- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ഒരുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാന്റെയും മരണത്തിൽ ഇന്ത്യയിൽ ഒരുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. ഈ സാഹചര്യത്തിൽ കൂടിയാണ് ദുഃഖാചരണം. നാളെ ഒരു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടാനും തീരുമാനമുണ്ട്.
അതേസമയം, ഇടക്കാല വിദേശകാര്യ മന്ത്രിയായി അലി ബഗേരിയെ മന്ത്രിസഭ നിയമിച്ചു. ഹെലികോപ്ടർ അപകടത്തിൽ വിദേശകാര്യമന്ത്രി അമിരാബ്ദൊള്ളാഹ്യൻ മരണപ്പെട്ടതോടെയാണ് ഇടക്കാല മന്ത്രിയെ നിയമിച്ചത്.
അതിനിടെ, ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ചോപ്പറിൽ സിഗ്നൽ സംവിധാനം പ്രവർത്തിച്ചിരുന്നില്ലെന്ന് തുർക്കിയിലെ ഗതാഗത മന്ത്രി അവകാശപ്പെട്ടു. സിഗ്നൽ സംവിധാനം ഒരുപക്ഷേ ഇല്ലായിരുന്നിരിക്കാം, അതല്ലെങ്കിൽ പ്രവർത്തിക്കുന്നുണ്ടായിരിക്കില്ല, മന്ത്രി പറഞ്ഞു.
അന്വേഷണത്തിൽ ഇറാനെ സഹായിക്കുമെന്ന് റഷ്യ
ഇറാൻ പ്രസിഡന്റ് അടക്കം അഞ്ചുപേർ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഇറാനെ സഹായിക്കുമെന്ന് റഷ്യ. ഹെലികോപ്ടർ തകർന്നതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ മോസ്‌കോ തയ്യാറാണെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു പറഞ്ഞു.
റഷ്യയുടെ യഥാർഥ സുഹൃത്തായിരുന്നു ഇബ്രാഹിം റഈസിയെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിക്ക് അയച്ച അനുശോചന സന്ദേശത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അനുസ്മരിച്ചിരുന്നു. റഷ്യയും തുർക്കിയയും അടക്കമുള്ള രാജ്യങ്ങൾ നൽകിയ സാങ്കേതിക സഹായം ഉപയോഗിച്ചാണ് കാണാതായ ഹെലികോപ്ടർ കണ്ടെത്തിയത്.
ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ഞായറാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപെട്ടത്. തെഹ്‌റാനിൽനിന്ന് 600 കിലോമീറ്റർ അകലെ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു.