- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ 'ഓപ്പറേഷൻ അജയ്' ദൗത്യം ഇന്ന് തുടങ്ങും; ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചു; യുദ്ധമുഖത്ത് കഴിയുന്ന 18000 ഇന്ത്യക്കാരെ കൂടാതെ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടി; എല്ലാവരെയും രക്ഷിക്കുമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇസ്രയേൽ -ഫലസ്തീൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇന്ത്യ ശ്രമം ഊർജ്ജിതമാക്കി. ഓപ്പറേഷൻ അജയ് എന്ന പേരിലാണു ദൗത്യ നടത്തുക. ഓപ്പറേഷന് ഇന്ന് വൈകുന്നേരത്തോടെ തുടക്കമാകും. ഓപ്പറേഷൻ അജയ്‌യിലൂടെ ഇസ്രയേലിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇന്ത്യക്കാരെ തിരികെ എത്തിക്കാനാണ് നീക്കം. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് വിവരം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ (ട്വിറ്റർ) അറിയിച്ചത്.
മടങ്ങാൻ രജിസ്റ്റർ ചെയ്തവരുടെ പട്ടിക തയ്യാറെന്നും അവരെ ഇന്ന് ഇന്ത്യയിലേക്കുള്ള ആദ്യ പ്രത്യേക വിമാനത്തിൽ എത്തിക്കുമെന്നും എംബസി അറിയിച്ചു. 18000 ഇന്ത്യക്കാരാണ് ഇസ്രയേലിൽ കഴിയുന്നത്. അതേസമയം ഫലസ്തീൻ അതിർത്തികളിൽ 17 ഇന്ത്യൻ പൗരന്മാർ കുടുങ്ങിയതായാണു വിവരം. ഇതിൽ നാലുപേർ സംഘർഷം ഏറ്റവും അധികം രൂക്ഷമായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗസ്സയിലാണ് കുടുങ്ങിയിട്ടുള്ളത്.
ഗസ്സയിലുള്ളവർ ആരും തന്നെ മലയാളികളല്ല. ഇതുവരെയായി ഗസ്സയിലുള്ള ഒരാൾ മാത്രമാണ് സഹായത്തിനായി ബന്ധപ്പെട്ടിട്ടുള്ളതെന്നും ആർഒഐ വ്യക്തമാക്കി. ഇസ്രയേൽഫലസ്തീൻ സംഘർഷം ആരംഭിച്ചപ്പോൾ മുതൽ തന്നെ ഇസ്രയേലിലേയും ഫലസ്തീനിലേയും ഇന്ത്യൻ പൗരന്മാർക്കായി സുരക്ഷാമുൻകരുതൽ സ്വീകരിക്കണമെന്ന് ആർഒഐ നിർദ്ദേശിച്ചിരുന്നു.
ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇസ്രയേലിൽ കുടുങ്ങിപ്പോയ മുഴുവൻ ഇന്ത്യാക്കെരെയും പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.
സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലിലും ഫലസ്തീനിലുമുള്ള ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്ാ. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ഇസ്രയേലിന്റെ ഗസ്സ ഉപരോധം നിയമവിരുദ്ധമാണെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു. ഫലസ്തീനുള്ള യൂറോപ്യൻ സഹായം തുടർന്നും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇസ്രയേലിനുണ്ട്. എന്നാൽ, അത് അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസരിച്ചാകണം. വലിയൊരു വിഭാഗം ജനത്തിന് ഭക്ഷണവും വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്.
ഫലസ്തീൻ ജനങ്ങളും ദുരിതം അനുഭവിക്കുകയാണെന്നും മസ്‌കത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഹമാസ് ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ വിമർശിച്ച് രംഗത്തെത്തുന്ന ആദ്യ യൂറോപ്യൻ യൂനിയൻ നേതാവാണ് ബോറെൽ.
ഇസ്രയേലിന്റെ ആക്രമണത്തിൽ പ്രകമ്പനം കൊള്ളുന്ന ഗസ്സയിലെ ഏക വൈദ്യുതിനിലയം ബുധനാഴ്ച ഉച്ചകഴിഞ്ഞ് പൂട്ടിയിട്ടുണ്ട് . ഇവിടേക്കുള്ള ഇന്ധനവിതരണം ഇസ്രയേൽ വിച്ഛേദിച്ചതോടെ നിലയംപൂട്ടാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. ഇതോടെ ഗസ്സ ഇരുട്ടിലായി. ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ആവശ്യം നിർവഹിക്കുന്നത്. എന്നാൽ, അതിനുള്ള ഇന്ധനവും കമ്മിയാണ്.
ശനിയാഴ്ച ഹമാസ് ഇസ്രയേലിൽ കടന്നുകയറി ആക്രമണം നടത്തിയതോടെ ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും ഇന്ധനവും മരുന്നും എത്തുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു. ഇസ്രയേലിനും ഈജിപ്തിനുമിടയിൽ മെഡിറ്ററേനിയൻ സമുദ്രതീരത്തുകിടക്കുന്ന ഗസ്സയിലെ 23 ലക്ഷം ഫലസ്തീൻകാരുടെ ജീവിതം ഇതോടെ പൂർണമായും ദുരിതത്തിലായി. തങ്ങളുടെ കരയതിർത്തിയിലൂടെ ഇവിടേക്ക് അവശ്യവസ്തുക്കളെത്തിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഈജിപ്ത് യു.എസുമായും യു.എന്നുമായും കൂടിയാലോചനനടത്തി. ഇതിന് താത്കാലിക വെടിനിർത്തൽ ആവശ്യമാണ്.
ഇസ്രയേലിനുനേരെയുള്ള ഹമാസിന്റെ ആക്രമണം തുടരുകയാണ്. ഗസ്സയിൽനിന്നു തൊടുത്ത റോക്കറ്റ് ഇസ്രയേലിന്റെ തെക്കുള്ള നഗരമായ ആഷ്‌കലോണിലെ കുട്ടികളുടെ ആശുപത്രിയിൽ പതിച്ചു. ആളപായമില്ലെന്ന് ആശുപത്രിവക്താവ് അറിയിച്ചു. അതിനിടെ, ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ള ഇസ്രയേലിലേക്ക് മിസൈലയച്ചു. ഇസ്രയേൽ വ്യോമസേന തിരിച്ചടിച്ചു.
ശത്രുവിനെ നേരിടാനായി ഒന്നിക്കാൻ ഇസ്രയേലിലെ ഭരണ-പ്രതിപക്ഷകക്ഷികൾ തീരുമാനിച്ചു. പ്രതിപക്ഷാംഗങ്ങളെയും ചേർത്ത് അടിയന്തര ദേശീയ സർക്കാർ രൂപവത്കരിക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ശ്രമത്തിന് മുൻ പ്രതിരോധമന്ത്രിയും പ്രതിപക്ഷാംഗവുമായ ബെന്നി ഗാന്റ്സ് പിന്തുണയറിച്ചു. നിയമവ്യവസ്ഥാപരിഷ്‌കരണം ഉൾപ്പെടെയുള്ള തീരുമാനങ്ങളിൽ സർക്കാരുമായി ഇടഞ്ഞുനിൽക്കുമ്പോഴാണ് ഹമാസിനെതിരേ ഒന്നിക്കാനുള്ള പ്രതിപക്ഷത്തിൽ ഒരുവിഭാഗത്തിന്റെ തീരുമാനം.
മറുനാടന് ഡെസ്ക്