- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ വെടിനിർത്തൽ ഇല്ല; വെള്ളം ചേർത്ത പ്രമേയം അംഗീകരിച്ച് യു.എൻ രക്ഷാസമിതി; കൂടുതൽ മാനുഷിക സഹായം എത്തിക്കുക മാത്രം; അമേരിക്കയും റഷ്യയും വിട്ടു നിന്ന വോട്ടെടുപ്പിൽ പ്രമേയത്തെ അനുകൂലിച്ചു 13 രാജ്യങ്ങൾ; ഇസ്രയേൽ ഹമാസിനെതിരെ ആക്രമണം തുടരും
ന്യൂയോർക്: ഗസ്സയിൽ ഹമാസിനെ തീർക്കാൻ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണങ്ങൾ തുടരും. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടു കൊണ്ടുവന്ന പ്രമേയത്തിൽ മാറ്റങ്ങൾ വരുത്തി പാസായി. അമേരിക്കൻ സമ്മർദ്ദത്തെ തുടർന്നാണ് പ്രമേയം കൂടുതൽ മാനുഷിക സഹായമെത്തിക്കാൻ മാത്രമാക്കി മാറ്റിയയത്. ഇതോടെ പ്രമേയത്തിന് യു.എൻ രക്ഷാസമിതിയുടെ അംഗീകാരവും ലഭിച്ചു. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങൾ വെള്ളം ചേർത്ത പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.
ആരും എതിർത്തില്ല. അമേരിക്കയും റഷ്യയും വിട്ടുനിന്നു. റഷ്യ മുന്നോട്ടുവെച്ച ഭേദഗതി തള്ളി. സമവായത്തിലെത്താനാകാത്തതിനാൽ നാലുതവണ മാറ്റിവെച്ച പ്രമേയമാണ് വെള്ളിയാഴ്ച രക്ഷാസമിതിയിൽ അവതരിപ്പിച്ചത്. വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിലെ വാചകങ്ങൾ മയപ്പെടുത്തിയാൽ പിന്തുണക്കാമെന്നാണ് അമേരിക്ക അറിയിച്ചിരുന്നു. ഒടുവിൽ യു.എ.ഇ കൊണ്ടുവന്ന പ്രമേയത്തിലെ 'ഇസ്രയേൽ- ഫലസ്തീൻ ശത്രുതക്ക് അടിയന്തരവും സുസ്ഥിരവുമായ വിരാമം' എന്ന വാചകം യു.എസ് സമ്മർദത്തെത്തുടർന്ന് ഒഴിവാക്കി. പകരം 'സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം ഉടനടി അനുവദിക്കാനുള്ള അടിയന്തര നടപടികൾക്കൊപ്പം ശത്രുത സുസ്ഥിരമായി അവസാനിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക' എന്നാക്കി മാറ്റിയിരുന്നു.
വാചകങ്ങൾ മാറ്റുന്നതിൽ കൂടുതൽ ചർച്ച വേണമെന്നാണ് റഷ്യ അടക്കം ആവശ്യപ്പെട്ടിരുന്നത്. ഒരു തടസ്സവുമില്ലാതെ മാനുഷിക സഹായം ഗസ്സയിൽ എത്തിക്കാൻ യുദ്ധത്തിന്റെ ഭാഗമായ എല്ലാ കക്ഷികളും അനുവദിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. അടിയന്തര വെടിനിർത്തൽ ആവശ്യങ്ങളൊന്നും പ്രമേയത്തിൽ ഇല്ല. വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ രണ്ടുതവണ യു.എസ് വീറ്റോ ചെയ്തിരുന്നു.
അതേസമയം, സിവിലിയന്മാർക്കുനേരെയുള്ള അതിക്രമത്തെ അപലപിക്കുന്ന വാചകങ്ങൾ ഒഴിവാക്കി പ്രമേയം പാസാക്കിയതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് അന്താരാഷ്ട്രതലത്തിൽ വിമർശനം ഉയരുന്നിരുന്നു. വെടിനിർത്തലില്ലാതെ ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നും നിരപരാധികൾക്കുമേൽ അതിക്രമം തുടരാനുള്ള അനുവാദമാണ് ഇതിലൂടെയുണ്ടാവുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, വെടിനിർത്തൽ ഗുണം ചെയ്യുക ഹമാസിനാണ് എന്നാണ് ഇ്സ്രായേൽ പറയുന്നത്. ഈ ആവശ്യത്തെ യുഎസും പിന്തുണക്കുകയാിരുന്നു,
അതേസമയം, ജബലിയയിലും ഖാൻ യൂനുസിലും ഇസ്രയേൽ സേന ശക്തമായി തുടരുന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ജബലിയയിലെ ആംബുലൻസ് കേന്ദ്രം തകർത്തു. ജീവനക്കാരെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇസ്രയേൽ സൈനിക താവളത്തിനുനേരെ ആക്രമണം നടത്തിയതായി അൽഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു.
യുദ്ധം ആരംഭിച്ചതുമുതൽ 720 സൈനിക വാഹനങ്ങൾ തകർത്തതായി അൽഖസ്സാം ബ്രിഗേഡും അറിയിച്ചു. ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,057 ആയി. 53,320 പേർക്ക് പരിക്കേറ്റു. അൽ അഖ്‌സ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅക്കെത്തിയവരെ ഇസ്രയേൽ സേന തടഞ്ഞത് സംഘർഷത്തിനിടയാക്കി. വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ സൈനികരും ഫലസ്തീനികളും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.
അതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നേരിട്ട് ആശീർവദിച്ച് അയച്ച പ്രത്യേക സൈനിക വിഭാഗമായ ഗോലാനി ബ്രിഗേഡിനെ ഗസ്സയിൽനിന്ന് പിൻവലിക്കുന്നു. പുനഃസംഘടിപ്പിക്കാനും വിശ്രമത്തിനുമായി താൽക്കാലികമായി പിൻവലിക്കുന്നെന്നാണ് അധികൃതർ അറിയിച്ചതെങ്കിലും ശുജാഇയ്യയിൽ ഉൾപ്പെടെ ഹമാസിന്റെ ഭാഗത്തുനിന്ന് കനത്ത തിരിച്ചടി നേരിട്ടതും സൈനിക ലക്ഷ്യത്തിലേക്ക് അടുക്കാൻ പോലുമാകാത്തതുമാണ് പിന്മാറ്റത്തിന് കാരണമെന്ന് വിലയിരുത്തലുണ്ട്.
13ാം ബറ്റാലിയൻ കമാൻഡറായ ലെഫ്റ്റനന്റ് കേണൽ തോമർ ഗ്രിൻബെർഗ്, ബ്രിഗേഡ് മേധാവിയുടെ ഫോർവേഡ് കമാൻഡ് ടീം മേധാവി കേണൽ ഇസാക് ബെൻ ബസത്, മേജർ റോയി മെൽദസി തുടങ്ങി മുൻനിര കമാൻഡർമാർ കൊല്ലപ്പെട്ടതോടെ സൈനികരുടെ മനോവീര്യം തകർന്നതായി ഇസ്രയേലി മാധ്യമങ്ങൾതന്നെ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ഉറ്റവരെ കൊലക്ക് കൊടുക്കരുതെന്നാവശ്യപ്പെട്ട് സൈനികരുടെ കുടുംബം അധികൃതരുടെ മേൽ സമ്മർദം ചെലുത്തുന്നു. ഗസ്സയിൽ നേരിടുന്ന കനത്ത വെല്ലുവിളിയും ഉറക്കമില്ലായ്മ അടക്കം പ്രശ്‌നങ്ങളും ഇസ്രയേൽ സൈനികർ കുടുംബത്തിന് അയച്ച കത്തിൽ പറയുന്നുണ്ട്.
1948 ഫെബ്രുവരിയിൽ ഫലസ്തീനിലെ സയണിസ്റ്റ് വംശീയ ഉന്മൂലനത്തിനിടെയാണ് ഗോലാനി ബ്രിഗേഡ് രൂപവത്കരിച്ചത്. ഇസ്രയേലിന്റെ എല്ലാ പ്രധാന യുദ്ധങ്ങളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. നാല് ടാങ്ക് ബറ്റാലിയൻ, രണ്ട് കാലാൾപ്പട ബറ്റാലിയൻ, ഒരു പീരങ്കി ബറ്റാലിയൻ, ഒരു പാരാഗ്രൂപ്പർ ബറ്റാലിയൻ എന്നിവ ഉൾപ്പെടുന്ന ഇസ്രയേലിന്റെ ഏറ്റവും പ്രത്യേക സൈനിക വിഭാഗമാണ് ഗോലാനി ബ്രിഗേഡ്. വിജയിച്ചുവരുമെന്ന് വിഡിയോ സന്ദേശത്തിൽ അവകാശപ്പെട്ട് ആഘോഷപൂർവമായാണ് ഇവർ ഗസ്സയിലേക്ക് തിരിച്ചത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, സൈനിക തലവന്മാർ തുടങ്ങിവർ നേരിട്ടെത്തിയാണ് ആശീർവദിച്ച് അയച്ചത്.അതേസമയം, ഹമാസ് പോരാളികളുടെ മനോവീര്യം ഇപ്പോഴും ഉയർന്ന നിലയിലാണെന്ന് അവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.
മറുനാടന് ഡെസ്ക്