സിഡ്‌നി: കൊളോണിയല്‍ ഭൂതകാലത്തിന്റെ പേരില്‍ ചൈന ഓസ്‌ട്രേലിയയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന ആവശ്യവുമായി ചൈനീസ് പ്രചാരകന്‍. 'ബീജിംഗ്ഡായി' എന്നറിയപ്പെടുന്ന ഇയാള്‍് ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ ഓസ്‌ട്രേലിയയെ ചൈനയുടെ സാമന്ത രാഷ്ട്രം എന്ന് മുദ്രകുത്തി ഒരു ഭൂപടം പങ്കിട്ടതോടെയാണ് വിവാദം ആരംഭിച്ചത്. ഇയാളുടെ പദ്ധതികള്‍ പ്രകാരം ന്യൂസിലാന്‍ഡ്, മ്യാന്‍മര്‍, സോളമന്‍ ദ്വീപുകള്‍ എന്നിവയ്ക്ക് ഒരേ വര്‍ഗ്ഗീകരണം നല്‍കും.

അതേസമയം തെക്കുകിഴക്കന്‍ ഏഷ്യയുടെ ഭൂരിഭാഗവും ചൈനയുടെ സ്വാധീന മേഖലയില്‍ വരും. തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖല മുഴുവന്‍ നേരിട്ട് അധിനിവേശം നടത്തുന്നതിന് പകരം ചെലവ് കുറഞ്ഞ ഒരു ബദലായിരിക്കും ഓസ്‌ട്രേലിയയുടെ മേല്‍ നടത്തുന്ന ഈ അധിനിവേശം എന്നാണ് രാജ്യസ്നേഹി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ പറയുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ വലിയ തോതിലുള്ള ജനസംഖ്യയുണ്ട്. ചൈന അവരെ കീഴടക്കുകയാണെങ്കില്‍ ഒരു പാട് കാര്യങ്ങള്‍ അവര്‍ക്കായി ചൈന ചെയ്യേണ്ടി വരും.

ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് എ്ന്നുമാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നിരുന്നാലും, ഓസ്‌ട്രേലിയയെ പിടിച്ചെടുക്കുന്നത് വളരെ ചെലവ് കുറഞ്ഞ ഒരു ഏര്‍പ്പാടാണ്. ഓസ്‌ട്രേലിയയ്ക്ക് ഏഴ് ദശലക്ഷം കിലോമീറ്ററിലധികം ഭൂമിയും സമൃദ്ധമായ വിഭവങ്ങളുമുണ്ട്. എന്നാല്‍ പക്ഷേ അവിടുത്തെ ജനസംഖ്യ ചൈനയിലെ ഷാങ്ഹായ് നഗരത്തേക്കാള്‍ കുറവാണെന്നും ബീജിംഗ്ഡായി പറയുന്നു. ഓസ്‌ട്രേലിയയുടെ കൊളോണിയല്‍ ചരിത്രം ചൈനീസ് അധിനിവേശത്തെ ചെലവ് കുറഞ്ഞതാക്കുക മാത്രമല്ല, ധാര്‍മ്മികമായി പ്രതിരോധാത്മകമാക്കുകയും ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൂടാതെ ധാര്‍മ്മികതയും നിയമസാധുതയും ഇല്ലാതെ തദ്ദേശീയ ജനതയെ വംശഹത്യ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയ നിര്‍മ്മിച്ചത് എന്നും അദ്ദേഹം എഴുതി. ചൈനീസ് മൂല്യങ്ങളില്‍, അത്തരമൊരു രാജ്യത്തിന്റെ പതനം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വരെ ഏകദേശം 500,000 പേരാണ് സോഷ്യല്‍ മീഡിയയില്‍ ഇത് കണ്ടത്. എന്നാല്‍ പലരും ഇതിനോട് രോഷത്തോടെയാണ് പ്രതികരിച്ചത്.

'ചൈന ഓസ്‌ട്രേലിയയെ ആക്രമിച്ചാല്‍, ലോകം മുഴുവന്‍ അവരോട് തിരിച്ചടിക്കേണ്ടി വരും എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. 'ചൈനയ്ക്ക് ഇപ്പോള്‍ ഒരു സൈനിക ശക്തി ഉണ്ടായിരിക്കാം, പക്ഷേ ഓസ്‌ട്രേലിയയുടെ സഖ്യകക്ഷികളായ എല്ലാ രാജ്യത്തിന്റെയും സൈന്യത്തെ നേരിടാന്‍ അവര്‍ക്ക് കഴിയുമോ എന്നും ചിലര്‍ ചോദിച്ചു. ചൈന ഓസ്‌ട്രേലിയയെ കീഴടക്കുന്നതിനെക്കുറിച്ചുള്ള ഗൗരവമേറിയ നിര്‍ദ്ദേശങ്ങളല്ല ഈ ആശയങ്ങളും പോസ്റ്റുകളും എന്നാണ് പല പ്രതിരോധ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഈയിടെ ഒരു ഓസ്ട്രേലിയന്‍ യുദ്ധ വിമാനത്തെ ചൈന തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്ന സന്ദര്‍ഭത്തിലാണ് ഈ ചര്‍ച്ചയും സജീവമാകുന്നത്.

ചൈന ഓസ്‌ട്രേലിയ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ നിയമവിരുദ്ധമായി നുഴഞ്ഞുകയറി എന്ന് ആരോപിച്ചിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ചൈന തായ്വാനെ ആക്രമിക്കാനുള്ള സാധ്യത 50 ശതമാനമാണെന്നാണ് ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. തായ്വാനെ ചൈന ആക്രമിച്ചാല്‍ ഓസ്‌ട്രേലിയയും സഖ്യകക്ഷികളും പ്രതിരോധത്തിന് വരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ നിര്‍ബന്ധിതരാകും, ഇത് ഒരു സംഘട്ടനത്തിലേക്ക് നയിക്കും എന്നാണ് കരുതപ്പെടുന്നത്.