- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാ വീട്ടിലും ബങ്കറുകൾ ഉള്ളതിനാൽ വലിയ ഭയമുണ്ടായില്ല; സൈറൺ കേട്ടതോടെ ഷെൽറ്ററിലേക്ക് മാറി; ഇസ്രയേൽ ഏറ്റവും സുരക്ഷിതമായ രാജ്യം'; രക്ഷാദൗത്യത്തിന് നന്ദി പറഞ്ഞ് ഡൽഹിയിലെത്തിയ ആദ്യ സംഘം
ന്യൂഡൽഹി: ഹമാസിനെതിരെ ഇസ്രയേൽ പോരാട്ടം കടുപ്പിക്കുന്നതിനിടെ ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് സുരക്ഷിതമായി മടങ്ങിയ ആദ്യ സംഘത്തിലെ മലയാളികൾ നാട്ടിലേക്ക് തിരിച്ചു. സുരക്ഷിതമായി തിരിച്ചെത്തിച്ചതിന് കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞുകൊണ്ടാണ് മിക്കവരും മാധ്യമങ്ങളോട് സംസാരിച്ചത്. ഇസ്രയേൽ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്നാണ് കരുതുന്നതെന്ന് അവിടെനിന്ന് പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിയവർ പറയുന്നു. ഓപ്പറേഷൻ അജയ് എന്ന ദൗത്യത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ആദ്യ വിമാനത്തിൽ വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയവരാണ് ഇക്കാര്യം പറഞ്ഞത്.
2019-ൽ ഇസ്രയേലിലെത്തിയ തനിക്ക് ആദ്യമായാണ് ഇത്തരത്തിൽ അനുഭവം ഉണ്ടാവുന്നതെന്ന് തിരിച്ചെത്തിയവരിൽ ഒരാൾ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും ഉടനെ തിരിച്ചുപോയി ജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പേടിപ്പെടുത്തുന്ന അനുഭവമായിരുന്നെങ്കിലും ഇസ്രയേലാണ് ഏറ്റവും സുരക്ഷിതമായ രാജ്യമെന്നാണ് താൻ കരുതുന്നത്. മികച്ച ഷെൽറ്ററുകളും മറ്റും അവിടെയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെയധികം ഭയപ്പെടുത്തുന്ന സാഹചര്യമായിരുന്നു. എന്നാൽ അത്യാധുനിക സംവിധാനങ്ങളും എല്ലാ വീട്ടിലും ബങ്കറുകൾ ഉള്ളതിനാൽ വലിയ ഭയപ്പാടുണ്ടായിരുന്നില്ല. ഇത്തവണ കുറച്ചുകൂടുതൽ ഗുരുതരമായ സാഹചര്യമായിരുന്നുവെന്ന് മറ്റൊരു യാത്രക്കാരൻ പറഞ്ഞു. ആദ്യദിനം ഞങ്ങൾ ഉറങ്ങുമ്പോൾ ആറരയോടെ സൈറൺ കേട്ടു. രണ്ടുവർഷമായി രാജ്യത്തുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു സാഹചര്യം. അഞ്ചുമാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് ആ സാഹചര്യത്തെ നേരിടുന്നത് പ്രയാസകരമായിരുന്നു. വീണ്ടും സൈറൺ കേട്ടതോടെ ഷെൽറ്ററിലേക്ക് മാറി. രണ്ടുമണിക്കൂറോളം ഇവിടെ കഴിഞ്ഞുവെന്നും തിരിച്ചെത്തിയവരിൽ ഇസ്രയേലിൽ ഗവേഷണം നടത്തുന്ന സ്ത്രീകളിൽ ഒരാൾ പറഞ്ഞു.
ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. ഇതിനായി കേന്ദ്രം ഓപ്പറേഷൻ അജയ് എന്ന പേരിൽ പ്രത്യേക ദൗത്യം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞവർ, വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റേയും മന്ത്രാലയത്തിന്റേയും പ്രവർത്തനത്തെ പ്രകീർത്തിച്ചു. ടെൽ അവീവിലെ എംബസി സമയോചിതമായി പ്രവർത്തിച്ചുവെന്നും അവർ പറഞ്ഞു.
കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് (എം.സി, പി.എച്ച് ഡി വിദ്യാർത്ഥി), കൊല്ലം കിഴക്കും ഭാഗം സ്വദേശി ഗോപിക ഷിബു (ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി), മലപ്പുറം പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത് (പി. എച്ച് ഡി വിദ്യാർത്ഥി), തിരുവനന്തപുരം സ്വദേശി ദിവ്യ റാം (പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർത്ഥിനി), പാലക്കാട് സ്വദേശി നിള നന്ദ (പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർത്ഥിനി), മലപ്പുറം ചങ്ങാരം കുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ രസിത ടി.പി (പോസ്റ്റ് ഡോക്ടറൽ വിദ്യാർത്ഥികൾ) എന്നിവരാണ് ഇസ്രയേലിൽ നിന്നുമെത്തിയ ആദ്യ സംഘത്തിലെ മലയാളികൾ.
മറുനാടന് മലയാളി ബ്യൂറോ