- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഎൻഎ പരിശോധനാ ഫലം അടക്കം സകല തെളിവുകളും ശ്രീലങ്കയുടെ പക്കൽ ഉണ്ട്; മരിച്ചത് വേലുപ്പിള്ള പ്രഭാകരൻ തന്നെ; 2009 ൽ തങ്ങളുടെ ആക്രമണത്തിനിടെ പ്രഭാകരൻ കൊല്ലപ്പെട്ടു; പി നെടുമാരന്റെ പ്രസ്താവന തള്ളി ശ്രീലങ്കൻ സൈന്യം; നെടുമാരനെ പരിഹസിച്ച് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ
കൊളംബോ: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന തമിഴ് നാഷണലിസ്റ്റ് മൂവ്‌മെന്റ് നേതാവ് പി.നെടുമാരന്റെ അവകാശവാദം തള്ളി ശ്രീലങ്കൻ സൈന്യം. പ്രഭാകരൻ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവൊന്നും ഇല്ലെന്ന് ശ്രീലങ്കൻ സൈനിക വക്താവ് ബ്രിഗേഡിയർ രവി ഹെരാത് എബിപി നാടു ന്യൂസിനോട് പറഞ്ഞു.
പ്രഭാകരൻ മരിച്ചുവെന്നതിന് ഡിഎൻഎ സർട്ടിഫിക്കറ്റുകൾ അടക്കം എല്ലാ രേഖകളും ശ്രീലങ്കയുടെ പക്കലുണ്ട്. ' ഞങ്ങളുടെ രേഖകൾ പ്രകാരം അത്തരമൊരാൾ ജീവിച്ചിരിക്കുന്നതിന് യാതൊരു തെളിവും ഇല്ല. ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ച രാഷ്ട്രീയ നേതാവിനോട് തന്നെ ഇതിന്റെ അടിസ്ഥാനം എന്തെന്ന് നിങ്ങൾക്ക് ചോദിക്കേണ്ടി വരും': അദ്ദേഹം പറഞ്ഞു.
2009 ൽ തന്നെ ശ്രീലങ്കൻ സൈന്യം പ്രഭാകരനെ വധിച്ചിരുന്നു. 2009 ന്റെ അവസാനത്തോടെ, ഡിഎൻഎ തെളിവുകൾ അടക്കം ശേഖരിച്ച് പ്രഭാകരൻ തന്നെയാണ് മരിച്ചതെന്ന് ഉറപ്പുവരുത്തി, ബ്രിഗേഡിയർ രവി ഹെരാത് വ്യക്തമാക്കി. നെടുമാരന്റെ വെളിപ്പെടുത്തലിനെ കുറിച്ച് ശ്രീലങ്കൻ സർക്കാർ പ്രതികരിക്കാനോ, നടപടികൾ എടുക്കാനോ സാധ്യതയില്ല. എന്നാൽ, ഈ വിഷയത്തിൽ വൈകാതെ ശ്രീലങ്കൻ വിദേശകാര്യ മന്ത്രി പ്രസ്താവന പുറപ്പെടുവിച്ചേക്കാം.
അതേസമയം, റിപ്പോർട്ടുകൾ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. അതിനിടെ, വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന പി. നെടുമാരന്റെ അവകാശവാദത്തെ പരിഹസിച്ച് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി. വേലുപ്പിള്ള പ്രഭാകരൻ എവിടെയാണുള്ളതെന്ന് നെടുമാരൻ വെളിപ്പെടുത്തിയാൽ അദ്ദേഹത്തെ പോയി കാണുമെന്ന് അഴഗിരി പറഞ്ഞു.
'ഞാൻ വളരെ സന്തോഷവാനാണ്. നെടുമാരൻ എനിക്ക് പ്രഭാകരനെ കാണിച്ചുതരികയാണെങ്കിൽ ഞാൻ പോയി കാണും. അതിലൊരു പ്രശ്‌നവുമില്ല' -അഴഗിരി വാർത്താ ഏജൻസിയോട് പറഞ്ഞു
വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്നും തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തിൽ എത്തുമെന്നുമാണ് പി നെടുമാരൻ അവകാശപ്പെട്ടിരിക്കുന്നത്. തഞ്ചാവൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നെടുമാരൻ.
തന്റെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് നെടുമാരൻ അവകാശപ്പെടുന്നത്. എന്നാൽ നിലവിൽ പ്രഭാകരൻ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാൻ സാധിക്കില്ലെന്നും നെടുമാരൻ വിശദമാക്കുന്നു. പ്രഭാകരന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് തന്റെ വെളിപ്പെടുത്തലെന്നാണ് നെടുമാരൻ അവകാശപ്പെടുന്നത്. തമിഴ് ഇഴം സംബന്ധിച്ച തന്റെ പദ്ധതി തക്ക സമയത്ത് പ്രഭാകരൻ വിശദമാക്കുമെന്നും നെടുമാരൻ പറഞ്ഞു.
നിലവിലെ ശ്രീലങ്കയിലെ സാഹചര്യം തമിഴ് ഈഴം ദേശീയ നേതാവിന് തിരിച്ച് വരാനുള്ള മികച്ച അവസരമാണെന്നും നെടുമാരൻ പറയുന്നു. പ്രഭാകരൻ ആരോഗ്യവാനായി ഇരിക്കുന്നുവെന്നുമാണ് നെടുമാരൻ പറയുന്നു. ലോകമെമ്പാടുമുള്ള തമിഴ് മക്കളോട് പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട് നെടുമാരൻ.
അതേസമയം, പ്രഭാകരൻ മരണപ്പെട്ടതായി 2009, മെയ് 18ന് എൽ.ടി.ടി.ഇയുടെ രാജ്യാന്തര നയതന്ത്ര തലവൻ ശെൽവരശ പത്മനാഥൻ ബി ബി സിയോട് സമ്മതിച്ചിരുന്നു. പ്രഭാകരൻ വെടിയേറ്റ് മരിച്ചതായാണ് ശ്രീലങ്കൻ സൈന്യം അവകാശപ്പെട്ടിട്ടുള്ളത്. യുദ്ധമേഖലയിൽ തെരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിൽ നിന്ന് വാഹനത്തിൽ രക്ഷപ്പെടുമ്പോൾ വെടിവയ്ച്ചു കൊല്ലുകയായിരുന്നുവെന്ന് സൈന്യം അവകാശപ്പെട്ടിരുന്നു. ആംബുലൻസിലും ചെറിയ വാനിലുമായിരുന്നു പ്രഭാകരനും അടുത്ത അനുയായികളും രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈന്യം കൊലപ്പെടുത്തുകയുമായിരുന്നു.
പ്രഭാകരനൊപ്പം വാഹനത്തിലുണ്ടായിരുന്ന ഭാര്യ മതിവദനി, മകൾ ദ്വാരക എന്നിവരും കൊല്ലപ്പെട്ടു. ഇളയമകൻ 12 വയസ്സുകാരൻ ബാലചന്ദ്രനെ ലങ്കൻ സൈന്യം കസ്റ്റഡിയിൽവെച്ച് നിഷ്ഠുരമായി കൊലപ്പെടുത്തി. പ്രഭാകരന്റെ മകൻ ചാൾസ് ആന്റണി അടക്കം എൽടിടിഇയുടെ മുതിർന്ന ആറു നേതാക്കളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇരുപത്തിനാലുകാരനായ ചാൾസ് പുലികളുടെ വ്യോമവിഭാഗം തലവനായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ