതികരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങൾക്കെതിരെ വിജയിക്കാൻ കഴിയില്ലെന്നതിനാൽ രാജ്യത്തെ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും നിർമല സീതാരാമൻ ആരോപിച്ചു.

നിർമല സീതാരാമന് മുൻപേ, അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമയും ഒബാമയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു.