- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിഎ പോലെയൊ, മഹാഗഡ്ബന്ധൻ പോലെയൊ ഒരു കൂട്ടായ്മ; പ്രതിപക്ഷ സഖ്യത്തിന് പേട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ് എന്നുപേരിട്ടേക്കും; പട്നയുടെ തുടർച്ചയായി ഷിംലയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം; തങ്ങളെ പ്രതിപക്ഷ സഖ്യമെന്നല്ല, രാജ്യസ്നേഹികളുടെ കൂട്ടായ്മ എന്നാണ് വിളിക്കേണ്ടത് എന്ന് മമത പറഞ്ഞതും വെറുതെയല്ല
ന്യൂഡൽഹി: പട്‌നയിൽ ചേർന്ന പ്രതിപക്ഷ ഐക്യ സമ്മേളനം ഒരു തുടക്കം മാത്രമായിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ബിജെപിയെ കീഴടക്കാമെന്ന പ്രതീക്ഷയിൽ 15 കക്ഷികളാണ് പട്‌നയിലെ നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ ഒത്തുചേർന്നത്. എന്തായിരിക്കും ഈ സഖ്യത്തിന്റെ പേര്? പേട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ് അഥവാ പിഡിഎ എന്ന് നിശ്ചയിക്കുമെന്നാണ് സൂചന. അന്തിമ തീരുമാനം ഷിംലയിലെ അടുത്ത യോഗത്തിൽ ഉണ്ടാകും. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച, പട്‌നയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യേവേ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് ഇക്കാര്യം അറിയിച്ചത്. ഷിംല യോഗത്തിൽ സഖ്യത്തിന് അന്തിമരൂപമാകുമെന്നും രാജ പറഞ്ഞു. ജൂലൈ 10-12 വരെയുള്ള ഏതെങ്കിലും ദിവസമായിരിക്കും യോഗം. എൻഡിഎയെ തോൽപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം, അക്കാര്യത്തിൽ എല്ലാ പ്രതിപക്ഷ കക്ഷികൾക്കും വ്യക്തതയുണ്ടെന്നും ഡി രാജ പറഞ്ഞു.
പുതിയ സഖ്യം മതേതര-ജനാധിപത്യ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്ന പേരായിരിക്കും സ്വീകരിക്കുക. തമിഴ്‌നാട്ടിൽ, സെക്കുലർ ഡെമോക്രാറ്റിക് ഫ്രണ്ടും, ബിഹാറിൽ, മഹാഗഡ്ബന്ധനും ഉണ്ട്. പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി നിർത്തുന്ന തരത്തിൽ മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന പേരായിരിക്കും സഖ്യം തിരഞ്ഞെടുക്കുക എന്നാണ് ഡി രാജ വിശദീകരിച്ചത്.
2004 ൽ പൊതുതിരഞ്ഞെടുപ്പിന് ശേഷമാണ് കോൺഗ്രസും, ഇടുകക്ഷികളും മറ്റു പ്രാദേശിക കക്ഷികളും ചേർന്ന് യുപിഎ രൂപീകരിച്ച് കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്നത്. ബിഹാറിൽ 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആർജെഡി-ജെഡിയു, കോൺഗ്രസ്, ഇടതുകക്ഷികൾ കൈകോർത്ത് മഹാഗഡ്ബന്ധൻ രൂപീകരിച്ചിരുന്നു.
പേട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ് എന്ന് പ്രാഥമികമായി പേരു നിശ്ചയിച്ചതായ രാജയുടെ വെളിപ്പെടുത്തൽ, ആലോചനകൾ ഏതുവിധം പുരോഗമിച്ചു എന്നതിന്റെ സൂചനയാണ്. സീറ്റ് പങ്കിടൽ, പാർട്ടികളുടെ സീറ്റുപങ്കിടൽ ക്രമം തുടങ്ങിയ വിശദാംശങ്ങൾ ഷിംല യോഗം ചർച്ച ചെയ്യും.
പട്‌നയോഗത്തിന് ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ, തങ്ങളെ പ്രതിപക്ഷ കൂട്ടായ്മ എന്നുവിളിക്കരുത്, മറിച്ച് രാജ്യത്തെ പൗരന്മാരെന്ന നിലയ്ക്ക് ദേശസ്‌നേഹികളുടെ കൂട്ടായ്മ എന്നു വിളിക്കണം എന്ന് മമത ബാനർജി പറഞ്ഞത് ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാകുന്നു. പട്‌ന യോഗത്തിൽ, സഖ്യത്തിന്റെ പേരിനെ കുറിച്ച് കാര്യമായ ചർച്ചകൾ ഉണ്ടായില്ലെന്ന് ആർജെഡി നേതാക്കൾ പറഞ്ഞു. എന്തായാലും മോദിസർക്കാരിനെ താഴെയിറക്കുക എന്ന കാര്യത്തിൽ, എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ച് ശബ്ദം ഉയർത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ