അബുദാബി: യൂറോപ്യൻ പര്യടനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി യുഎഇയിൽ എത്തിയത്. അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തിന് ഊഷ്മള സ്വരകരണമാണ് ലഭിച്ചത്. അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തിൽ നേരിട്ട് വിമാനത്താവളത്തിൽ എത്തി മോദിയെ സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആചാരപരമായുള്ള വൻ സ്വീകരണമാണ് അബുദാബി വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ നിർണായക വിഷയങ്ങൾ കൈകാര്യം ചെയ്യുമെന്നാണ് സൂചന. ഇന്ത്യയും യുഎഇയും തമ്മിലെ വ്യാപാരക്കരാർ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങൾ ചർച്ചയാകും.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്റ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ജാബറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുമായി രൂപയിൽ വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സന്ദർശനം നിർണായകമാവും. ഇക്കാര്യത്തിൽ ഇന്ത്യയും യുഎഇയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചേക്കും.

ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ഇരു രാഷ്ട്രത്തലവന്മാരും വിലയിരുത്തും. ഡൽഹി ഐഐടിയുടെ ഓഫ് ക്യാംപസ് അബുദാബിയിൽ തുടങ്ങുന്നതാണ് രൂപ വിനിമയത്തിന് പുറമെ മറ്റൊരു പ്രധാന വിഷയം. ഇന്ത്യയിൽ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുഎഇയെ ഔദ്യോഗികമായി പ്രധാനമന്ത്രി ക്ഷണിക്കും.

ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി മടങ്ങും വഴിയാണ് നരേന്ദ്ര മോദി യുഎഇയിൽ എത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് മോദി പാരീസിലെത്തിയത്. ഫ്രാൻസിലെ സിവിലിയൻസൈനിക ബഹുമതികളിൽ ഏറ്റവും ഉന്നതമായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ മോദിക്ക് സമ്മാനിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
വെകിട്ടോടെ മോദി ഇന്ത്യയിലേക്ക് തിരിക്കും.