ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ ആതിഥ്യം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അയയ്ക്കില്ലെന്ന് ഉറപ്പായിരിക്കെ, ഈ വിഷയം അമേരിക്കന്‍ വക്താവിന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച് പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍. യുഎസ് വിദേശകാര്യ വകുപ്പിന്റെ എല്ലാ ദിവസവും നടക്കുന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് പാക് മാധ്യമപ്രവര്‍ത്തകന്‍ ചാമ്പ്യന്‍സ് ട്രോഫി വിഷയം ഉന്നയിച്ചത്.

യുഎസ് വക്താവും ഇന്ത്യന്‍ വംശജനുമായ വേദാന്ത് പട്ടേല്‍ പതിവ് വാര്‍ത്താ സമ്മേളനത്തിനായി എത്തിയപ്പോഴാണ്, ഇന്ത്യ ചാംപ്യന്‍സ് ട്രോഫിക്ക് ടീമിനെ അയയ്ക്കാത്തതില്‍ യുഎസിന്റെ നിലപാട് എന്താണെന്ന് പാക്ക് മാധ്യമപ്രവര്‍ത്തകന്‍ ആരാഞ്ഞത്. അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണെന്നും യുഎസിന് പ്രത്യേകിച്ച് നിലപാടൊന്നുമില്ലെന്നും വേദാന്ത് പട്ടേല്‍ മറുപടി നല്‍കുകയും ചെയ്തു.

ലോകകപ്പ് കഴിഞ്ഞാല്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് എന്ന് പരിചയപ്പെടുത്തിയാണ്, ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ ടീമിനെ അയയ്ക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയത്.

''പാക്കിസ്ഥാന്‍ ഒരു വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കാന്‍ പോവുകയാണ്' മാധ്യമപ്രവര്‍ത്തകന്റെ മുഖവുര. 'ക്രിക്കറ്റ്?' ആദ്യം ചോദ്യത്തിന്റെ സാംഗത്യം പിടികിട്ടാതെ വേദാന്ത് പട്ടേലിന്റെ മറുചോദ്യം. അതേക്കുറിച്ച് സംസാരിക്കാന്‍ തയാറെടുത്തിട്ടില്ലെന്നും, എന്തായാലും ചോദിക്കാനും പട്ടേലിന്റെ നിര്‍ദ്ദേശം. ഇതോടെ മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചു.

''ക്രിക്കറ്റ് ലോകകപ്പ് കഴിഞ്ഞാല്‍പ്പിന്നെ ഈ കായികയിനത്തിലെ പ്രധാന ടൂര്‍ണമെന്റാണിത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കേണ്ടതാണ്. പക്ഷേ, ടൂര്‍ണമെന്റ് പാക്കിസ്ഥാനില്‍ നടക്കുന്നതുകൊണ്ട് ടീമിനെ അയയ്ക്കില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട്. ഇന്ത്യന്‍ ടീം ഏറ്റവും ഒടുവില്‍ പാക്കിസ്ഥാനില്‍ വന്നത് 2008ലാണ്. പിന്നീട് രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ വന്നിട്ടില്ല. രാഷ്ട്രീയവും സ്‌പോര്‍ട്‌സും കൂട്ടിക്കലര്‍ത്തുന്നത് നല്ലതാണെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ? എന്താണ് താങ്കളുടെ നിലപാട്' ഇതായിരുന്നു പാക്ക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തില്‍ അമേരിക്കക്ക് ഒന്നും ചെയ്യാനില്ലെന്നും അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുകയാണ് വേണ്ടതെന്നും വേദാന്ത് പട്ടേല്‍ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പ്രശ്‌നങ്ങള്‍ ആ രാജ്യങ്ങള്‍ തന്നെയാണ് പരിഹാരം കാണേണ്ടതെന്നും അമേരിക്കക്ക് അതില്‍ റോളില്ലെന്നും പറഞ്ഞ വേദാന്ത് പട്ടേല്‍ സ്‌പോര്‍ട്‌സ് ആളുകളെ ഒരുമിപ്പിക്കാനുള്ള ശക്തമായ ഉപാധിയാണെന്നും വ്യക്തമാക്കി. ആളുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സ്‌പോര്‍ട്‌സിനെ ഉപയോഗിക്കുന്നതിനെ യുഎസ് സര്‍ക്കാര്‍ എക്കാലത്തും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂവെന്നും വേദാന്ത് പട്ടേല്‍ വ്യക്തമാക്കി.

ഇതോടെ, ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണെന്നായി വേദാന്ത് പട്ടേല്‍. ''ഇത് ഇന്ത്യപാക്ക് ബന്ധവുമായി ബന്ധപ്പെട്ടായതിനാല്‍, അവര്‍ തന്നെ കൈകാര്യം ചെയ്യുന്നതാണ് നല്ലത്. അവരുടെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് അവര്‍ തന്നെ സംസാരിക്കട്ടെ. ഇത് ഞങ്ങള്‍ ഇടപെടേണ്ട വിഷയമല്ല. എന്തായാലും സ്‌പോര്‍ട്‌സ് എല്ലാംകൊണ്ടും വളരെ കരുത്തേറിയ ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല' പട്ടേല്‍ പറഞ്ഞു.

അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ വേദിയാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനില്ലെന്നും ഹൈബ്രിഡ് മോഡലില്‍ കളിക്കാന്‍ തയാറാണെന്നും ബിസിസിഐ ഐസിസിയെ അറിയിച്ചിരുന്നു.ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനായി പാകിസ്ഥാനിലേക്ക് വരുന്നില്ലെങ്കില്‍ ടൂര്‍ണമെന്റ് തന്നെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും പാകിസ്ഥാനില്‍ ഉയര്‍ന്നിരുന്നു.