വാഷിങ്ടണ്‍: യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി വിചാരിച്ചാല്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തലിന് യുക്രെയ്ന്‍ വിട്ടുവീഴ്ച ചെയ്യണം. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ സെലന്‍സ്‌കിക്ക് യുദ്ധം ഉടന്‍ അവസാനിപ്പിക്കാമെന്നും ട്രംപ് അറിയിച്ചു.

നാറ്റോയില്‍ ചേരാനുള്ള മോഹം യുക്രെയ്ന്‍ ഉപേക്ഷിക്കണമെന്നും ട്രംപ് അറിയിച്ചു. 2014ല്‍ റഷ്യ പിടിച്ചടക്കിയ ക്രിമിയ തിരികെ ലഭിക്കില്ല. ചില കാര്യങ്ങള്‍ ഒരു കാലത്തും മാറില്ല എന്നും ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സെലന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ഇത്തരത്തിലൊരു നിലപാടിലേക്ക് ട്രംപ് എത്തിയത്.

ഇന്ന് വൈറ്റ് ഹൗസില്‍ ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി സെലന്‍സ്‌കി യുഎസിലെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നത്. അലാസ്‌കയില്‍ വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഉടന്‍ വെടിനിര്‍ത്തല്‍ എന്നതിനുപകരം നേരേ സമാധാന ഉടമ്പടിയുണ്ടാക്കുകയാണ് നല്ലതെന്ന് അലാസ്‌കയില്‍നിന്ന് വാഷിങ്ടണിലേക്ക് മടങ്ങവേ ട്രംപ് പറഞ്ഞിരുന്നു. അന്തിമ ഉടമ്പടിയില്‍ എത്തുംമുന്‍പ് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പുടിനും പറഞ്ഞു. നാറ്റോയില്‍ ചേരാനുള്ള യുക്രൈന്റെ ശ്രമങ്ങളെ തുടക്കംമുതലേ പുടിനും റഷ്യയും എതിര്‍ക്കുന്നുണ്ട്.

അതേസമയം സെലെന്‍സ്‌കിയുമായി ട്രംപ് തിങ്കളാഴ്ച വാഷിങ്ടണില്‍ നടത്തുന്ന ചര്‍ച്ചയില്‍ യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക് മെര്‍ത്സ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല ഫൊണ്ടെ ലെയ്ന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാന്‍ഡര്‍ സ്റ്റബ്സ് തുടങ്ങിയവരാണ് സെലെന്‍സ്‌കിയും ട്രംപും തമ്മിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

യുക്രെയ്‌നിലെ സ്ഥലങ്ങള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തേക്കും. അതേസമയം ചര്‍ച്ചയിലേക്ക് യൂറോപ്യന്‍ നേതാക്കള്‍ക്കും ക്ഷണമുണ്ട്. യുക്രെയ്‌ന് പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് യൂറോപ്യന്‍ യൂണിയനിലെ നേതാക്കളും വൈറ്റ് ഹൗസില്‍ വച്ച് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ ശക്തമായ പിന്തുണ സെലന്‍സ്‌കിക്കുണ്ടെന്ന സന്ദേശം കൂടി പകരുന്നതാണ് നേതാക്കളുടെ സാന്നിധ്യം.

യുക്രൈന്റെ കിഴക്കുള്ള പ്രദേശങ്ങളായ ഡൊണെട്സ്‌കും ലുഹാന്‍സ്‌കും വിട്ടുകൊടുത്താല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന പുടിന്റെ നിര്‍ദേശം തനിക്കു സ്വീകാര്യമാണെന്ന് സെലെന്‍സ്‌കിയും യൂറോപ്യന്‍ നേതാക്കളുമായി ശനിയാഴ്ച നടത്തിയ ഫോണ്‍സംഭാഷണത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഈ പ്രദേശങ്ങള്‍ വിട്ടുനല്‍കുന്നതിനു പകരമായി ഹെര്‍സോണ്‍, സപോറീസിയ എന്നിവിടങ്ങള്‍ക്കായുള്ള യുദ്ധം നിര്‍ത്താമെന്നും പുടിന്‍ പറഞ്ഞു. യുക്രൈന്റെ ഭാവിസുരക്ഷയ്ക്കുവേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതിനിടെ, ഞായറാഴ്ചയും യുക്രൈനും റഷ്യയും പരസ്പരം ഡ്രോണ്‍ ആക്രമണം നടത്തി. അറുപതിലേറെ ഡ്രോണുകളും ഇസ്‌കന്ദര്‍ മിസൈലും റഷ്യ അയച്ചെന്ന് യുക്രൈന്‍ വ്യോമസേന പറഞ്ഞു. റഷ്യയുടെ അതിര്‍ത്തി മേഖലകളിലേക്ക് യുക്രൈന്‍ 46 ഡ്രോണുകളയച്ചു. ഡൊണെട്സ്‌കില്‍ ശനിയാഴ്ച റഷ്യ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു.