- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; പെട്രോളിനും ഡീസലിനും വില കൂട്ടാൻ പാക്കിസ്ഥാൻ; ഇനി ഡീസൽ ലീറ്ററിന് 295.64 രൂപ; രാജ്യത്ത് ഭീകരാക്രമണങ്ങൾ വർധിച്ചു; എംബസ്സിയിലെ കോൺസുലർ സെക്ഷൻ അടച്ചുപൂട്ടി ചൈന
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ പാക്കിസ്ഥാൻ. ഫെബ്രുവരി 16 മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 പാക്കിസ്ഥാൻ രൂപ വരെ വർധിപ്പിച്ചേക്കും. ജനങ്ങൾക്ക് ഇടിത്തീയായി ഇന്ധനവില കുത്തനെ കൂടുമെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പെട്രോളിനും ഡീസലിനും ലീറ്ററിന് 32 പാക്കിസ്ഥാൻ രൂപ വീതം കൂട്ടുമെന്നാണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 16 മുതൽ പുതിയ നിരക്ക് നിലവിൽ വരും.
രാജ്യാന്തര വിപണിയിൽ പെട്രോളിയം, എണ്ണ, ലൂബ്രിക്കന്റ് എന്നിവയുടെ വില അടുത്ത രണ്ടാഴ്ചയോളം വർധിച്ച നിരക്കിൽ തുടരും. ഇത് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ സർക്കാറിനെ നിർബന്ധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പെട്രോൾ വില 12.8 ശതമാനത്തോളവും ഡീസൽ വില 12.5 ശതമാനത്തോളവും വർധിക്കുമെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്. ഇവയ്ക്കു പുറമെ മണ്ണെണ്ണയുടെ വിലയും 14.8 ശതമാനം വർധിച്ചേക്കുമെന്നും സൂചനയുണ്ട്.
ഇതോടെ, പെട്രോൾ ലീറ്ററിന് 250ൽനിന്ന് 282 രൂപയാകും. ഡീസലിന് 12.5 ശതമാനം കൂട്ടുന്നതോടെ ലീറ്ററിന് വില 262.8ൽനിന്ന് 295.64 രൂപയാകും. മണ്ണെണ്ണവിലയിലും വർധനയുണ്ട്, 14.8 ശതമാനം. പുതുക്കിയ വില ലീറ്ററിന് 217.88 രൂപ.
പാക്ക് രൂപയുടെ മൂല്യം കുറയുന്നതും എണ്ണ ഇറക്കുമതിയുടെ ചെലവ് കൂടുന്നതുമാണ് ഇന്ധനവില വർധനയിൽ പ്രതിഫലിക്കുന്നത് എന്നാണു റിപ്പോർട്ട്. ഈ മാസമാദ്യം ഇന്ധനവില ലീറ്ററിന് 35 രൂപ കൂട്ടിയിരുന്നു. പാൽ, പച്ചക്കറി, മാംസം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കും രാജ്യത്തു വലിയ വിലക്കയറ്റമാണ്.
സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്ത് ഭീകരാക്രമണങ്ങൾ വർദ്ധിച്ചതോടെ ചൈനയും പാക്കിസ്ഥാനെ കൈവിടുന്നുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ എംബസ്സിയിലെ കോൺസുലർ സെക്ഷൻ അടച്ചുപൂട്ടി. സാങ്കേതിക കാരണങ്ങൾ കാരണമാണ് എംബസി പൂട്ടിയതെന്നാണ് വിശദീകരണം.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പു നൽകി ദിവസങ്ങൾക്കകമാണ് എംബസ്സിയിലെ ഒരു വകുപ്പ് അടച്ചുപൂട്ടുന്നത്. ചൈനയിലേക്കും തിരിച്ചുമുള്ള പഠന, വിനോദ, വ്യാപാര യാത്രകൾ, വീസ അനുവദിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് എംബസ്സികളിലെ കോൺസുലർ സെക്ഷനിൽ ചെയ്യുന്നത്.
അതേസമയം, വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പിൽ എന്താണ് 'സാങ്കേതിക പ്രശ്‌നമെന്ന്' വ്യക്തമാക്കിയിട്ടില്ല. എത്രനാൾ അടച്ചിടുമെന്നും അറിയിച്ചിട്ടില്ല. ''സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഇസ്ലാമാബാദിലെ ചൈനീസ് എംബസ്സിയുടെ കോൺസുലർ സെക്ഷൻ 2023 ഫെബ്രുവരി 13 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്'' അറിയിപ്പിൽ പറയുന്നു.
പാക് താലിബാന്റെ ആസൂത്രണത്തിൽ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. സർക്കാരുമായി ഒരു ഒത്തുതീർപ്പിനും പാക്ക് താലിബാൻ തയാറാകുന്നില്ല. മാത്രമല്ല, ചൈനയുടെ അഭിമാന പദ്ധതിയായ ചൈന പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി(സിപിഇസി)ക്കുവേണ്ടി പ്രവർത്തിക്കുന്ന ചൈനീസ് പൗരന്മാരെയും വിവിധ ഭീകരസംഘടനകൾ ലക്ഷ്യമിടുന്നു. കഴിഞ്ഞ ഏപ്രിലിൽ കറാച്ചിയിൽ മൂന്ന് ചൈനീസ് അദ്ധ്യാപകരെ വനിതാ ചാവേർ കൊലപ്പെടുത്തിയിരുന്നു.
ചൈനയെയും പാക്കിസ്ഥാനെയും ബന്ധപ്പെടുത്തി അറേബ്യൻ കടലിലേക്ക് റോഡ്, റെയിൽവേ, പൈപ്പ്ലൈനുകൾ, തുറമുഖങ്ങൾ എന്നിവ നിർമ്മിക്കുന്ന 65 ബില്യൺ യുഎസ് ഡോളർ പദ്ധതിയാണ് സിപിഇസി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇൻഫ്രാസ്ട്രക്ചർ ഇനീഷ്യേറ്റീവ് (ബിആർഐ) പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെ വിപുലപ്പെടുത്തുകയും ആധുനീകരിക്കുകയും ചെയ്യുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ