- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരിക്കലും നടക്കാത്ത കാര്യം'; കാനഡയെ അമേരിക്കയുടെ 51ാം സംസ്ഥാനമാക്കാമെന്ന് പറഞ്ഞ ട്രംപിന് ട്രൂഡോയുടെ മറുപടി; രാജ്യങ്ങള്‍ ലയിപ്പിക്കുന്നതിന്റെ സാധ്യത പോലും നിലനില്‍ക്കുന്നില്ലെന്ന് ട്രൂഡോ
'ഒരിക്കലും നടക്കാത്ത കാര്യം'
ഒട്ടാവ: കാനഡയെ യു.എസ്സില്‍ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് മറുപടിയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യങ്ങള്‍ ലയിപ്പിക്കുന്നതിന്റെ സാധ്യത പോലും നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം.
'കാനഡ യു.എസ്സിന്റെ ഭാഗമാകുന്നതിനുള്ള നേരിയ സാധ്യതപോലും ഇല്ല. വ്യാപാരത്തിലും സുരക്ഷയിലും വലിയ പങ്കാളികളായി തുടരുന്നതിന്റെ ആനുകൂല്യം ഇരുരാജ്യങ്ങളിലേയും തൊഴിലാളികള്‍ക്കും ജനസമൂഹത്തിനും ലഭിക്കുന്നു.' -ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. 'നോട്ട് എ സ്നോബോള്‍സ് ചാന്‍സ് ഇന്‍ ഹെല്‍' എന്ന ഇംഗ്ലീഷ് ശൈലി ഉപയോഗിച്ചാണ് ട്രംപിന്റെ യു.എസ്-കാനഡ ലയന നിര്‍ദേശത്തിന് ട്രൂഡോ മറുപടി പറഞ്ഞത്. 'ഒരിക്കലും നടക്കാത്ത കാര്യം' എന്നാണ് ഇംഗ്ലീഷ് ഭാഷയിലെ ഈ ശൈലിയുടെ അര്‍ഥം.
പ്രധാനമന്ത്രിക്ക് പിന്നാലെ കനേഡിയന്‍ വിദേശകാര്യ മന്ത്രിയും ട്രംപിനെതിരെ രംഗത്തെത്തി. ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ രാജ്യം മുട്ടുമടക്കില്ലെന്നാണ് വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞത്. കാനഡയെ കുറിച്ച് ട്രംപിന് യാതൊരു ധാരണയുമില്ലെന്നും അവര്‍ പറഞ്ഞു. 'ഞങ്ങളുടെ സമ്പദ്വ്യവസ്ഥ ശക്തമാണ്. ഞങ്ങളുടെ ജനങ്ങളും ശക്തരാണ്. ഭീഷണികള്‍ക്ക് മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല.' -കനേഡിയന്‍ വിദേശകാര്യമന്ത്രി എക്സിലൂടെ പറഞ്ഞു.
അതേസമയം കാനഡ യുഎസിന്റെ ഭാഗമാണെന്ന് കാണിക്കുന്ന പുതിയ ഭൂപടം ട്രംപ് പുറത്തുവിട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് ട്രംപ് ഈ മാപ്പ് പങ്കുവച്ചത്. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി കൂട്ടിച്ചേര്‍ക്കാന്‍ സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് പുതിയ ഭൂപടം പുറത്തിറക്കിയിരിക്കുന്നത്. 'ഓ കാനഡ' എന്നായിരുന്നു ഭൂപടത്തിന് ട്രംപ് നല്‍കിയ ക്യാപ്ഷന്‍. കാനഡയെ പിടിച്ചെടുക്കാന്‍ സൈനിക ശക്തി ഉപയോഗിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യം ട്രംപ് നിഷേധിച്ചു.
കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ നടക്കേണ്ട തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ താന്‍ പ്രധാനമന്ത്രിയായും ലിബറല്‍ പാര്‍ട്ടി തലവനായും തുടരുമെന്ന് ട്രൂഡോ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കാനഡയെ അമേരിക്കയുടെ ഭാഗമാക്കാനുള്ള നിര്‍ദേശം ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. കാനഡയില്‍ പലരും അമേരിക്കയ്ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. 51-ാമത്തെ സംസ്ഥാനമായി ചേര്‍ന്നാല്‍ നികുതി കുടിശ്ശിക ഒഴിവാക്കുകയും റഷ്യ, ചൈന ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.