- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിര്‍ത്തി കടന്ന് കിം ജോങ് ഉന്‍ ചൈനയിലെത്തി; വിമാനം ഒഴിവാക്കി ഉത്തര കൊറിയന്‍ നേതാവ് എത്തിയത് പ്രത്യേക ആഢംബര ട്രെയിനില്‍; കിമ്മിന് അതീവ സുരക്ഷയൊരുക്കി ചൈനീസ് സര്‍ക്കാര്‍; പുടിനും ഷി ജിന്‍പിങ്ങിനും ഒപ്പം കിം വേദി പങ്കിടും
അതിര്‍ത്തി കടന്ന് കിം ജോങ് ഉന്‍ ചൈനയിലെത്തി
ബിജിംഗ്: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അതിര്‍ത്തി കടന്ന് ചൈനയിലെത്തി. തലസ്ഥാനമായ ബീജിംഗില്‍ നടക്കുന്ന സൈനിക പരേഡില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാളെ ബുധനാഴ്ച നടക്കുന്ന വിജയദിന പരേഡില്‍ കിം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, മറ്റ് ലോക നേതാക്കള്‍ എന്നിവരുമായി ഉത്തരകൊറിയന്‍ നേതാവ് വേദി പങ്കിടും. ഇത്രയും രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരുമായി അദ്ദേഹം ആദ്യമായിട്ടായിരിക്കും ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്.
എപ്പോഴും വിമാനം ഒഴിവാക്കി തന്റെ പ്രിയപ്പെട്ട ട്രെയിനിലാണ് കിംജോങ് ഉന്‍ ചൈനയില്‍ എത്തുന്നത്. നേരത്തേയും അദ്ദേഹം ട്രെയിനില്‍ പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലാ വിധ സുരക്ഷാ സന്നാഹങ്ങളും ഉള്ള ഈ കവചിത ട്രെയിനില്‍ ഒരുവ ആഡംബര റെസ്റ്റോറന്റ് ഉള്‍പ്പെടുന്നുവെന്നാണ് പറയപ്പെടുന്നത്. സുരക്ഷയുടെ ഭാഗമായി ട്രെയിന്‍ വളരെ സാവധാനമാണ് സഞ്ചരിക്കുന്നത്.
ഏതാണ്ട് 24 മണിക്കൂറോളം സമയം കൊണ്ടാണ് ട്രെയിന്‍ ചൈനയില്‍ എത്തിയത്. 1959 ന് ശേഷം ഒരു ഉത്തരകൊറിയന്‍ നേതാവ് ചൈനീസ് സൈനിക പരേഡില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. മ്യാന്‍മര്‍, ഇറാന്‍, ക്യൂബ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഉള്‍പ്പെടെ 26 രാഷ്ട്രത്തലവന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉത്തരകൊറിയന്‍ നേതാവ് വിദേശ യാത്രകള്‍ നടത്തുന്നത് വളരെ അപൂര്‍വമാണ്. റഷ്യ ഉക്രെയ്ന്‍ അധിനിവേശത്തിനുശേഷം അദ്ദേഹം രണ്ടുതവണ റഷ്യന്‍
പ്രസിഡന്റ് പുട്ടിനെ മാത്രമാണ് കണ്ടിട്ടുളളത്.
രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന ഒരു പരിപാടിക്കായി 2019 ല്‍ അദ്ദേഹം അവസാനമായി ബീജിംഗ് സന്ദര്‍ശിച്ചു. ട്രെയിനിലാണ് അന്നും അദ്ദേഹം യാത്ര ചെയ്തത്. ട്രെയിന്‍ വഴി യാത്ര ചെയ്യുന്ന പാരമ്പര്യം ആരംഭിച്ചത് കിമ്മിന്റെ മുത്തച്ഛനായ കിം ഇല്‍ സുങ്ങാണ് - അദ്ദേഹം വിയറ്റ്നാമിലേക്കും കിഴക്കന്‍ യൂറോപ്പിലേക്കും ട്രെയിന്‍ യാത്രകള്‍ നടത്തി.
കിമ്മിന്റെ പിതാവ് കിം ജോങ് ഇല്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെയും 1930കളിലും 40കളിലും ജപ്പാനെതിരെ ചൈന നടത്തിയ ചെറുത്ത് നില്‍പ്പിന്റെയും ഓര്‍മ്മയ്ക്കായിട്ടാണ് പരേഡ് സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്ക പ്രധാന വെല്ലുവിളിയായി കണക്കാക്കുന്ന ഷി ജിന്‍ പിങ്ങും വ്ളാഡമിര്‍ പുടിനും കിം ജോങ് ഉന്നും ആദ്യമായാണ് ഒരേ വേദിയില്‍ ഒരുമിച്ചെത്തുന്നത്. റഷ്യയുമായി അടുത്ത സൈനിക ബന്ധം പുലര്‍ത്തുന്ന കിം ജോങ് ഉന്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനകളുണ്ട്.
യുക്രെയ്ന്‍ യുദ്ധത്തില്‍ സൈനികരെയും ആയുധങ്ങളെയും നല്‍കി ഉത്തരകൊറിയ റഷ്യയെ സഹായിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൈനയുമായും അടുത്ത ബന്ധമാണ് ഉത്തരകൊറിയ പുലര്‍ത്തുന്നത്. 2011ല്‍ അധികാരത്തിലെത്തിയതിന് ശേഷം അഞ്ച് തവണ ഉത്തരകൊറിയന്‍ നേതാവ് ചൈന സന്ദര്‍ശിച്ചിട്ടുണ്ട്. ഷാങ്ങ്ഹായി കോഓപ്പറേഷന്‍ സംഘടനയുടെ ഉച്ചകോടിയിലും ബെയ്ജിങ്ങില്‍ നടക്കുന്ന പരേഡില്‍ പങ്കെടുക്കുന്നതിനുമായി കഴിഞ്ഞ ഞായറാഴ്ചയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ചൈനയിലെത്തിയത്.